ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ അന്തരിച്ചു

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ അജിത് വഡേക്കർ ജീവിതത്തിന്റെ ക്രീസൊഴിഞ്ഞു. സൗത്ത് മുംബൈയിലെ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു 77 കാരനായ വ‍ഡേക്കറുടെ അന്ത്യം. ഭാര്യ രേഖയും മൂന്നു മക്കളുമുണ്ട്. സംസ്കാരച്ചടങ്ങുകൾ ഇന്നു നടക്കും.

1967ൽ അർജുന പുരസ്കാരവും 1972ൽ പദ്മശ്രീയും നേടി. 37 ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റത്തിന്റെ പതാകവാഹകരിലൊരാളായിട്ടാണ് വഡേക്കർ അറിയപ്പെടുന്നത്. 1971ൽ അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും ടെസ്റ്റ് മൽസരങ്ങൾ ജയിച്ചത്. ഒരു സെഞ്ചുറിയടക്കം 2113 റൺസാണ് ടെസ്റ്റിൽ വഡേക്കറുടെ സമ്പാദ്യം. രാജ്യത്തിന്റെ ആദ്യ ഏകദിന ടീം ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. 1974ൽ ഇംഗ്ലണ്ടിനെതിരെ രണ്ടു കളികളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ആ മൽസരങ്ങൾ തോറ്റതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും ചെയ്തു.

നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമംഗങ്ങൾ വഡേക്കറിന് ആദരാഞ്ജലി അർപ്പിക്കുന്നു.

കളിക്കാലത്തിനു ശേഷം തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിന്റെ മാനേജരുമായി അദ്ദേഹം. വഡേക്കർ പരിശീലകനായിരിക്കെ, മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 1996 ലോകകപ്പിന്റെ സെമിഫൈനലിലെത്തി. അതിനു ശേഷം ദേശീയ സിലക്‌ഷൻ സമിതി ചെയർമാനുമായ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൽ ദേശീയ ടീം ക്യാപ്റ്റൻ, പരിശീലകൻ, സിലക്‌ഷൻ സമിതി ചെയർമാൻ പദവികൾ വഹിച്ച മൂന്നു പേരിലൊരാളാണ്. ലാല അമർനാഥ്, ചന്ദു ബോർഡെ എന്നിവരാണ് മറ്റുള്ളവർ.