ബ്രിട്ടനിൽനിന്നുള്ള സ്വാതന്ത്ര്യം ബ്രിട്ടനിൽ ആഘോഷിച്ച് ടീം ഇന്ത്യ; ആശംസ നേർന്ന് അഫ്രീദി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്. (വിഡിയോ ദൃശ്യം)

ലണ്ടൻ∙ ബ്രിട്ടിഷ് ഭരണത്തിൽനിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 72–ാം വാർഷികം ബ്രിട്ടനിൽ ആഘോഷിച്ച് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് തയാറെടുക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും നേതൃത്വത്തിൽ പതാക ഉയർത്തിയതായി ബിസിസിഐ ട്വീറ്റ് ചെയ്തു. ഇതിന്റെ വിഡിയോയും ബിസിസിഐയുടെ വെബ്സൈറ്റലുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ വിഡിയോ ട്വീറ്റിനൊപ്പമുണ്ട്.

‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേരിൽ, ബ്രിട്ടനിൽനിന്ന്, എല്ലാവർക്കും സ്വാതന്ത്ര്യ ദിനത്തിന്റെ ആശംസകൾ നേരുന്നു. ജയ് ഹിന്ദ്’ – കോഹ്‍ലിയുടെ സന്ദേശമിങ്ങനെ.

നേരത്തെ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരുന്നു.

‘ജീവിതത്തിൽ നേടുന്നതെല്ലാം കഠിനാധ്വാനത്തിലൂടെ നേരുന്നതാണ്. നമ്മുടെ സ്വാതന്ത്ര്യം പോലെ തന്നെ. മറ്റെല്ലാ കാര്യങ്ങളെയും പോലെ, നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവാർപ്പണമില്ലായിരുന്നുവെങ്കിൽ ‘ടീം ഇന്ത്യ’യും ഉണ്ടാകുമായിരുന്നില്ല. ഈ സ്വാതന്ത്ര്യത്തെ നമുക്ക് പാഴാക്കി കളയാതിരിക്കാം. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ’ – സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ തുടങ്ങിയവരും സ്വാതന്ത്ര്യ ദിനാശംസകൾ േനർന്നു.

അതിനിടെ, ഇന്ത്യ–പാക്ക് ബന്ധത്തിൽ സമാധാനം പുലരട്ടെയെന്ന ആശംസയുമായി മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയതും ശ്രദ്ധേയമായി.

‘അതിർത്തിക്കു തൊട്ടപ്പുറത്തുള്ള എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. ഇന്ത്യ–പാക്ക് ക്രിക്കറ്റ് മൽസരങ്ങൾ സാധ്യമാകുന്ന, സമാധാനപൂർണവും സുസ്ഥിരവും സമ്പൽസമൃദ്ധവുമായ ഒരു മേഖല സാധ്യമാകുന്ന തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈ വർഷം മുതൽ നമുക്കു സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’ – അഫ്രീദി കുറിച്ചു.