28, 10, 4, 0, 16, 4, 13, 8, 10, 23, 36, 19, 0; ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഇതാണ് രാഹുൽ!

സതാംപ്ടൺ∙ ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുലിന്റെ ശനിദശ തുടരുന്നു. സതാംപ്ടണിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 245 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ട്, രാഹുൽ ‘സംപൂജ്യ’നായി പുറത്ത്. ഏഴു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിലാണ് രാഹുൽ അക്കൗണ്ട് തുറക്കാനാകാതെ പുറത്തായത്. സ്റ്റുവാർട്ട് ബ്രോഡിന്റെ പന്തിൽ കുറ്റി തെറിച്ചാണ് രാഹുലിന്റെ മടക്കം. ഇതോടെ, ടീമിൽ രാഹുലിന്റെ സ്ഥാനം ചോദ്യചിഹ്നമാവുകയും ചെയ്തു.

രാഹുൽ പുറത്തായതിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മികച്ച പ്രകടനങ്ങളുമായി കളം നിറയുമ്പോളും, ഉപഭൂഖണ്ഡത്തിനു പുറത്ത് കളമറിഞ്ഞു കളിക്കാൻ രാഹുലിനാകുന്നില്ലെന്നാണു വിമർശനം. ആവശ്യത്തിലേറെ അവസരം നൽകിയിട്ടും താളം കണ്ടെത്താത്ത സാഹചര്യത്തിൽ രാഹുലിനു പകരം പൃഥ്വി ഷായെയോ ഹനുമ വിഹാരിയെയോ ടീമിലേക്കു പരിഗണിക്കണമെന്നാണ് ആവശ്യം.

ആരാധകരുടെ വിമർശനത്തിൽ കഴമ്പുണ്ടെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള രാഹുലിന്റെ പ്രകകടനം. പ്രത്യേകിച്ചും ഇംഗ്ലണ്ട് മണ്ണിൽ തീർത്തും ദയനീയമാണ് രാഹുലിന്റെ കാര്യം. അവസാനത്തെ പതിമൂന്ന് ഇന്നിങ്സുകളിൽ 28, 10, 4, 0, 16, 4, 13, 8, 10, 23, 36, 19, 0 എന്നിങ്ങനെയാണ് രാഹുലിന്റെ സ്കോറുകൾ. ഇംഗ്ലണ്ട് പര്യടനത്തിലെ എട്ട് ഇന്നിങ്സുകളിലാകട്ടെ, 14.12 റൺസ് ശരാശരിയിൽ ഇതുവരെ നേടാനായത് 113 റൺസ് മാത്രം. അതിലാകട്ടെ, ഒരു അർധസെഞ്ചുറി പോലുമില്ല. ഇതോടെ, അവസാന ടെസ്റ്റിൽ രാഹുൽ ടീമിനു പുറത്താകാനും സാധ്യത തെളിഞ്ഞു. പ്രത്യേകിച്ചും നാല്, അഞ്ച് ടെസ്റ്റുകൾക്കുള്ള ടീമിലേക്ക് ഓപ്പണറായ പൃഥ്വി ഷായ്ക്ക് വിളി വന്നിട്ടുള്ള സാഹചര്യത്തിൽ.