മുഹമ്മദ് സിറാജിന് 10 വിക്കറ്റ് ; ഇന്ത്യൻ എ ടീമിന് ഇന്നിങ്സ് വിജയം

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ചതുർദിന ടെസ്റ്റിൽ പത്തു വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്. ശ്രേയസ് അയ്യര്‍ പിന്നില്‍.

ബെംഗളൂരു ∙ പേസർ മുഹമ്മദ് സിറാജ് 10 വിക്കറ്റ് നേട്ടത്തോടെ തിളങ്ങിയ മൽസരത്തിൽ, ‘ദക്ഷിണാഫ്രിക്ക എ’ ടീമിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ‘ഇന്ത്യ എ’ ടീമിന് വിജയം. അവസാന ദിവസം കളി അവസാനിക്കാൻ ഒരു ഓവറും ഒരു പന്തും മാത്രം ബാക്കിയുള്ളപ്പോൾ, ഇന്നിങ്സിനും 30 റൺസിനുമാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 56 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സിറാജ് രണ്ടാം ഇന്നിങ്സിലും ഇതേ പ്രകടനം ആവർത്തിച്ചു. 73 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്.  ആദ്യമായാണ് സിറാജ് 10 വിക്കറ്റ് നേട്ടത്തിന് അർഹനാവുന്നത്. 

സ്കോർ: ദക്ഷിണാഫ്രിക്ക എ: ഒന്നാം ഇന്നിങ്സ്– 246, രണ്ടാം ഇന്നിങ്സ് – 128. 5 ഓവറിൽ 308, ഇന്ത്യ: ഒന്നാം ഇന്നിങ്സ് – എട്ടിന് 584 ഡിക്ലയേഡ്. 

കളിയിലെ അവസാന വിക്കറ്റ് പേരിലാക്കിയ മുഹമ്മദ് സിറാജ്, 10 വിക്കറ്റ് നേട്ടവും ഇന്ത്യയുടെ വിജയവും ഒന്നിച്ച് ആഘോഷിച്ചു. എന്നാൽ, ദക്ഷിണാഫ്രിക്കയുടെ മധ്യനിര ചെറുത്തുനിന്നതോടെ, അവസാനത്തെ ആറു വിക്കറ്റു വീഴ്ത്താൻ അവസാന ദിവസം 88.5 ഓവറുകളാണ് ഇന്ത്യൻ ബോളർമാർക്ക് പന്തെറിയേണ്ടി വന്നത്. ആറാം വിക്കറ്റിൽ റൂഡി സെക്കൻഡും (94) റോൺ വോൻ വെർഗും (50) ചേർന്നു 119 റൺസാണെടുത്തത്.   ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് 50 ഓവറോളം പന്തെറിയേണ്ടി വന്നു.    നേരത്തേ, മായങ്ക് അഗർവാൾ (220), പൃഥ്വി ഷാ (136) എന്നിവരു‍ടെ തകർപ്പൻ പ്രകടനത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ എട്ടിന് 584 എന്ന സ്കോറിലെത്തിയത്.