സച്ചിന്റെ ആദ്യ സെഞ്ചുറിക്ക് ഇന്ന് 28 വയസ്; അതും കോഹ്‍ലിപ്പട തകർന്നടിഞ്ഞ ഇംഗ്ലണ്ടിൽ!

ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയ സച്ചിൻ തെൻഡുൽക്കറിന്റെ ചിത്രം. (ഐസിസി, ട്വിറ്റർ)

മുംബൈ∙ ക്രിക്കറ്റ് ലോകം അസാധ്യമെന്നു കരുതിയിരുന്ന നൂറു രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടം വെട്ടിപ്പിടിച്ച സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ ആദ്യ രാജ്യാന്തര സെഞ്ചുറിക്ക് ഇന്ന് 28 വയസ്സ്. 1990ൽ ഇതേ ദിവസമാണ് ഇംഗ്ലണ്ട് മണ്ണിൽ സച്ചിൻ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറിയുടെ മധുരം നുണഞ്ഞത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ കന്നി സെഞ്ചുറി നേടുമ്പോൾ, സച്ചിനു പ്രായം 17 വർഷവും 112 ദിവസവും മാത്രം!

കൂറ്റൻ തോൽവിയിലേക്കു നീങ്ങുകയായിരുന്ന ടീമിനെ പൊരുതിനേടിയ സെഞ്ചുറിയിലൂടെ സമനിലയുടെ തീരം ചേർക്കാനും സച്ചിനായി. മാത്രമല്ല, ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമായി സച്ചിൻ. കളിയിലെ കേമൻ പട്ടം നേടിയതും സച്ചിൻ തന്നെ.

ഇതേ മണ്ണിൽ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര ദയനീയമായ ബാറ്റിങ് പ്രകടനത്തിലൂടെ തുടർച്ചയായി രണ്ടു ടെസ്റ്റുകൾ തോറ്റ് വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങുമ്പോഴാണ് അന്നു വെറും 17 വയസ്സു മാത്രമുണ്ടായിരുന്ന സച്ചിന്റെ ഐതിഹാസിക പ്രകടനം വീണ്ടും ഓർമകളിലെത്തുന്നത്. സച്ചിന്റെ ആദ്യ രാജ്യാന്തര സെഞ്ചുറിക്ക് 28 വയസ് പൂർത്തിയായ കാര്യം ചൂണ്ടിക്കാട്ടി ഐസിസി ട്വീറ്ററിൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

കളിയിൽ സംഭവിച്ചത്

ഈ മൽസരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ആതിഥേയർ പടുത്തുയർത്തിയത് 519 റൺസ്. ഗ്രഹാം ഗൂച്ച്, മൈക്കൽ ആതർട്ടൻ, റോബിൻ സ്മിത്ത് എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടി. 179 റൺസായിരുന്നു അസ്ഹറിന്റെ സമ്പാദ്യം. സച്ചിൻ ഒന്നാം ഇന്നിങ്സിൽ നേടിയത് 68 റൺസ്. ഇരുവരുടെയും പ്രകടനങ്ങളുടെ പിൻബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 432 റൺസെടുത്തു. 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്ത് ഡിക്ലയർ ചെയ്തു. അലൻ ലാംബിന്റെ സെഞ്ചുറിയായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് കരുത്തായത്.

ഇതോടെ ഇന്ത്യയ്ക്കു മുന്നിൽ ഉയർന്നത് 408 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. നാലാം ഇന്നിങ്സിൽ പതിവുപോലെ തകർച്ച നേരിട്ട ഇന്ത്യയ്ക്ക് അതിവേഗം വിക്കറ്റുകൾ നഷ്ടമായി. ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി (31 പന്തിൽ 12), നവ്ജ്യോത് സിങ് സിദ്ദു (0), സഞ്ജയ് മഞ്ജരേക്കർ (77 പന്തിൽ 50), ദിലീപ് വെങ്സർക്കാർ (65 പന്തിൽ 32) എന്നിവർക്കു പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (20 പന്തിൽ 11) പുറത്തായതോടെ അഞ്ചിന് 127 റൺസ് എന്ന നിലയിലായി ഇന്ത്യ.

ഇന്ത്യ തോൽവി ഉറപ്പിച്ച ഈ ഘട്ടത്തിലാണ് അന്ന് പതിനേഴു വയസ്സു മാത്രമുള്ള സച്ചിൻ ക്രീസിലെത്തുന്നത്. കപിൽ ദേവായിരുന്നു കൂട്ടിന്. ആറാം വിക്കറ്റിൽ സച്ചിനൊപ്പം 56 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ കപിലും പുറത്തായി. 35 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 26 റൺസായിരുന്നു കപിലിന്റെ സമ്പാദ്യം. എന്നാൽ, എട്ടാമനായെത്തിയ മനോജ് പ്രഭാകറിൽ നല്ലൊരു കൂട്ടാളിയെ കണ്ടെത്തിയ സച്ചിൻ, ഇംഗ്ലിഷ് ബോളർമാരെ അനായാസം നേരിട്ടു. ആൻഗസ് ഫ്രേസർ, ഡെവോൻ മാൽക്കം, എഡ്ഡി ഹെമ്മിങ്സ്, ക്രിസ് ലെവിസ് തുടങ്ങിയ വമ്പൻമാരെ പ്രതിരോധിച്ചുനിന്ന സച്ചിൻ 225 മിനിറ്റുകളാണ് ഇംഗ്ലിഷ് ആക്രമണത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്നത്.

189 പന്തുകൾ നേരിട്ട സച്ചിൻ 17 ബൗണ്ടറികൾ സഹിതം നേടിയത് 119 റൺസ്. മനോജ് പ്രഭാകറും അർധസെഞ്ചുറി നേടിയതോടെ മൽസരം പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോർ ആറു വിക്കറ്റ് നഷ്ടത്തിൽ 343 റൺസ്. പ്രഭാകർ 128 പന്തിൽ എട്ടു ബൗണ്ടറി സഹിതം 67 റൺസെടുത്ത് പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 160 റൺസ്.

ടെസ്റ്റ് കരിയറിലാകെ 51 സെഞ്ചുറികൾ നേടിയ സച്ചിൻ, അതിൽ ഏഴും നേടിയത് ഇംഗ്ലണ്ടിനെതിരെയാണ്. 32 മൽസരങ്ങളിൽനിന്നാണ് ഈ നേട്ടം. 2002ലെ പരമ്പരയിൽ ലീഡ്സിൽ നേടിയ 193 റൺസാണ് ഇംഗ്ലണ്ടിനെതിരെ സച്ചിന്റെ ഏറ്റവും മികച്ച സ്കോർ. ഈ മൽസരം ഇന്ത്യ ഇന്നിങ്സിനും 46 റൺസിനും ജയിക്കുകയും ചെയ്തു.