Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ടെസ്റ്റ്: ഇന്ത്യ 107 റൺസിനു പുറത്ത്, ആൻഡേഴ്സന് അഞ്ച് വിക്കറ്റ്

CRICKET-IND-ENG അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആൻഡേഴ്സന്റെ ആഹ്ലാദം

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി പൂർണമായും രണ്ടാം ദിവസത്തെ കളിയുടെ സിംഹഭാഗവും മഴ മൂലം നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വകയില്ല.  ബാറ്റ്സ്മാൻമാരെ വട്ടം കറക്കിയ ഇംഗ്ലിഷ് പേസ് പട ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിനു ചുരുട്ടിക്കെട്ടി.  മുരളി വിജയ് (0), ലോകേഷ് രാഹുൽ (എട്ട്), ചേതേശ്വർ പൂജാര (ഒന്ന്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (24), ഹാർദിക് പാണ്ഡ്യ (11), ദിനേഷ് കാർത്തിക് (ഒന്ന്), അജിൻക്യ രഹാനെ (18), ആർ. അശ്വിൻ (29), കുൽദീപ് യാദവ് (പൂജ്യം), മുഹമ്മദ് ഷമി (10), ഇഷാന്ത് ശർമ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.

ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൻ അഞ്ചു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ് രണ്ടും സ്റ്റുവർട്ട് ബ്രോഡ്, സാം കറാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി. 

ആൻഡേഴ്സണ് മുന്നിൽ ഇന്ത്യ വീണു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ മുരളി വിജയിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ചു പന്തുകൾ നേരിട്ട വിജയ്, റണ്ണൊന്നുമെടുക്കാതെ ജയിംസ് ആന്‍ഡേഴ്സന്റെ പന്തിൽ ക്ലീൻബോൾഡായി. ഇതോടെ ഒരു ഓവറിൽ സ്കോർബോർഡിൽ റണ്ണെത്തും മുന്‍പേ ഒരു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായി ഇന്ത്യ.‍

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ലോകേഷ് രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. 14 പന്തിൽ രണ്ടു ബൗണ്ടറികളോടെ എട്ടു റൺസെടുത്ത രാഹുലിനെ ആൻഡേഴ്സൻ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ കോഹ്‍ലിക്കു കൂട്ടായി‌‌ പൂജാരയെത്തിയെങ്കിലും തൊട്ടുപിന്നാലെ മഴ കളിമുടക്കി. അപ്പോൾ ഇന്ത്യൻ സ്കോർ 6.3 ഓവറിൽ രണ്ടിന് 11 റൺസ്. മഴ നീണ്ടുപോയതോടെ ഉച്ചഭക്ഷണം നേരത്തെയാക്കി.

നീണ്ട ഇടവേളയ്ക്കുശേഷം മഴ പുനഃരാരഭിച്ചെങ്കിലും അതും ഇന്ത്യയ്ക്ക് സമ്മാനിച്ചത് നഷ്ടം മാത്രം. സ്കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ ചേതേശ്വർ പൂജാര റണ്ണൗട്ടായി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ‘വിഖ്യാതമായ റണ്ണൗട്ടു’കൾക്കുശേഷം ഇംഗ്ലണ്ടിലും പൂജാര റണ്ണൗട്ട്. ഇക്കുറി പക്ഷേ പൂജാരയുടെ പിഴവിനേക്കാൾ ക്യാപ്റ്റൻ കോഹ്‍ലിയായിരുന്നു പുറത്താകലിന് കാരണക്കാരൻ. ആൻഡേഴ്സന്റെ പന്ത് പോയിന്റിലേക്ക് കളിച്ച പൂജാരയെ കോഹ്‍ലി റണ്ണിനായി വിളിച്ചു. പൂജാര ഓടി പിച്ചിന്റെ പാതിവഴിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി കോഹ്‍ലി തിരിച്ചോടി. പന്തു കൈക്കലാക്കിയ അരങ്ങേറ്റതാരം ഒലീ പോപ്പ് നിഷ്പ്രയാസം ബെയ്‌ലിളക്കി. ഇന്ത്യൻ സ്കോർ 8.3 ഓവറിൽ മൂന്നിന് 15. പൂജാരയ്ക്കു പകരക്കാരൻ മൈതാനത്തിറങ്ങും മുൻപ് മഴ ചാറിയതോടെ അംപയർമാർ കളി വീണ്ടും നിർത്തിവച്ചു.

