തിരഞ്ഞെടുപ്പ് അടുക്കുന്നു; ഡൽഹിയിൽ ഷാ–ധോണി കൂടിക്കാഴ്ച

മഹേന്ദ്രസിങ് ധോണിയും അമിത് ഷായും കൂടിക്കാഴ്ച നടത്തിയപ്പോൾ.

ന്യൂഡൽഹി ∙ രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ട് പിന്തുണയഭ്യർഥിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ നാലു വർഷത്തിനിടെ കേന്ദ്രസർക്കാർ രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞ ഷാ, ബിജെപിക്ക് ധോണിയുടെ പിന്തുണ തേടി. ലോക്സഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ അകലെ നിൽക്കെയാണ് ഷാ–ധോണി കൂടിക്കാഴ്ച.

‘സമ്പർക്ക് ഫോർ സമർഥൻ’ പദ്ധതിയുടെ ഭാഗമായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ എം.എസ്. ധോണിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നാലു വർഷ കാലയളവിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം നേതൃത്വം നൽകുന്ന ബിജെപി സർക്കാരും രാജ്യത്തിനായി ചെയ്ത സമാനതകളില്ലാത്ത സേവനങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു – കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

‘സമ്പർക്ക് ഫോർ സമർഥൻ’ എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ടു പിന്തുണയഭ്യർഥിക്കാൻ ബിജെപി മുൻകയ്യെടുക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും തുടങ്ങി പഞ്ചായത്ത് അംഗങ്ങൾവരെ നാലായിരത്തോളം പേരാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്. വ്യവസായി രത്തൻ ടാറ്റ, ബോളിവുഡ് താരം മാധുരി ദീക്ഷിത് എന്നിവരുമായി ഷാ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണു പരിപാടിയെന്നു പറയുമ്പോഴും 2019ലെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണിതെന്നു വ്യക്തം. മോദി ഭരണത്തെക്കുറിച്ചു സംവദിച്ചും പിന്തുണ തേടിയുമാണു യാത്ര. അതേസമയം, ഭരണം നിലനിർത്തുന്നതിന്റെ ഭാഗമായി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ സ്ഥാനാർഥികളാക്കാൻ ബിജെപി ശ്രമിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ഇതിനിടെയാണ് ധോണി–അമിത് ഷാ കൂടിക്കാഴ്ച.