Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിനെതിരായ നീക്കത്തിനു പിന്നിൽ ക്യാപ്റ്റൻ സ്ഥാനം മോഹിക്കുന്ന താരം?

kohli-sachin-baby സച്ചിൻ ബേബി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം.

കൊച്ചി ∙ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ ടീമിലുണ്ടായ പടയൊരുക്കത്തിനു നേതൃത്വം നൽകിയതു മുൻ ക്യാപ്റ്റൻമാർ ഉൾപ്പെടെയുള്ള നാലു മുതിർന്ന കളിക്കാരാണെന്നു ജൂനിയർ കളിക്കാരുടെ വെളിപ്പെടുത്തൽ. ശ്രീലങ്കയിലെ പരിശീലന പര്യടനത്തിനിടെ 'സീനിയേഴ്സ്' രൂപം നൽകിയ നീക്കത്തിൽ തങ്ങളെയും പങ്കാളികളാക്കുകയായിരുന്നെന്നു കെസിഎ ആസ്ഥാനത്തു നടന്ന തെളിവെടുപ്പിൽ ഇവർ വ്യക്തമാക്കി.

ജൂനിയർ കളിക്കാരുടെ പിന്തുണ സ്വരൂപിക്കാൻ ഇവർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദീനെയാണ് ചുമതലപ്പെടുത്തിയതത്രേ. മുൻ ക്യാപ്റ്റനും ജൂനിയർ താരവും ഒരുമിച്ച് താമസിച്ചിരുന്ന മുറിയിലായിരുന്നു പല ദിവസങ്ങളിലായി ഒപ്പു ശേഖരണം. കത്ത് തയാറാക്കിയതാരെന്നോ ഇ-മെയിൽ ഐഡി രൂപപ്പെടുത്തിയതാരെന്നോ വെളിപ്പെടുത്താൻ ആരും തയാറായില്ല. കത്തിൽ ഒപ്പിടാനായി തങ്ങളെയും സമീപിച്ചിരുന്നെന്നും എന്നാൽ അതിനോട് യോജിപ്പില്ലാത്തതിനാൽ ഒപ്പിട്ടില്ലെന്നും പി.രാഹുലും വിഷ്ണു വിനോദും പറഞ്ഞു. എല്ലാവരും ഒപ്പിട്ടതുകൊണ്ടാണു താനും ഒപ്പിട്ടതെന്നും ചെയ്തതു തെറ്റായിപ്പോയെന്നും മുതിർന്ന കളിക്കാരനായ വി.എ.ജഗദീഷ് വ്യക്തമാക്കി.

പരിശീലനത്തിലും കൃത്യനിഷ്ഠയിലുമുൾപ്പെടെ താൻ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സച്ചിൻ ബേബി ശ്രീലങ്കൻ പര്യടനത്തിനിടെ ഒരു മുൻ ക്യാപ്റ്റനുമായി അസ്വാരസ്യം ഉണ്ടായതായും വെളിപ്പെടുത്തി. തെളിവെടുപ്പിനെത്തിയ കളിക്കാരെല്ലാം തുടക്കത്തിൽ ഉരുണ്ടുകളിച്ചെങ്കിലും ഭാരവാഹികൾ നിലപാട് കടുപ്പിച്ചതോടെയാണ് പലരും കാര്യങ്ങൾ തുറന്നുപറയാൻ തയാറായത്.ക്യാപ്റ്റൻസി ആഗ്രഹിക്കുന്ന ഒരു മുതിർന്ന കളിക്കാരനാണു നിലവിലെ ക്യാപ്റ്റനെതിരായ പടയ്ക്കു ചുക്കാൻ പിടിക്കുന്നതെന്നാണു കെസിഎ വിലയിരുത്തൽ.