Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക്സടിച്ച് ടെസ്റ്റ് അരങ്ങേറ്റം, അഞ്ച് ക്യാച്ചുകളും; റെക്കോർഡ് ബുക്കിൽ വീണ്ടും പന്ത്!

rishabh-pant-six ഋഷഭ് പന്ത്

നോട്ടിങ്ങാം∙ ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ റൺ സിക്സറിലൂടെ നേടി റെക്കോർഡിട്ട ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന്റെ പേര് വീണ്ടും റെക്കോർഡ് ബുക്കിൽ. ആദ്യ റെക്കോർഡ് ബാറ്റു കൊണ്ടെങ്കിൽ ഇക്കുറി റെക്കോർഡിട്ടത് വിക്കറ്റ് കീപ്പറെന്ന നിലയിൽ. അരങ്ങേറ്റ മൽസരത്തിൽ അഞ്ചു ക്യാച്ചുകൾ നേടിയാണ് പന്ത് വീണ്ടും റെക്കോർഡ് ബുക്കിൽ സ്ഥാനം നേടിയത്.

ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ച് ക്യാച്ച് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് പന്ത്. അതേസമയം, രാജ്യാന്തര തലത്തിൽ ഈ നേട്ടം കൈവരിക്കുന്ന 291–ാം താരമാണ് പന്ത്. നരേൻ തമാനെ (പാക്കിസ്ഥാനെതിരെ 1955ൽ), കിരൺ മോറെ (ഇംഗ്ലണ്ടിനെതിരെ 1986ൽ), നമാൻ ഓജ (ശ്രീലങ്കക്കയ്ക്കെതിരെ 2015ൽ) എന്നിവരാണ് മുൻപ് ഈ റെക്കോർഡ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

ഇംഗ്ലണ്ട് താരങ്ങളായ അലസ്റ്റയർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ഒലീ പോപ്പ്, ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവരാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ പന്തിന്റെ ഗ്ലൗസിനുള്ളിൽ കുടുങ്ങിയത്.

സിക്സ് നേടി അരങ്ങേറ്റം

നേരത്തെ, ടെസ്റ്റ് അരങ്ങേറ്റത്തിലെ രണ്ടാമത്തെ മാത്രം പന്ത് സിക്സ് പറത്തിയാണ് പന്ത് റെക്കോർഡിട്ടത്. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ സിക്സ് അടിച്ച് അക്കൗണ്ട് തുറക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് പന്ത്. എറിക് ഫ്രീമാൻ, കാർലിൽ ബെസ്റ്റ്, കീത്ത് ഡാബെൻഗ്വ, ഡെയ്‌ൽ റിച്ചാർഡ്സ്, ഷഫീയുൽ ഇസ്‍ലാം, ജഹുറുൽ ഇസ്‍ലാം, അൽ അമിൻ ഹുസൈൻ, മാർക്ക് ക്രെയ്ഗ്, ധനഞ്ജയ ഡിസിൽവ, കമ്റുൽ ഇസ്‌ലാം, സുനിൽ അംബ്രിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങൾ.

മികച്ച തുടക്കത്തിനുശേഷം 22 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി കൂട്ടച്ചത്തകർച്ചയെ നേരിട്ട ഇന്ത്യയ്ക്ക് താങ്ങായി മാറിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പുറത്തായതോടെയാണ് പന്ത് ക്രീസിലെത്തിയത്. ബെൻ സ്റ്റോക്സിന്റെ ആദ്യ ഓവറിൽ ഹാർദിക് പാണ്ഡ്യ റണ്ണെടുക്കാതിരുന്നതോടെ പന്തിന് ക്രീസിൽ നേരിടാൻ ആദ്യം കിട്ടിയത് ലെഗ് സ്പിന്നർ ആദിൽ റഷീദിനെ. ആദ്യ പന്ത് കവറിലേക്ക് മുട്ടിയിട്ട പന്ത്, അടുത്ത പന്തിൽ വിശ്വരൂപം കാട്ടി. ഗൂഗ്ലിയിലൂടെ യുവതാരത്തെ പരീക്ഷിക്കാനുള്ള റാഷിദിന്റെ ശ്രമം അവസാനിച്ചത് ഗാലറിയിൽ. സിക്സ് നേടി ടെസ്റ്റിൽ അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരം.

ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഉറച്ചുനിന്ന പന്ത് ആദ്യദിനം കളിനിർത്തുമ്പോൾ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ നേടിയത് 22 റൺസ്. രണ്ടാം ദിനം സ്റ്റ്യുവാർട്ട് ബ്രോഡിന്റെ പന്തിൽ കുറ്റിതെറിച്ച് പന്തിന് മടക്കം. 51 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24 റൺസാണ് ആദ്യ മൽസരത്തിൽ പന്തിന്റെ സമ്പാദ്യം.

1997ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ജനിച്ച പന്ത്, ഇതുവരെ രാജ്യാന്തര തലത്തിൽ കളിച്ചിട്ടുള്ളത് നാലേനാലു ട്വന്റി20 മൽസരങ്ങൾ മാത്രം. ഇത്രയും മൽസരങ്ങളിൽനിന്ന് 24.33 റൺസ് ശരാശരിയിൽ 73 റൺസാണ് സമ്പാദ്യം. അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ താരതമ്യേന മികച്ച റെക്കോർഡാണ് പന്തിനുള്ളത്. ഇതുവരെ 23 മൽസരങ്ങൾ കളിച്ച പന്ത്, 54.50 റൺസ് ശരാശരിയിൽ നേടിയത് 1744 റൺസാണ്. ഒരു ട്രിപ്പിൾ സെഞ്ചുറി ഉള്‍പ്പെടെയാണിത്.

related stories