കറൻ: കോഹ്‌ലിയെ നിഷ്പ്രഭനാക്കി ഇംഗ്ലണ്ടിന്റെ താരോദയം

ബർമിങ്ങാം∙ സാം കറന്റെ പേരിലുള്ള ക്രിക് ഇൻഫോ പേജ് ഒരു കൗതുകമാണ്. കറന്റെ പേജിൽനിന്നു തന്നെ മറ്റു നാലുപേരുടെ കൂടി പേജിലേക്കു പോകാം. മുത്തച്ഛൻ കെ.പി.കറൻ, അച്ഛൻ കെ.എം.കറൻ, സഹോദരങ്ങളായ ടി.കെ.കറൻ, ബി.ജെ.കറൻ എല്ലാവരും ക്രിക്കറ്റ് താരങ്ങൾ‌. കറൻ കുടുംബത്തിന്റെ കുലത്തൊഴിലാകുന്നു ക്രിക്കറ്റ്!

കുടുംബ മഹിമയിലേക്ക് ഏറ്റവും ഉജ്വലമായ അധ്യായം എഴുതിച്ചേർത്തയാൾ ഇരുപതുകാരനായ സാം തന്നെ. കളിച്ച രണ്ടാം ടെസ്റ്റിൽ തന്നെ മാൻ ഓഫ് ദ് മാച്ച്. ‘‘ഇന്നു ഞാൻ നന്നായി ഉറങ്ങും. ഇന്നലെ തീരെ ഉറങ്ങിയില്ല’’– കറന്റെ വാക്കുകൾ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഉജ്വല സെഞ്ചുറിയെ അപ്രസക്തമാക്കിയാണു കറന്റെ നേട്ടം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ കറൻ 65 പന്തിൽ നേടിയ 63 റൺസാണു കളി മാറ്റിമറിച്ചത്. രണ്ട് ഇന്നിങ്സിലുമായി കറൻ അഞ്ചു വിക്കറ്റും വീഴ്ത്തി.