അലിക്ക് 9 വിക്കറ്റ്, അശ്വിന് മൂന്നും; പരുക്കു മറച്ചുവച്ചാണ് താരം കളിച്ചതെന്ന് ആരോപണം

രവിചന്ദ്രൻ അശ്വിൻ, മോയിൻ അലി

സതാംപ്ടൺ∙ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. അവസാന നിമിഷം വരെ വിജയസാധ്യതകളിലും ഒപ്പം നിന്നു. എങ്കിലും, മൽസരഫലം നിർണയിക്കുന്നതിൽ നിർണായകമായത് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട മോയിൻ അലിയും ഇന്ത്യൻ ടീമിലെ ഏക സ്പിന്നറായിരുന്ന രവിചന്ദ്രൻ അശ്വിനും കളത്തിൽ പുറത്തെടുത്ത പ്രകടനത്തിലെ വ്യത്യാസം തന്നെ. സതാംപ്ടണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ടീം ഇന്ത്യ, പരമ്പര കൈവിടുമ്പോൾ ഏറ്റവും വിമർശന മുന നീളുന്നത് ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറിലേക്കു തന്നെ.

സ്പിൻ കളിക്കുന്നതിൽ ഇന്ത്യക്കാരോളം വിദഗ്ധരായ താരങ്ങളില്ലെന്നാണ് പറച്ചിൽ. ക്രിക്കറ്റിൽ ഇന്ത്യ നേടിയിട്ടുള്ള വിജയങ്ങളിലേറെയും സ്പിൻ ട്രാക്കൊരുങ്ങി സന്ദർശകരെ അതിൽ കറക്കിവീഴ്ത്തി സ്വന്തമാക്കിയവയാണ്. എന്നിട്ടും, സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്കു കാരണമായത് ഒരു സ്പിന്നറായിരുന്നുവെന്ന് എങ്ങനെ വിശ്വസിക്കും. അതും പരമ്പരയിലാദ്യമായി ലഭിച്ച അവസരമാണ് ഇരു ഇന്നിങ്സുകളിലുമായി ഒൻപതു വിക്കറ്റ് വീഴ്ത്തി മോയിൻ അലി മുതലെടുത്തത്. കളിയിലെ കേമൻപട്ടം സ്വന്തമാക്കിയതും അലി തന്നെ.

മറുവശത്ത് ദയനീയമായിരുന്നു അശ്വിന്റെ പ്രകടനം. മൽസരത്തിൽ ആകെ നേടാനായത് മൂന്നു വിക്കറ്റ് മാത്രം. പരുക്കു മറച്ചുവച്ചാണ് അശ്വിൻ സതാംപ്ടണിൽ കളിച്ചതെന്ന് ആരോപണമുണ്ട്. അതുകൊണ്ടുതന്നെ പൂർണ മികവോടെ അശ്വിനു ബോൾ ചെയ്യാനായില്ലെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. കായികക്ഷമത അളക്കുന്നതിനുള്ള യോ–യോ ടെസ്റ്റിനു വിധേയനായിരുന്നുവെങ്കിൽ അശ്വിന് നാലാം ടെസ്റ്റഅ കളിക്കാനാകുമായിരുന്നില്ലെന്നാണ് വിമർശനം. എന്തായാലും അവസാന ടെസ്റ്റിൽ അശ്വിന്റെ സ്ഥാനത്ത് ജഡേജയെ പ്രതീക്ഷിക്കാം. 

അലിവില്ലാത്ത അലി!

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുമ്പോൾ, ആൻഡേഴ്സനും ബ്രോഡും കറനും ഉൾപ്പെടെയുള്ള പേസർമാർ വിതച്ചത് അലി കൊയ്യുകയായിരുന്നുവെന്ന് പറയേണ്ടി വരും. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് പേസർമാരാണ്. എന്നാൽ, അവിടുന്നങ്ങോട്ട് നിയന്ത്രണമേറ്റെടുത്ത അലി അഞ്ചു വിക്കറ്റുകളാണ് തുടർച്ചയായി നേടിയത്. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 161 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യയെയാണ് വെറും 46 റൺസിന്റെ ഇടവേളയിൽ അഞ്ചു വിക്കറ്റ് പിഴുത് അലി തകർത്തുകളഞ്ഞത്.

