ഈ സെഞ്ചുറി രണ്ടാമതെന്ന് കോഹ്‍ലി; അഡ്‌ലെയ്ഡ് സെഞ്ചുറി അതുക്കും മേലെ!

എ‍ജ്ബാസ്റ്റനിൽ സെഞ്ചുറി പൂർത്തിയാക്കിയശേഷം കഴുത്തിലെ ചെയിനിൽ കൊരുത്തിട്ട വിവാഹമോതിരത്തിൽ ചുംബിക്കുന്ന വിരാട് കോഹ്‍ലി.

ബിർമിങ്ങം∙ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് എന്ന് ക്രിക്കറ്റ് ആരാധകരും നിരൂപകരും പുകഴ്ത്തുമ്പോഴും ഇംഗ്ലണ്ടിനെതിരെ എജ്ബാസ്റ്റനിൽ നേടിയ സെഞ്ചുറിക്ക് കോഹ്‍ലി നൽകുന്നത് രണ്ടാം സ്ഥാനം മാത്രം. 2014ൽ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ നേടിയ 141 റൺസാണ് കോഹ്‍ലി ഇന്നും മനസ്സോടു ചേർത്തുവയ്ക്കുന്ന ഇന്നിങ്സ്. ഈ മൽസരത്തിന്റെ ആദ്യ ഇന്നിങ്സിലും കോഹ്‍ലി സെഞ്ചുറി നേടിയിരുന്നെങ്കിലും ഇന്ത്യ 48 റൺസിന് തോറ്റിരുന്നു.

ഏതാണ് മികച്ച ഇന്നിങ്സെന്ന കാര്യത്തിൽ എനിക്കത്ര വ്യക്തതയില്ല. എങ്കിലും അ‍ഡ്‌ലെയ്ഡിനെ ഇന്നിങ്സിനു പിന്നിൽ ഇതു രണ്ടാമതു വരുമെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോഴും എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഇന്നിങ്സ് അഡ്‌ലെയ്ഡിലേതാണ്. അഞ്ചാം ദിനത്തിൽ 364 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ തോറ്റെങ്കിലും അന്ന് നേടിയ സെഞ്ചുറി എനിക്കേറ്റവും പ്രിയപ്പെട്ടതുതന്നെ – കോഹ്‍ലി പറഞ്ഞു.

ആ ഇന്നിങ്സ് കളിക്കുമ്പോൾ എന്താണ് വേണ്ടതെന്ന കാര്യത്തിൽ എന്റെയുള്ളിൽ കൂടുതൽ വ്യക്തതയും കൃത്യതയുമുണ്ടായിരുന്നു. സുവ്യക്തമായ ലക്ഷ്യം മുന്നില്‍വച്ചാണ് അന്ന് നമ്മൾ ബാറ്റു ചെയ്തത്. ലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റു ചെയ്യുന്നത് ഏറ്റവും സുന്ദരമായ കാര്യമാണ്. ഈ ഇന്നിങ്സും എനിക്കു പ്രിയപ്പെട്ടതു തന്നെ – കോഹ്‍ലി പറഞ്ഞു.

എജ്ബാസ്റ്റനിൽ ഇന്ത്യൻ ബാറ്റിങ് നിര കൂട്ടത്തോടെ തകർന്നപ്പോഴാണ് ക്യാപ്റ്റന്റെ ഇന്നിങ്സുമായി കോഹ്‍ലി രക്ഷകനായത്. ഇംഗ്ലണ്ട് മണ്ണിൽ ആദ്യമായി ഒരിന്നിങ്സിൽ 40 പിന്നിട്ട് സമ്മർദ്ദമകറ്റിയ കോഹ്‍ലി, പിന്നീട് തന്റെ മുന്നേറ്റം അർധസെഞ്ചുറിയിലേക്കും സെഞ്ചുറിയിലേക്കുമെത്തിച്ചു. നാലു വർഷം മുൻപ് 10 ഇന്നിങ്സുകളിൽനിന്ന് 134 റൺസ് നേടിയ സ്ഥാനത്താണ് ഇക്കുറി ഒരിന്നിങ്സിൽത്തന്നെ കോഹ്‍ലി 149 റൺസ് നേടിയത്.

182 റൺസിന് എട്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് ഒൻപത്, പത്ത് വിക്കറ്റുകളിൽ ഇഷാന്ത് ശർമയെയും ഉമേഷ് യാദവിനെയും കൂട്ടുപിടിച്ച് കോഹ്‍ലി നടത്തിയ രക്ഷാപ്രവർത്തനാണ് രക്ഷയായത്. ഒടുവിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 287 റൺസിന് 13 റൺസ് അകലെ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു.

മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനാകാതെ പോയതിൽ ചെറിയ നിരാശ തോന്നിയെന്നും കോഹ്‍ലി പറഞ്ഞു. സെഞ്ചുറി നേടുന്നത് മാത്രമല്ല പ്രധാനം. അതേ മികവ് തുടരുകയും വേണം. 274ന് പുറത്തായപ്പോൾ ചെറിയ നിരാശ തോന്നിയിരുന്നു. കാരണം 10–15 റൺസിന്റെ ലീഡ് നേടാൻ നമുക്ക് അവസരമുണ്ടായിരുന്നു. എന്തായാലും എന്റെ തയാറെടുപ്പുകളിൽ ഞാൻ സന്തോഷവാനാണ്. ഈ ലോകം എന്തു പറയുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല – കോഹ്‍ലി പറഞ്ഞു.

