ഗോൾഫിൽ ഭാഗ്യം പരീക്ഷിക്കാൻ പോയ ആൻഡേഴ്സന് പറ്റിയ അമളി – വിഡിയോ

ആൻഡേഴ്സൻ അടിച്ച പന്ത് മരത്തിൽത്തട്ടി തെറിച്ചപ്പോൾ.

ലണ്ടൻ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചശേഷം ഗോൾഫിൽ ‘ഭാഗ്യം പരീക്ഷിക്കാ’ൻ പോയ ഇംഗ്ലണ്ട് പേസ് ബോളർ ജയിംസ് ആന്‍ഡേഴ്സന് അപകടം പിണഞ്ഞു. ബക്കിങ്ഹാംഷയറിലെ സ്റ്റോക് പാർക്കിലെ ഗോൾഫ് കോഴ്സിലാണ് ഇംഗ്ലണ്ട് ടീമിലെ സഹതാരം സ്റ്റ്യുവാർട്ട് ബ്രോഡിനൊപ്പം ആൻഡേഴ്സൻ ഗോൾഫ് കളിക്കാനെത്തിയത്. ആൻഡേഴ്സൻ അടിച്ച പന്ത് സമീപത്തെ മരത്തിൽത്തട്ടി തിരിച്ചുവന്ന് ആൻഡേഴ്സന്റെ മുഖത്തിടിക്കുകയായിരുന്നു.

ഗുരുതരമായ പരുക്കിന് കാരണമായേക്കാവുന്ന രീതിയിലാണ് പന്ത് ആൻഡേഴ്സന്റെ മുഖത്തിടിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവരികയും ചെയ്തു. എന്നാൽ, ആന്‍ഡേഴ്സന് കുഴപ്പമൊന്നുമില്ലെന്ന് അദ്ദേഹത്തിനൊപ്പം ഗോൾഫ് കളിക്കാനെത്തിയ സ്റ്റ്യുവാർട്ട് ബ്രോഡ് ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വിങ്ങ് ബോളിങ്ങിലൂടെ ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്ന ആൻഡേഴ്സൻ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പർ ബോളറാണ്.