അദ്ഭുതങ്ങളില്ല, ആവേശ പ്രകടനങ്ങളും; ഒന്നാം ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് തോറ്റു

ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‍ലിയെ പുറത്താക്കിയ ബെൻ സ്റ്റോക്സിന്റെ ആഹ്ലാദം. പുറത്തായി മടങ്ങുന്ന കോഹ്‍ലിയെയും കാണാം.

ബർമിങ്ങാം ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി. 194 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 162 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 93 പന്തിൽ നാലു ബൗണ്ടറികളോടെ 51 റൺസെടുത്താണ് കോഹ്‍ലി മടങ്ങിയത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 14.2 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആൻഡേഴ്സൻ, സ്റ്റ്യുവാർട്ട് ബ്രോ‍ഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

സ്കോർ: ഇംഗ്ലണ്ട് – 287 & 180. ഇന്ത്യ – 274 & 162

ഇതോടെ അഞ്ചു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് ഒൻപതു മുതൽ ലോർഡ്സിൽ ആരംഭിക്കും. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി ഉൾപ്പെടെ മൽസരത്തിലാകെ 200 റൺസ് േനടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പോരാട്ടം വൃഥാവിലാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ തോൽവിയോടെ തുടക്കമിട്ടത്. ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും (65 പന്തിൽ 63) നേടിയ ഇരുപതുകാരൻ താരം സാം കുറാന്റെ പ്രകടനമാണ് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന കുറാനാണ് കളിയിലെ കേമനും.

കോഹ്‍ലി പൊരുതി, പക്ഷേ...

വിജയം പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി നാലാം ദിനം ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി പുറത്തായി. അഞ്ചിന് 110 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് നഷ്ടമായി. തലേന്നത്തെ സ്കോറിനോട് രണ്ടു റൺസ് കൂട്ടിച്ചേർത്ത് കാർത്തിക്കിനെ ജയിംസ് ആൻഡേഴ്സൻ സ്ലിപ്പിൽ ഡേവിഡ് മലാന്റെ കൈകളിലെത്തിച്ചു. അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ബെൻ സ്റ്റോക്സിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി കോഹ്‍ലി പുറത്തായി. 93 പന്തിൽ നാലു ബൗണ്ടറികളോടെയാണ് കോഹ്‍ലി 51 റൺസെടുത്തത്.

പിന്നാലെ മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇന്ത്യയുടെ കാര്യം കൂടുതൽ പരുങ്ങലിലാക്കി. മൂന്നു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തിൽ രണ്ടു ബൗണ്ടറികളോടെ 11 റൺസെടുത്ത ഇഷാന്ത് ശർമയെ ആദിൽ റഷീദ് എൽബിയിൽ കുരുക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാന വിക്കറ്റിൽ മാത്രമായി. 61 പന്തിൽ നാലു ബൗണ്ടറികളോടെ 31 റൺസെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലും കൂട്ടിന് ആളില്ലാതെ പോയത് വിനയായി. അവസാന വിക്കറ്റിന്റെ സമ്മർദ്ദത്തിൽ ബെൻ സ്റ്റോക്സിന്റെ പന്തിൽ അലസ്റ്റയർ കുക്കിന് പിടികൊടുത്ത് പാണ്ഡ്യയും മടങ്ങിയതോടെ ഇന്ത്യയുടെ പതനം പൂർണം.

നേരത്തെ, കോഹ്‌ലിയിൽ നിന്നു വീര്യമുൾക്കൊണ്ട് അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശർമയുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 180 റൺസിനു പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്ന വിജയലക്ഷ്യം 194 റൺസ്. ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 110 റൺസിനിടെ അഞ്ചു വിക്കറ്റുകൾ മൂന്നാം ദിനത്തിൽത്തന്നെ നഷ്ടമായി. മുരളി വിജയ്(ആറ്), ശിഖർ ധവാൻ(13), കെ.എൽ രാഹുൽ (13), അജിങ്ക്യ രഹാനെ (രണ്ട്), ആർ.അശ്വിൻ (13) എന്നിവരാണ് പുറത്തായത്. മൂന്നാം ദിനം അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ഇംഗ്ലണ്ടിനെ തകർത്ത് ഇഷാന്ത്

13 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം അശ്വിനും പിന്നീട് ഇഷാന്ത് ശർമയുമാണ് തകർത്തത്. ഇംഗ്ലണ്ടിൽ എന്നും ഉശിരു കാട്ടാറുള്ള ഇഷാന്ത് അഞ്ചു വിക്കറ്റും അശ്വിൻ മൂന്നു വിക്കറ്റും വീഴ്ത്തി. ഏഴിന് 87 എന്ന നിലയിൽ വൻതകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഇരുപതുകാരൻ സാം കുറാനാണ് രക്ഷിച്ചത്. ആദ്യ ഇന്നിങ്സിലെ ബോളിങ് വീര്യം ബാറ്റിങിലേക്കു പകർന്ന കുറാൻ 65 പന്തിൽ ആഞ്ഞടിച്ച 63 റൺസെടുത്തു– ഒൻപതു ഫോറും രണ്ടു സിക്സും. 28 റൺസെടുത്ത ബെയർസ്റ്റോയാണ് രണ്ടാം ടോപ് സ്കോറർ.

രണ്ടാം ദിവസത്തെ സ്കോറായ ഒന്നിന് ഒൻപത് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനെ അശ്വിൻ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. എട്ടാം ഓവറിൽ ലെഗ് സ്ലിപ്പിൽ രാഹുലിനു പിടി കൊടുത്ത് കീറ്റൺ ജെന്നിങ്സ് (എട്ട്) മടങ്ങി. റൂട്ട് നിലയുറപ്പിക്കുമെന്നു തോന്നിച്ചെങ്കിലും എട്ട് ഓവറുകൾക്കു ശേഷം അശ്വിൻ തന്നെ മടക്കി.

ഇഷാന്തിന്റെ ഊഴമായി പിന്നെ. മാലൻ (20), ബെയർസ്റ്റോ (28), സ്റ്റോക്ക്സ് (ആറ്), ബട്‌ലർ (ഒന്ന്) എന്നിവരെ ഇഷാന്ത് തന്നെ മടക്കിയതോടെ ഇംഗ്ലണ്ട് ഏഴിന് 87 എന്ന നിലയിൽ. തുടർന്നായിരുന്നു ആദിൽ റാഷിദിനെ (16) കൂട്ടു പിടിച്ച് കുറാന്റെ ഇന്നിങ്സ്. റാഷിദ് പുറത്തായതോടെ അന്ത്യം മനസ്സിലാക്കിയ കുറാൻ ഇഷാന്തിനെയും അശ്വിനെയും സിക്സറടിച്ച് ആളിക്കത്തി. ഒടുവിൽ പത്താമനായി കുറാൻ പുറത്താവുമ്പോഴേക്കും ഇംഗ്ലണ്ട് പൊരുതി നോക്കാവുന്ന സ്കോറിലെത്തിയിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയും സമാനമായ തകർച്ച നേരിട്ടു. ഓപ്പണർമാരായ വിജയിയെയും ധവാനെയും മടക്കി സ്റ്റുവർട്ട് ബ്രോഡാണ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം നൽകിയത്. രാഹുലിനെ സ്റ്റോക്ക്സും രഹാനെയെ കുറാനും അശ്വിനെ ആൻഡേഴ്സണും പുറത്താക്കി. ഒടുവിൽ കാർത്തിക് എത്തിയതോടെയാണ് ഇന്ത്യ ഒന്ന് ആശ്വസിച്ചത്.