മഴ പിൻമാറിയതോടെ വീണ്ടും കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് കോഹ്‍ലി–രഹാനെ കൂട്ടുകെട്ട് സമ്മാനിച്ച്. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ഇന്ത്യയെ 50 കടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ക്രിസ് വോക്സിന്റെ പന്തിൽ കോഹ്‍ലി പുറത്ത്. വോക്സിന്റെ സ്വിങ്ങിനു മുന്നിൽ ചൂളിയ കോഹ്‍ലിയെ സ്ലിപ്പിൽ ജോസ് ബട്‍ലർ പിടികൂടി. ആറാമനായെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും അധികം ആയുസ്സുണ്ടായില്ല. ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ നേടിയ രണ്ടു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത പാണ്ഡ്യയെയും വോക്സ് ബട്‌ലറിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ കാർത്തിക്കിന്റെ പ്രതിരോധം സാം കറനു മുന്നിൽ തകർന്നതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റും നഷ്ടം. ആൻഡേഴ്സന്റെ പന്തിൽ കുക്കിന് ക്യാച്ച് നൽകിയാണ് രഹാനെ പുറത്തായത്. അശ്വിൻ സ്റ്റുവർട്ട് ബ്രോ‍ഡിനും കുൽദീപ് ആൻഡേഴ്സണും വിക്കറ്റ് സമ്മാനിച്ചു. ഇഷാന്ത് ശർമയെ റണ്ണൊന്നും നേടാൻ അനുവദിക്കാതെ ആൻഡേഴ്സൺ പറഞ്ഞയച്ചു. പത്തു റൺസുമായി മുഹമ്മദ് ഷമി ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. 

ധവാൻ, ഉമേഷ് ‘ഔട്ട്’, പൂജാര, കുൽദീപ് ‘ഇൻ’

തുടർച്ചയായ രണ്ടാം മൽസരത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇക്കുറി ബോളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ ഇന്ത്യയും ഇംഗ്ലണ്ടും രണ്ടുവീതം മാറ്റം വരുത്തി. ആദ്യ ടെസ്റ്റിൽ തീർത്തും പരാജയപ്പെട്ട ശിഖർ ധവാനു പകരം ചേതേശ്വർ പൂജാര ടീമിലെത്തി. ഉമേഷ് യാദവിനു പകരം സ്പിന്നർ കുൽദീപ് യാദവും ടീമിൽ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിരയിൽ ഇരുപതുകാരനായ ഒലി പോപ്പിന്റെ അരങ്ങേറ്റത്തിനും വേദിയൊരുങ്ങി. ടീമിൽനിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് മാലനു പകരമാണ് ഒലീ പോപ്പ് ടീമിലെത്തിയത്. അടിപിടിക്കേസിൽപ്പെട്ട് വിചാരണയ്ക്കായി ടീമിൽനിന്ന് വിട്ടുനിൽക്കുന്ന ബെൻ സ്റ്റോക്സിനു പകരം ക്രിസ് വോക്സും ടീമിലെത്തി.

രണ്ടാം ടെസ്റ്റിൽ രണ്ടു പേസ് ബോളർമാരും രണ്ടു സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. പേസ് ദ്വയമായ ഇഷാന്ത് ശർമ–മുഹമ്മദ് ഷാമി സഖ്യത്തിനൊപ്പം ഹാർദിക് പാണ്ഡ്യ മൂന്നാം പേസ് ബോളറുടെ വേഷത്തിലുണ്ട്. രവിചന്ദ്രൻ അശ്വിനൊപ്പം കുൽദീപ് യാദവാണ് രണ്ടാം സ്പിന്നർ. കഴിഞ്ഞ മൽസരത്തിൽ വൺഡൗണായെത്തിയ ലോകേഷ് രാഹുൽ ധവാന്റ അഭാവത്തിൽ മുരളി വിജയിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തു. ചേതേശ്വർ പൂജാര വൺ ഡൗണായെത്തി.

ടീമുകൾ ഇങ്ങനെ

ഇന്ത്യൻ ടീം: മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ

ഇംഗ്ലണ്ട് ടീം: അലസ്റ്റയർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട് (ക്യാപ്റ്റൻ), ഒലീ പോപ്പ്, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ജോസ് ബട്‍ലർ, ക്രിസ് വോക്സ്, സാം കറൻ, ആദിൽ റഷീദ്, സ്റ്റ്യുവാർട്ട് ബ്രോ‍ഡ്, ജയിംസ് ആൻഡേഴ്സൻ

related stories