ജാഡയേതുമില്ലാതെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനും അർജുൻ തെൻഡുൽക്കർ

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റിലെ താരരാജാവിന്റെ മകനായിരിക്കാം. ലോർഡ്സിലെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ ഇത്തരം ഇതൊന്നും അർജുൻ തെൻഡുൽക്കറെന്ന യുവ ക്രിക്കറ്റ് താരത്തിന് തടസ്സമല്ല. എന്തായാലും ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴ മുടക്കുമ്പോഴും വാർത്തകളിൽ നിറയുകയാണ് സച്ചിൻ മകൻ അർജുൻ. മഴ പെയ്യുമ്പോൾ പിച്ച് മൂടാനും മൈതാനം വൃത്തിയാക്കാനുമൊക്കെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന അർജുന്റെ നല്ല മനസ്സിന് കയ്യടിക്കുകയാണ് കായികലോകം.

അർജുൻ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുമ്പോൾ ഗാലറിയിൽ ഇതിനെല്ലാം സാക്ഷിയായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുമുണ്ടായിരുന്നു. അർജുന്റെ നല്ല മനസ്സിനെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതർ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

ശ്രീലങ്കയിൽ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അർജുൻ തെൻഡുൽക്കർ. ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതെ പോയതോടെയാണ് അർജുൻ ലണ്ടനിലേക്ക് പറന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുൾപ്പടെയുള്ള താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞുകൊടുക്കാനും ഇടംകയ്യൻ പേസ് ബോളറായ അർജുനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കളിക്കിടെ മഴയെത്തുമ്പോഴെല്ലാം ഗ്രൗണ്ട് സ്റ്റാഫിനു സഹായമായും അർജുനെത്തിയത്.