മിശ്രയ്ക്കും ഭുവിക്കുമുണ്ട്, ഇംഗ്ലണ്ടില്‍ കോഹ്‍ലിയേക്കാൾ മികച്ച ബാറ്റിങ് റെക്കോർഡ്!

അമിത് മിശ്ര, വിരാട് കോഹ്‍ലി, ഭുവനേശ്വർ കുമാർ

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റനിലെ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ കോഹ്‍ലിക്ക് മുട്ടിടിക്കുമോ? അതിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് കണക്കുകൾ നമുക്കു നൽകുന്ന ഉത്തരം. നാലു വർഷം മുൻപ് മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ നിരയിൽ കോഹ്‍‌ലി അമ്പേ പരാജയമായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ ബോളർമാരായ അമിത് മിശ്ര, ഭുവനേശ്വർ കുമാർ എന്നിവർ പോലും കോഹ്‍ലിയേക്കാൾ മികച്ച ബാറ്റിങ് പുറത്തെടുത്തു എന്നതിലുണ്ട്, കോഹ്‍ലി അനുഭവിക്കുന്ന സമ്മർദ്ദം.

സീമും സ്വിങ്ങും അരങ്ങുവാണ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്‍ലിയുടേത് തികച്ചും ദയനീയമായ പ്രകടനമായിരുന്നു. അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളിൽനിന്നായി കോഹ്‍ലിക്കു നേടാനായത് വെറും 134 റൺസ്! 13.40 ആയിരുന്നു ശരാശരി. 10 ഇന്നിങ്സുകളിൽ നാലു തവണയും പേസ് ബോളർ ജയിംസ് ആൻഡേഴ്സനു മുന്നിലാണ് കോഹ്‍ലി കീഴടങ്ങിയത്. ഇക്കുറി പോരാട്ടം കോഹ്‍ലിയും ആൻഡേഴ്സനും തമ്മിലാകുമെന്ന് പറയുന്നത് വെറുതെയാണോ?

ഇനി കോഹ്‍ലിയുടെ പ്രകടനത്തിന്റെ ദൈന്യത വെളിവാക്കുന്ന ചില കണക്കുകളിലേക്ക്. ഈ പര്യടനത്തിൽ ബോളർമാരായ അമിത് മിശ്ര, ഭുവനേശ്വർ കുമാർ എന്നിവർപോലും ബാറ്റിങ്ങിൽ കോഹ്‍ലിയേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഈ പരമ്പരയിലെ ഏറ്റവും മികച്ച ‘ബാറ്റ്സ്മാൻമാരിൽ’ ഒരാളായി മാറിയ ഭുവി, അഞ്ച് ടെസ്റ്റുകളിൽനിന്ന് 27.44 റൺസ് ശരാശരിയിൽ അടിച്ചുകൂട്ടിയത് 247 റൺസ്. മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പടെയാണിത്. കോഹ്‍‌ലിക്ക് ആ പരമ്പരയിൽ 10 ഇന്നിങ്സുകളിൽനിന്ന് ഒരു അർധസെഞ്ചുറി പോലും നേടാനായിരുന്നില്ലെന്ന് ഓർക്കണം!

അ‍ഞ്ചിൽ രണ്ടു ടെസ്റ്റിൽ മാത്രം അവസരം ലഭിച്ച ലെഗ് സ്പിന്നർ അമിത് മിശ്രയും നേടി കോഹ്‍ലിയേക്കാൾ റൺസ്! നാല് ഇന്നിങ്സുകളിൽ മാത്രം ബാറ്റു ചെയ്യാൻ അവസരം ലഭിച്ച മിശ്ര നേടിയത് 153 റൺസ്! അതും 38.25 റൺസ് ശരാശരിയിൽ. അതിൽ, ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ 84 റൺസും ഉൾപ്പെടുന്നു.

എന്തായാലും, ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും ചൂണ്ടിക്കാട്ടുന്നതുപോലെ, കഴിഞ്ഞ നാലു വർഷത്തെ കാലയളവിൽ ബാറ്റ്സ്മാനെന്ന നിലയിൽ കോഹ്‍ലി വളരെയധികം വളർന്നുകഴിഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്‍ലിയാണെന്നു കരുതുന്നവരാണ് അധികവും. ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനായ കോഹ്‍ലിക്ക്, ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഈ പരമ്പരയിലൂടെ മറികടക്കാനും അവസരമുണ്ട്. ബാക്കി കളത്തിൽ....