ഇന്ത്യയുടെ ബാറ്റിങ് പ്രശ്നങ്ങൾക്ക് ഇവിടുണ്ട് ഉത്തരം; വിഹരിക്കട്ടെ ഈ ഹനുമ

ഹനുമ വിഹാരി, വിരാട് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം സമ്മാനിച്ച പ്രകടനത്തിലൂടെ പ്രതീക്ഷ നൽകിയശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും മടങ്ങിയിരിക്കുന്നു, ആ തോൽവിയുടെ വഴികളിലേക്ക്. ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റും ഒരു ദിസവത്തെ കളി ബാക്കിനിർത്തി തോറ്റുമടങ്ങുമ്പോൾ, ടീമിന്റെ പ്രശ്നങ്ങളെന്തെന്ന് തലപുകയ്ക്കുകയാണ് ടീം മാനേജമെന്റ്. തുടർച്ചയായി പരാജയപ്പെടുന്ന ലോകേഷ് രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മിക്കവാറും ഇനി ടീമിനു പുറത്തായിരിക്കും സ്ഥാനമെന്ന് ഉറപ്പിക്കാവുന്നതാണ് മൽസരത്തിലെ അവരുടെ പ്രകടനവും ഇന്ത്യയുടെ തോൽവിയും. മാത്രമല്ല, അവസാന രണ്ടു ടെസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടു യുവതാരങ്ങൾ അവസരം കാത്ത് പുറത്തുനിൽക്കുകയും ചെയ്യുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് സീനിയർ ടീമിലേക്ക് ഇവർക്കു വിളിയെത്തിയത്. അതും ഇംഗ്ലണ്ടിൽ ടീം ഇന്ത്യ ബാറ്റിങ്ങിൽ അസാധാരണമാംവിധം പതറുന്നതിനിടെ. ആഭ്യന്തരക്രിക്കറ്റിലെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള ചവിട്ടുപടിയെന്ന മാനദണ്ഡം ഭംഗിവാക്കല്ലെന്നു തെളിയിക്കുന്നതാണ് ടെസ്റ്റ് ടീമിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലുകൾ. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിലേക്ക് പൃഥ്വി ഷായും ഹനുമ വിഹാരിയും സ്ഥാനം പിടിച്ചത് സ്ഥിരതയാർന്ന പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്.

അണ്ടർ 19 ലോകകിരീടം നേടിത്തന്ന ക്യാപ്റ്റൻ, ഐപിഎല്ലിലെ വെടിക്കെട്ടുകാരൻ, ഭാവി കോഹ്‌ലി എന്നെല്ലാമുള്ള വിശേഷണങ്ങളാൽ സുപരിചിതനാണ് പൃഥ്വി ഷാ. വളരെ മുൻപു തന്നെ ആരാധകരുടെ നോട്ടപ്പുളളി. എന്നാൽ, ഹനുമ വിഹാരി അങ്ങനെയല്ല, ഐപിഎൽ ടീമുകളിലില്ലാത്ത, നീണ്ട ഇന്നിങ്സുകളിൽ മനോഹരമായി കളിക്കുന്ന വിഹാരിയുടെ തിരഞ്ഞെടുപ്പ് ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രാധാന്യം സൂചിപ്പിക്കുന്നതായി. വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന, വിജയ ടീമുകളിൽ സ്ഥിരാംഗമായിരുന്ന മുരളി വിജയ്ക്ക് ഇനി തിരിച്ചുവരവ് കഠിനമാകും.

കോഹ്‌ലിക്കും സ്മിത്തിനും മേലെ

63 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിലെ 97 ഇന്നിങ്‌സുകളിൽനിന്നി 5142 റൺസാണ് വിഹാരി ഇതുവരെ അടിച്ചുകൂട്ടിയത്. ബാറ്റിങ് ശരാശരി 59.79. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും ഉയർന്ന ശരാശരിയാണിത്. സ്റ്റീവ് സ്മിത്ത് - 57.27, വിരാട് കോഹ്‌ലി- 54.28, രോഹിത് ശർമ- 54.71 എന്നിവരെല്ലാം പിന്നിൽ. നിലവിലെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിനുശേഷം ഇന്ത്യൻ ടീമിലേക്കു വിളിവരുന്ന ആദ്യ ആന്ധ്രപ്രദേശുകാരനാണ് ഇരുപത്തിനാലുകാരനായ ഹനുമ വിഹാരി. 18 വർഷത്തെ ഇടവേള.

സുദീർഘമായ ഇന്നിങ്‌സുകൾ കളിക്കാനുള്ള പാകതയാണ് വിഹാരിയെ ശക്തനായ ടെസ്റ്റ് താരമാക്കി മാറ്റുന്നത്. ഏറെ നേരം പിടിച്ചുനിന്ന് ബോളർമാർക്കുമേൽ ആധിപത്യം പുലർത്തുന്നു. 626, 688, 752 അവസാന മൂന്നു രഞ്ജി സീസണുകളിൽ വിഹാരി നേടിയ റൺസിന്റെ കണക്കാണിത്. പക്ഷേ വിഹാരിയുടെ സ്‌ട്രോക് പ്ലേക്കു മുതിരാതെ ക്രീസിൽ ഉറച്ചു നിന്നുള്ള കളിക്കു വിമർശകരേറെയായിരുന്നു.

