കോഹ്‍ലി ‘ചതിച്ചു’; പൂജാര വീണ്ടും റണ്ണൗട്ട് - വിഡിയോ

കോഹ്‍ലിയുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടാകുന്ന പൂജാര. പുറത്തായശേഷം കോഹ്‍ലിയെ നോക്കിനിൽക്കുന്നു. (വിഡിയോ ദൃശ്യം)

ലണ്ടൻ∙ സാക്ഷാൽ രാഹുൽ ദ്രാവിഡ് എന്ന വൻമതിലിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയെന്ന സൗരാഷ്ട്ര താരത്തോളം സാങ്കേതികത്തികവുള്ള മറ്റൊരു താരത്തെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടില്ല. ഏതു പിച്ചിലും നങ്കൂരമിട്ടു കളിക്കാൻ കെൽപുള്ള പൂജാര, ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ടാണെന്നതും നൂറുവട്ടം. പേസും ബൗണ്‍സുമുള്ള പിച്ചുകളിൽ നെഞ്ചുറപ്പോടെ നിലയുറപ്പിക്കുന്ന പൂജാര സുന്ദരമായ കാഴ്ചയാണെങ്കിലും, വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തിൽ താരം തുടർച്ചയായി പരാജയപ്പെടുന്ന കാഴ്ച ആരാധകർക്ക് സമ്മാനിക്കുന്ന ആശങ്ക ചില്ലറയല്ല.

സമകാലീന ഇന്ത്യൻ ക്രിക്കറ്റിൽ ടെസ്റ്റിൽ പൂജാരയോളം റണ്ണൗട്ടായ താരം വേറെയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 2016 ജനുവരി മുതലുള്ള കാലയളവിൽ, ലോക ക്രിക്കറ്റിൽത്തന്നെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ റണ്ണൗട്ടായ താരമാണ് പൂജാര. ലോർഡ്സിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് പൂജാര ഒരിക്കൽക്കൂടി റണ്ണൗട്ടായത്.

എജ്ബാസ്റ്റനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഫോമില്ലായ്മ മൂലം പുറത്തിരുന്ന പൂജാരയ്ക്ക് രണ്ടാം ടെസ്റ്റിലാണ് ഈ പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ചതുതന്നെ. പറഞ്ഞിട്ടെന്തുകാര്യം, റണ്ണൗട്ടിന്റെ പേരിലുള്ള കുപ്രസിദ്ധി ഊട്ടിയുറപ്പിക്കാൻ മാത്രമേ പൂജാരയ്ക്ക് ഈ മൽസരം ഉപകരിച്ചുള്ളൂ. മഴയെത്തുടർന്ന് പലതവണ തടസ്സപ്പെട്ട മൽസരം രണ്ടാം തവണയും പുനഃരാരംഭിച്ചതിനു പിന്നാലെയാണ് പൂജാര റണ്ണൗട്ടായത്.

അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നത് 15 റൺസ് മാത്രം. ഓപ്പണർമാർ ഇരുവരും അപ്പോഴേക്കും കൂടാരം കയറിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ‘വിഖ്യാതമായ റണ്ണൗട്ടു’കൾക്കുശേഷം ഇംഗ്ലണ്ടിലും പൂജാര റണ്ണൗട്ട്. ഇക്കുറി പക്ഷേ പൂജാരയുടെ പിഴവിനേക്കാൾ ക്യാപ്റ്റൻ കോഹ്‍ലിയായിരുന്നു പുറത്താകലിന് കാരണക്കാരൻ. ആൻഡേഴ്സന്റെ പന്ത് പോയിന്റിലേക്ക് കളിച്ച പൂജാരയെ കോഹ്‍ലി റണ്ണിനായി വിളിച്ചു. പൂജാര ഓടി പിച്ചിന്റെ പാതിവഴിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി കോഹ്‍ലി തിരിച്ചോടി. പന്തു കൈക്കലാക്കിയ അരങ്ങേറ്റതാരം ഒലീ പോപ്പ് നിഷ്പ്രയാസം ബെയ്‌ലിളക്കി. 25 പന്തിൽ ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം. ഇന്ത്യൻ സ്കോർ 8.3 ഓവറിൽ മൂന്നിന് 15.

റണ്ണൗട്ടിൽ കുപ്രസിദ്ധൻ

ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും റണ്ണൗട്ടായതോടെ, കരിയറിലാകെ ടെസ്റ്റിൽ പൂജാരയുടെ റണ്ണൗട്ട് നേട്ടം ഏഴായി ഉയർന്നു. അതിൽ രണ്ടു തവണയും പൂജാര പുറത്താകുമ്പോൾ കൂടെയുണ്ടായിരുന്നത് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ലോകേഷ് രാഹുലുമായുള്ള ധാരണപ്പിശകിലും പൂജാര രണ്ടു തവണ റണ്ണൗട്ടായി. മുരളി വിജയ്, പാർഥിവ് പട്ടേൽ, ഗൗതം ഗംഭീർ എന്നിവരാണ് പൂജാര റണ്ണൗട്ടാകുമ്പോൾ മറുവശത്തുണ്ടായിരുന്ന മറ്റു താരങ്ങൾ.

2016 ജനുവരിക്കുശേഷം ഇത് അഞ്ചാം തവണയാണ് പൂജാര റണ്ണൗട്ടാകുന്നത്. ഈ കാലയളവിൽ കൂടുതൽ തവണ റണ്ണൗട്ടായ മറ്റു താരങ്ങൾ ബംഗ്ലദേശിന്റെ മെഹ്ദി ഹസൻ മിറാസ് (മൂന്നു തവണ), ശ്രീലങ്കയുടെ കുശാൽ പെരേര (മൂന്ന്), പാക്കിസ്ഥാന്റെ യാസിർ ഷാ (മൂന്ന്), ഓസ്ട്രേലിയയുടെ ബാൻക്രോഫ്റ്റ് (രണ്ട്), ദക്ഷിണാഫ്രിക്കയുടെ ബവുമ (രണ്ട്) എന്നിവരാണ്.

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ സെഞ്ചൂറിയൻ ടെസ്റ്റിലും രണ്ട് ഇന്നിങ്സിലും റണ്ണൗട്ടായി പൂജാര ‘റെക്കോർഡ്’ സ്ഥാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു മൽസരത്തിന്റെ രണ്ട് ഇന്നിങ്സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യൻ താരമാണ് പൂജാര. അതിനു മുൻപ് ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഒരു താരം റണ്ണൗട്ടായത് 2000ലാണ്, ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും റണ്ണൗട്ടാകുന്ന 25–ാമത്തെ താരവുമായി പൂജാര.