കോഹ‍്‌ലിയെ രണ്ടുതവണ കൈവിട്ടു, വിജയിനെയും; മാലനെ ‘കൈവിട്ട്’ ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ മുരളി വിജയിന്റെ ക്യാച്ച് കൈവിട്ട ഡേവിഡ് മാലന്റെ പ്രതികരണം.

ലണ്ടൻ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തീർത്തും പരാജയമായി മാറിയ ഡേവിഡ് മാലനെ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽനിന്ന് ഒഴിവാക്കി. മാലനു പുറമെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപികളിൽ ഒരാളായ ബെൻ സ്റ്റോക്സും രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ല. പൊലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ട സാഹചര്യത്തിലാണ് സ്റ്റോക്സിനെ ഒഴിവാക്കിയത്. മാലനു പകരം യുവതാരം ഒലി പോപ്പിന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. സ്റ്റോക്സിനു പകരം ക്രിസ് വോക്സും ടീമിലെത്തി. ഓഗസ്റ്റ് ഒന്‍പതു മുതൽ ലോർഡ്സിലാണ് രണ്ടാം ടെസ്റ്റ്. ആദ്യ മൽസരം ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1–0ന് മുന്നിലാണ്.

ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായി മാറിയ ഇരുപതുകാരൻ താരം സാം കറന്റെ സമപ്രായക്കാരനാണ് മാലന് പകരം ടീമിലെത്തിയ ഒലി പോപ്പ്. കൗണ്ടിയിൽ സറെയുടെ താരമായ പോപ്, ഈ സീസണിൽ ഒന്നാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. 85.50 റണ്‍സ് ശരാശരിയിൽ 684 റൺസാണ് പോപ്പിന്റെ സമ്പാദ്യം.

അതേസമയം, ഒന്നാം ടെസ്റ്റിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന സ്പിന്നർ ഓഫ് സ്പിൻ ഓൾറൗണ്ടർ മൊയിൻ അലിയെയും യുവ പേസ് ബോളർ ജാമി പോർട്ടറെയും ടീമിൽ നിലനിർത്തി. ഇംഗ്ലണ്ട് ടീം ഇവരിൽനിന്ന്: ജോ റൂട്ട്, മൊയിൻ അലി, ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, സ്റ്റ്യുവാർട്ട് ബ്രോഡ്, ജോസ് ബട്‌ലർ, അലസ്റ്റയർ കുക്ക്, സാം കറൻ, കീറ്റൺ ജെന്നിങ്സ്, ഒലി പോപ്, ജാമി പോർട്ടർ, ആദിൽ റഷീദ്, ക്രിസ് വോക്സ്.

ഈ സീസണിൽ മാലൻ അത്ര മികച്ച ഫോമിലായിരുന്നില്ല. 11 ഇന്നിങ്സുകളിൽനിന്ന് നേടാനായത് 219 റൺസ് മാത്രം. അതിൽത്തന്നെ ആകെയുള്ളത് രണ്ട് അർധസെഞ്ചുറിയും. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലും 8, 20 എന്നിങ്ങനെയായിരുന്നു മലാന്റെ പ്രകടനം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങിനിർത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ രണ്ടു തവണ മാലൻ സ്ലിപ്പിൽ കൈവിട്ടിരുന്നു. കോഹ്‍ലിയുടെ സ്കോർ 21, 51 എന്നിങ്ങനെ നിൽക്കുമ്പോഴായിരുന്നു ഇത്. പിന്നീട് കുതിച്ചുകയറിയ കോഹ്‍ലി ടെസ്റ്റിലെ 22–ാം സെ‍ഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് നൽകിയ ക്യാച്ച് അവസരവും മാലൻ പാഴാക്കി.