എന്നാൽ വിമർശനമുൾക്കൊണ്ടു വരുത്തിയ മാറ്റം അതിശയിപ്പിക്കുന്നതാണ്. 2015-16 സീസണിൽ 48.15 ആയിരുന്നു ബാറ്റിങ് ശരാശരി. അതാണിപ്പോൾ കുതിച്ചു ചാടി നിൽക്കുന്നത്. 752 റൺസ് അടിച്ച ഇക്കഴിഞ്ഞ സീസണിൽ ശരാശരി 94. ഒഡീഷയ്‌ക്കെതിരായി നേടിയ ട്രിപ്പിൾ സെഞ്ചുറിയും ഇതിൽഉൾപ്പെടും. ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് എതിരായി നേടിയ 183 റൺസും ശ്രദ്ധിക്കപ്പെട്ടു.

ഹൈദരാബാദിനുവേണ്ടി രഞ്ജി കളിച്ചിരുന്ന വിഹാരി രണ്ടു സീസൺ മുൻപേ ആന്ധ്രയ്ക്കായി പാഡണിയാൻ തീരുമാനിച്ചതാണ് കരിയറിലെ വഴിത്തിരിവ്. നല്ല രഞ്ജി കളിക്കാരനായി അറിയപ്പെടാനല്ല, ഇന്ത്യൻ കളിക്കാരാനായി മാറാനാണ് ആഗ്രഹമെന്നായിരുന്നു ടീം മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനം. ആന്ധ്ര ക്യാപ്റ്റൻസി ഏറ്റെടുത്തതോടെ കൂടുതൽ ഉത്തരവാദിത്തവുമായി. അതിനുശേഷം വച്ചടി കയറ്റമാണ്.

ദക്ഷിണാഫ്രിക്ക എ, ഇംഗ്ലണ്ട് എ ടീമുകൾക്കെതിരായ ടീമിൽ ഇടം ലഭിച്ചപ്പോഴേ ഇന്ത്യൻ ടീമിലേക്കുള്ള ദൂരം കുറഞ്ഞെന്ന് വിഹാരി ഉറപ്പിച്ചതാണ്. കിട്ടിയ അവസരം മുതലാക്കിയതാണ് തുണയായത്. രാഹുൽ ദ്രാവിഡിന്റെ പരിശീലനം തന്നെ ഏറെ സഹായിച്ചതായി വിഹാരി പറയുന്നു. ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്ക എക്കെതിരെ നേടിയ 148 ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള എൻട്രി പാസായി.

ഹൈദരാബാദിനായി ഐപിഎൽ

വിഹാരിയുടെ ബാറ്റിങ് ക്ലാസ് തിരിച്ചറിഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദ് 2015ൽ ടീമിലെത്തിച്ചു. ഒരു മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയെങ്കിലും 22 മൽസരങ്ങളിൽനിന്ന് കാര്യമായൊന്നും സംഭാവന ചെയ്യാനായില്ല. പിന്നീട് ടീമുകളൊന്നും പരിഗണിച്ചുമില്ല. താൻ ശ്രദ്ധിക്കപ്പെടാൻ ഐപിഎൽ താരമല്ലെന്ന തിരിച്ചറിവും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താൻ ഹനുമ വിഹാരിയെ പ്രചോദിപ്പിച്ചു.

അമ്മയുടെ പിന്തുണ

വിഹാരിക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ് അച്ഛൻ സത്യനാരായണ, അമ്പാട്ടി റായുഡുവിന്റെ കളി കാണാൻ ജിംഖാന സ്റ്റേഡിയത്തിലേക്കു കൂട്ടിയത്. റായുഡുവിന്റെ ഓൺ ഡ്രൈവ് കാണിച്ചു കൊടുത്ത് അതുപോലെ ചെയ്യാനാകുമോയെന്നായിരുന്നു ചാലഞ്ച്. രണ്ടു ദിവസം വിഹാരി അതിനു പിറകെയായിരുന്നു. മനോഹരമായി ഓൺഡ്രൈവ് കാണിച്ച് അച്ഛനെ തൃപ്തിപ്പെടുത്തിയേ പയ്യൻ അടങ്ങിയുള്ളൂ. പിന്നീട് ജിംഖാന യാത്ര പതിവായി.

വിഹാരിക്കു 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ദിവസങ്ങൾക്കകം ബാറ്റെടുത്ത് തന്റെ ടീമിനെ വിജയിപ്പിച്ച മകന്റെ നിശ്ചയദാർഢ്യം, അമ്മ വിജയലക്ഷ്മിയെ സ്വാധീനിച്ചു. ഇവൻ ക്രിക്കറ്റിൽ ശോഭിക്കുമെന്നു തിരിച്ചറിഞ്ഞ അവർ, ജോലിക്കു പോലും ശ്രമിക്കാതെ മകന്റെ ക്രിക്കറ്റിനൊപ്പം നിലകൊണ്ടു.അച്ഛന്റെ പെൻഷൻമാത്രമായിരുന്നു വരുമാനം. പഠിത്തത്തെക്കാൾ കളിക്കു പ്രാധാന്യം നൽകാൻ പറഞ്ഞ അമ്മയാണ് ഈ കളിക്കാരനിലെ ഊർജം.

കരുൺ നായരെ മറികടന്ന് ഫൈനൽ ഇലവനിൽ എത്താൻ സാധ്യത കുറവാണെങ്കിലും വിഹാരി തയാറാണ്. അവസരം നന്നായി ഉപയോഗിക്കണമെന്ന് വേറെയാരും പറഞ്ഞു കൊടുക്കേണ്ടതില്ല.