ചില സമയത്ത് സഹിക്കാനാകാത്ത സമ്മർദ്ദമുണ്ടായിരുന്നു: ഡിവില്ലിയേഴ്സ്

ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ ചിലപ്പോഴെങ്കിലും അസഹനീയമായ സമ്മർദ്ദമാണ് താൻ അനുഭവിച്ചിരുന്നതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനെടുത്ത തീരുമാനം ഉചിതമായെന്നും ഇപ്പോൾ വളരെയധികം ആശ്വാസമുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

‘ചില സമയത്ത് സമ്മർദ്ദം അസഹനീയമായിരുന്നു. വിവിധ തലങ്ങളിൽനിന്നുള്ള പ്രതീക്ഷകളാണ് നമുക്കു സമ്മർദ്ദം നൽകുന്നത്. നമ്മൾ സ്വന്തം നിലയ്ക്ക് പുലർത്തുന്ന പ്രതീക്ഷകൾ സമ്മാനിക്കുന്ന സമ്മർദ്ദം ഒരു വശത്ത്. ആരാധകരുടെയും പരിശീലകരുടെയും രാജ്യത്തിന്റെയും പ്രതീക്ഷകൾ ചെലുത്തുന്ന സമ്മർദ്ദം മറുവശത്തും. ക്രിക്കറ്റ് കളത്തിൽ എക്കാലവും നമുക്കൊപ്പം ഇത്തരം സമ്മർദ്ദമുണ്ടാകും – ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

ഒരു വലിയ മൽസരത്തിൽ സെഞ്ചുറി നേടുമ്പോൾ ലഭിക്കുന്ന വികാരത്തെ മറ്റൊന്നുമായും തുലനം ചെയ്യാൻ പോലുമാകില്ല. ആയിരങ്ങൾ ഒരേ സമയത്ത് നമ്മുടെ പേരുവിളിച്ച് അലറുകയാണ്. എങ്കിലും, ഇതൊന്നും ഒരിക്കലും എനിക്ക് മിസ് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ഇതുവരെയില്ല. കളി നിർത്താൻ തീരുമാനിച്ചതിൽ സന്തോഷം മാത്രമേയുള്ളൂ. യാതൊരുവിധ ഖേദവുമില്ല – ‍ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റിൽ തങ്ങൾക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ എല്ലാവരോടും തങ്ങളോടുതന്നെയും കള്ളം പറയുകയാണെന്നും ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.