കോഹ്‍ലിക്കും ശാസ്ത്രിക്കും കാലിടറുന്നു?; ബിസിസിഐ വിശദീകരണം തേടിയേക്കും

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ചീഫ് കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും അപ്രമാദിത്വത്തിന്റെ ഭാവി ശനിയാഴ്ച നോട്ടിങ്ങാമിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഭാവി അനുസരിച്ചാവും. ആദ്യ രണ്ടു ടെസ്റ്റിൽ തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചെങ്കിലെ തിരിച്ചുവരവിനു സാധ്യതയുള്ളൂ. മൂന്നാം ടെസ്റ്റിനു ശേഷമാണ് നാല്, അഞ്ച് ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇതുവരെ ശാസ്ത്രി– കോഹ്‌ലി സഖ്യത്തിന്റെ അഭിപ്രായത്തിനൊപ്പിച്ചു മാത്രം ടീമിനെ തിരഞ്ഞെടുത്ത ബോർഡ്, മൂന്നാം ടെസ്റ്റിൽ ഇന്ത്യ തോറ്റാൽ സ്വരം കടുപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

‘‘മുന്നൊരുക്കത്തിനു വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ഇനി പരാതിപ്പെടാൻ ടീമിനു കഴിയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റപ്പോൾ ഷെഡ്യൂളിങ്ങിലെ അപാകത്തെക്കുറിച്ചും പരിശീലനത്തിനു സമയം ലഭിക്കാത്തതിനെ കുറിച്ചുമായിരുന്നു ടീമംഗങ്ങളുടെ പരാതി. അവരോടു സംസാരിച്ചശേഷമാണ് വെള്ളപ്പന്തിൽ നടക്കുന്ന പരിമിത ഓവർ മൽസരങ്ങൾ ടെസ്റ്റിനു മുന്നേ നടത്തിയത്.’’– ഒരു ബോർഡ് ഉന്നതൻ പറഞ്ഞു. 

ടീം മാനേജ്മെന്റിൽ ശാസ്ത്രിക്കും കോഹ്‌ലിക്കും മേൽക്കൈ നൽകുന്നത് എന്തിനാണെന്ന ചോദ്യം ബോർഡിൽ ഉയർന്നു തുടങ്ങി. ‘‘സീനിയർ ടീമിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യ എ ടീമിനെ ഇംഗ്ലണ്ട് പര്യടനത്തിന് ഇതേ സമയത്തു തന്നെ അയച്ചത്. മുരളി വിജയ്, അജിങ്ക്യ രഹാനെ എന്നിവരെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. ഇനി മികവു കാട്ടാനായില്ലെങ്കിൽ ബോർഡ് ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ടി വരും.’’– അദ്ദേഹം പറയുന്നു. 

ശാസ്ത്രിയുടെയും ഇപ്പോഴത്തെ സപ്പോർട്ട് സ്റ്റാഫിന്റെയും കീഴിൽ ഇന്ത്യ പ്രധാന പരമ്പരകളെല്ലാം തോറ്റു. 2014–15ൽ ഓസ്ട്രേലിയയ്ക്കെതിരെയും 2017–18ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരമ്പര നഷ്ടമാക്കിയ ഇന്ത്യ ഇപ്പോൾ മറ്റൊരു പരമ്പര നഷ്ടത്തിന്റെ വക്കിലാണ്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവരുടെ മികവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ശ്രീധർ ഫീൽഡിങ് കോച്ച് ആയതിനുശേഷം ഇന്ത്യൻ ഫീൽഡർമാർ 50 ക്യാച്ചുകളാണ് സ്ലിപ്പിൽ മാത്രം വിട്ടുകളഞ്ഞത്. സിലക്ടർമാരിൽ ഒരാളെങ്കിലും വിദേശ പര്യടനങ്ങളിൽ ടീം മാനേജ്മെന്റിന്റെ ഭാഗമാകണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ ആവശ്യപ്പെട്ടു കഴിഞ്ഞു. 

രണ്ടാം ടെസ്റ്റിനിടെ പുറംവേദന മൂലം വിഷമിച്ച കോഹ്‌ലി മൂന്നാം ടെസ്റ്റിനുണ്ടാവുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പകരം ടീമിനെ നയിക്കേണ്ട അജിങ്ക്യ രഹാനെയാകട്ടെ ടീമിൽപ്പോലും ഉറപ്പില്ലാത്ത നിലയിലും.