കോഹ്‍ലി ഇതിഹാസ പദവിക്കടുത്തല്ല, ഇതിഹാസമാണ്: സഹീർ അബ്ബാസ്

ലണ്ടൻ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ തൊട്ടടുത്താണെന്ന തരത്തിൽ ചർച്ചകൾ പൊടിപൊടിക്കുമ്പോൾ, കോഹ്‍ലി ഇപ്പോൾത്തന്നെ ഇതിഹാസമാണെന്ന അഭിപ്രായവുമായി പാക്കിസ്ഥാന്റെ മുൻ താരം സഹീർ അബ്ബാസ്. ഇന്ത്യയുടെ ഒട്ടേറെ ഇതിഹാസ താരങ്ങളെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. അവരുടെ കളിയും കണ്ടിട്ടുണ്ട്. കോഹ്‍ലി അവർക്കൊപ്പമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല – സഹീർ അബ്ബാസ് അഭിപ്രായപ്പെട്ടു.

അതേസമയം, വിവിധ തലമുറകളിൽപ്പെട്ട താരങ്ങളെ താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോരുത്തരും കളിച്ചിരുന്ന കാലത്തിനും അന്നത്തെ എതിർ ടീമുകൾക്കും ചില പ്രത്യേതകളുണ്ട്. എന്തായാലും കോഹ്‍ലി മറ്റേതൊരു താരത്തിനുമൊപ്പമോ അവരേക്കാളോ മികവുള്ള താരമാണ് – അബ്ബാസ് പറഞ്ഞു.

വിക്കറ്റിന്റെ ഇരുവശത്തേക്കും ഒരേ അനായാസതയോടെ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരമാണ് കോഹ്‍ലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ക്ലാസ് പ്ലെയറാണ് താനെന്ന് വിളംബരം ചെയ്യുന്ന പ്രകടനമാണ് കോഹ്‍ലിയുടേത്. അദ്ദേഹത്തിന്റെ കാൽപ്പാദങ്ങളുടെ ക്രമീകരണം പോലും എത്രയോ സുന്ദരമാണ്. ക്രീസിൽ നിൽക്കുന്ന കോഹ്‍ലി പ്രകടിപ്പിക്കുന്ന നിർഭയത്വം ശ്ലാഘനീയമാണ് – അബ്ബാസ് ചൂണ്ടിക്കാട്ടി.

എജ്ബാസ്റ്റൻ ടെസ്റ്റിൽ കോഹ്‍ലി പുറത്തെടുത്ത പ്രകടനം ആരാധകർക്ക് നല്ലൊരു വിരുന്നായിരുന്നുവെന്നും അബ്ബാസ് അഭിപ്രായപ്പെട്ടു. ഇംഗ്ലിഷ് സാഹചര്യങ്ങളിലും തനിക്ക് മികവു പുറത്തെടുക്കാനാകുമെന്ന് കോഹ്‍ലി തെളിയിച്ചിരിക്കുന്നു. വരും മൽസരങ്ങളിലും കോഹ്‍ലിക്ക് ഇതേ മികവു തുടരാനാകും – അബ്ബാസ് പറഞ്ഞു.