ഇംഗ്ലണ്ട് ബോളർമാരെ നേരിടുന്നത് ഒട്ടും അനായാസമായിരുന്നില്ലെന്നും കോഹ്‍ലി പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ വിക്കറ്റായിരുന്നു. ടീമിനെ മുന്നോട്ടു നയിക്കാൻ ഞാൻ ഈ വെല്ലുവിളി ഏറ്റെടുത്ത് ആസ്വദിച്ചു കളിച്ചേ തീരൂവെന്ന് മനസ്സിനോട് സ്വയം പറഞ്ഞുകൊണ്ടിരുന്നു. ശാരീരികവും മാനസികവുമായി നാം എത്ര കരുത്തരാണെന്നതിന്റെ കൂടി പരീക്ഷണമായിരുന്നു ഇത്. എന്തായാലും ആതിഥേയരുടെ സ്കോറിന് തൊട്ടടുത്തെത്താനായതിൽ എനിക്കു സന്തോഷമുണ്ട്. ടീമിനെ ഇത്തരത്തിൽ സഹായിക്കാനാകുന്നത് പറഞ്ഞറിയിക്കാവുന്നതിലും ആനന്ദകരമാണ് – കോഹ്‌ലി പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്സിൽ വാലറ്റം നൽകിയ സംഭാവനകളും നിസ്തുലമാണെന്ന് കോഹ്‍ലി എടുത്തുപറഞ്ഞു. ഹാർദിക് പാണ്ഡ്യയുടേത് വളരെ മികച്ച ഇന്നിങ്സായിരുന്നു. വാലറ്റത്ത് ഇഷാന്തും ഉമേഷ് യാദവും മികച്ച പ്രകടനം കാഴ്ചവച്ചു. അവരുടെ പിന്തുണയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.

കോഹ്‌ലിക്ക് ഏറെ പ്രിയപ്പെട്ട അഡ്‌ലെയ്ഡ് ഇന്നിങ്സ്

എജ്ബാസ്റ്റനിലെ സെഞ്ചുറിക്കും മേലെ കോഹ്‍ലി പ്രതിഷ്ഠിച്ച സെഞ്ചുറി 2014ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയതാണ്. കോഹ്‍ലി രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ മൽസരത്തിൽ ഇന്ത്യ 48 റൺസിനു തോറ്റിരുന്നു.

അന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് തിരഞ്ഞെടുത്തത് ബാറ്റിങ്. ഡേവിഡ് വാർണർ (145), മൈക്കൽ ക്ലാർക്ക് (128), സ്റ്റീവ് സ്മിത്ത് (പുറത്താകാതെ 162) എന്നിവരുടെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ട് നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 517 റൺസ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറിയുടെയും (115), മുരവി വിജയ് (53), അജിങ്ക്യ രഹാനെ (62) എന്നിവരുടെ അർധസെഞ്ചുറികളുടെയും മികവിൽ ഒന്നാം ഇന്നിങ്സിൽ 444 റൺസെടുത്തു. ഓസീസിന് 73 റൺസ് ലീഡ്.

വാർണർ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി (102) നേടുകയും സ്റ്റീവ് സ്മിത്ത് (64 പന്തിൽ 62) ഒരിക്കൽക്കൂടി ഇന്ത്യൻ ബോളർമാർക്ക് പിടിനൽകാതിരിക്കുകയും ചെയ്തതോടെ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്ത് ഓസീസ് ഡിക്ലയർ ചെയ്തു. അവസാന ദിനം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 364 റൺസ്.

സമനിലയ്ക്കായി കളിക്കുന്നതിനു പകരം വിജയം ലക്ഷ്യമിട്ട് ഇന്ത്യ പൊരുതിയതോടെ ആവേശകരമായി മാറിയ മൽസരത്തിൽ കോഹ്‍ലി രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടി. 175 പന്തിൽ 16 ബൗണ്ടറിയും ഒരു സിക്സും സഹിതം കോഹ്‍ലി നേടിയത് 141 റൺസ്. ഇന്ത്യൻ ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്ത മുരളി വിജയ് 234 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 99 റൺസെടുത്ത് പുറത്തായി. ഇവരെക്കൂടാതെ ഇന്ത്യൻ ഇന്നിങ്സിൽ രണ്ടക്കം കടന്നത് ചേതേശ്വർ പൂജാര (21), വൃദ്ധിമാൻ സാഹ (13) എന്നിവർ മാത്രം. ഒടുവിൽ 315 റൺസിന് എല്ലാവരും പുറത്താകുമ്പോൾ വിജയത്തിൽനിന്ന് 48 റൺസ് അകലെയായിരുന്നു ഇന്ത്യ. 34.1 ഓവറിൽ 152 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണാണ് ഇന്ത്യയെ തകർത്തത്. കോ‍ഹ്‌ലിെയ പുറത്താക്കിയതും ലിയോൺ തന്നെ. തോറ്റിട്ടും കോഹ്‍ലി നെഞ്ചോടു ചേർത്തു പിടിക്കുന്ന ഇന്നിങ്സാണ് ഇത്.