ആഴ്ചയിൽ 10 ദിവസമുണ്ടോ?; പരിഹാസവുമായി ഇംഗ്ലണ്ട് കോച്ച്

ട്രെവർ ബെയ്‌സിൽ, രവി ശാസ്ത്രി

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ വേണ്ടത്ര ഒരുങ്ങിയിരുന്നില്ലെന്ന കടുത്ത വിമർശനം ഉയരുന്നതിനിടെ, അതിനെ പ്രതിരോധിച്ച് എതിർപാളയത്തിൽനിന്ന് ഒരു സ്വരം. ഇംഗ്ലണ്ട് പരിശീലകൻ ട്രവർ ബെയ്‌ലിസാണ് ഇന്ത്യ ആവശ്യത്തിന് സന്നാഹ മൽസരങ്ങൾ കളിച്ച് ഒരുങ്ങിയില്ലെന്ന വിമർശനത്തിനെതിരെ രംഗത്തെത്തിയത്. ആഴ്ചയിൽ ഏഴു ദിവസം മാത്രമേ ഉള്ളൂവെന്നും 10 ദിവസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വളരെയേറെ മൽസരങ്ങൾ കളിക്കുന്നവരാണ്. ഒരുങ്ങാൻ സമയം കിട്ടുന്നില്ല എന്നു പറയുന്നതിന്റെ കാര്യവും അതാണ്. എല്ലാവരും ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ സന്നാഹ മൽസരങ്ങൾ കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് എത്രത്തോളം യാഥാർഥ്യമാകുന്നുവെന്നത് വേറെ കാര്യം’ – ബെയ്‌ലിസ് ചൂണ്ടിക്കാട്ടി.

ഇടയ്ക്കെങ്കിലും താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രധാന താരങ്ങളെല്ലാം അതാത് ടീമുകൾക്കായി എല്ലാ മൽസരങ്ങളിലും കളത്തിലിറങ്ങുന്നവരാണ്. അതിനു പുറമെ കൂടുതൽ പരിശീലന മൽസരങ്ങൾ കൂടി കളിക്കണമെന്ന് പറഞ്ഞാൽ അതെത്രത്തോളം സാധ്യമാകുമെന്ന് എനിക്ക് സംശയമുണ്ട് – ബെയ്‌ലിസ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ ഒരു പരിശീലന മൽസരം മാത്രമേ കളിച്ചിരുന്നുള്ളൂ. ചതുർദിന മൽസരമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ഇതു പിന്നീടു വെട്ടിച്ചുരുക്കി മൂന്നു ദിവസമാക്കിയിരുന്നു. ഇതിനെതിരെ ആരാധകരും മുൻ താരങ്ങളും കടുത്ത വിമർശനം ഉയർത്തുകയും ചെയ്തു. സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി.

വിദേശ പര്യടനങ്ങൾക്കു പോകുമ്പോൾ ഇംഗ്ലണ്ടും സമാന സാഹചര്യങ്ങൾ നേരിടാറുണ്ടെന്നും ബെയ്‌ലിസ് ചൂണ്ടിക്കാട്ടി. ഓരോ പര്യടനങ്ങൾക്കു മുൻപും ഇത്രയും സന്നാഹ മൽസരങ്ങൾ മതിയോ എന്ന ചോദ്യം ഉയരാറുണ്ട്. കൂടുതൽ പരിശീലന മൽസരങ്ങൾ കളിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. എങ്കിലും ആഴ്ചയിൽ ഏഴു ദിവസമല്ലേയുള്ളൂ, 10 ദിവസമില്ലല്ലോ – ബെയ്‍ലിസ് ചൂണ്ടിക്കാട്ടി.