രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് ടീമിൽ സ്റ്റോക്സിനു പകരം വോക്സ്; മാലനു പകരം പോപ്പ്

ബെൻ സ്റ്റോക്സ്

ലണ്ടൻ∙ ഇന്ത്യക്കെതിരെ ലോഡ്സിൽ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ബെൻ സ്റ്റോക്സിനെയും ഡേവിഡ് മാലനെയും ഒഴിവാക്കി. ഇംഗ്ലണ്ട് ജയിച്ച് ആദ്യ ടെസ്റ്റിൽ തിളങ്ങിയ സ്റ്റോക്സിന് ഒരു അടിപിടി കേസിൽ ബ്രിസ്റ്റൽ കോടതിയിൽ ഹാജരാകേണ്ടതുള്ളതുകൊണ്ടാണ് ഒഴിവാക്കിയത്. പകരം ഓൾറൗണ്ടർ ക്രിസ് വോക്സിനെ ടീമിലുൾപ്പെടുത്തി. 

വലതുകാൽമുട്ടിനു പരുക്കേറ്റ് ചികിത്സയിലായിരുന്ന വോക്സ് കഴിഞ്ഞ ആഴ്ചകളിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും ഒരു ഫസ്റ്റ് ക്ലാസ് മത്സരവും കളിച്ച് കായികക്ഷമത വീണ്ടെടുത്തത് തെളിയിച്ചിരുന്നു.

ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പരാജയപ്പെട്ട മാലനു പകരം സറെയുടെ വലംകൈയൻ ബാറ്റ്സ്മാൻ ഒല്ലി പോപ്പിനെ ടീമിലുൾപ്പെടുത്തി.

ആദ്യ ഇന്നിങ്സിൽ എട്ടിനും രണ്ടാം ഇന്നിങ്സിൽ 20നും പറുത്തായ മാലൻ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ സ്ലിപ്പിൽ 21ലും 51ലും വിരാട് കോഹ്‍ലിയെയും രണ്ടാം ഇന്നിങ്സിൽ മുരളി വിജയിനെയും വിട്ടുകളഞ്ഞിരുന്നു. 

ഈ സീസണിൽ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 62.25 ശരാശരിയിൽ 1012 റൺസെടുത്ത് പോപ്പ് മികച്ച ഫോമിലാണ്.