റിഷഭ് പന്ത് (പൂജ്യം), ഹാർദിക് പാണ്ഡ്യ (നാല്), അശ്വിൻ (ഒന്ന്), മുഹമ്മദ് ഷമി (പൂജ്യം), ഇഷാന്ത് ശർമ (14) എന്നിവരാണ് അലിക്കു മുന്നിൽ കീഴടങ്ങിയത്. അവസാന രണ്ടു വിക്കറ്റിൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് പൂജാര നടത്തിയ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയതും ഇന്ത്യയ്ക്ക് 27 റൺസ് ലീഡ് സമ്മാനിച്ചതും.

രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ തകർത്തുകളഞ്ഞത് അലി തന്നെ. 22 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയിലേക്കു നീങ്ങിയ ഇന്ത്യയെ നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത കോഹ്‍ലി–രഹാനെ സഖ്യം മൽസരത്തിലേക്കു മടക്കിക്കൊണ്ടു വരുമ്പോഴാണ് അലി വീണ്ടും നാശം വിതച്ചത്. 130 പന്തിൽ നാലു ബൗണ്ടറികളോടെ 58 റൺസെടുത്ത കോഹ്‍ലിയെ അലസ്റ്റയർ കുക്കിന്റെ കൈകളിലെത്തിച്ച അലി, ഇന്ത്യൻ നാശത്തിനു തുടക്കമിട്ടു.

മൂന്നിന് 22 റൺസ് എന്ന നിലയിൽനിന്ന് 123 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ മുന്നേറിയപ്പോഴായിരുന്നു ഇത്. പിന്നീട് വെറും 40 റൺസിനിടെ ആറു വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. ഇതിൽ നാലു വിക്കറ്റുകളും പോക്കറ്റിലാക്കിയത് അലി തന്നെ. കോഹ്‍ലിക്കു പുറമെ രഹാനെ (51), പന്ത് (18), മുഹമ്മദ് ഷമി (എട്ട്) എന്നിവരാണ് ഇക്കുറി അലിക്കു മുന്നിൽ കീഴടങ്ങിയത്.

പാളിപ്പോയ അശ്വമേധം!

മറുവശത്ത് ആയുധമില്ലാത്ത പോരാളിയായിരുന്നു അശ്വിൻ. റാങ്കിങ്ങിലെ മേധാവിത്തമോ അനുഭവ സമ്പത്തോ കറക്കിവീഴ്ത്തുന്ന പിച്ചോ അശ്വിന്റെ രക്ഷയ്ക്കെത്തിയില്ല. ഒന്നാം ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ ഒന്നും ഉൾപ്പെടെ അശ്വിന് ആകെ നേടാനായത് മൂന്നു വിക്കറ്റ് മാത്രം. രണ്ട് ഇന്നിങ്സിലും അശ്വിന്റെ പ്രകടനം ഇന്ത്യയ്ക്ക് കാര്യമായ ഫലമൊന്നും നൽകിയുമില്ല.

ഒന്നാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ ആറിന് 86 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട്, പിന്നീട് ഏഴാം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട് തീർത്താണ് മൽസരത്തിലേക്കു തിരിച്ചുവന്നത്. സാം കറൻ–മോയിൻ അലി സഖ്യം ഏഴാം വിക്കറ്റിൽ ബോൾ ചെയ്യുമ്പോൾ അവരെ പരീക്ഷിക്കാൻ പോലും അശ്വിനായില്ല. ഒടുവിൽ ഭേദപ്പെട്ട നിലയിലേക്ക് ഇംഗ്ലണ്ട് സ്കോർ വളർന്നശേഷമാണ് മോയിൻ അലിയെ മടക്കാൻ അശ്വിനായത്. പിന്നീട് സാം കറനെയും പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ട് 246 റൺസിൽ എത്തിയിരുന്നു. 14.4 ഓവറിൽ 40 റൺസ് വഴങ്ങിയാണ് അശ്വിൻ രണ്ടു വിക്കറ്റെടുത്തത്.

രണ്ടാം ഇന്നിങ്സിൽ കൂടുതൽ ദയനീയമായിരുന്നു അശ്വിന്റെ പ്രകടനം. 37.1 ഓവർ ബോൾ ചെയ്തിട്ടും 84 റൺസ് വഴങ്ങി വീഴ്ത്താനായത് വെറും ഒരു വിക്കറ്റ്. ഒരു ഘട്ടത്തിലും ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളി സൃഷ്ടിക്കാനും അശ്വിനായില്ല. ബാറ്റിങ്ങിലെ ഭേദപ്പെട്ട പ്രകടനം കൊണ്ടു മാത്രം അശ്വിനെ ടീമിൽ നിലനിർത്താൻ കോഹ്‍ലി തയാറാകുമോയെന്ന് കണ്ടറിയേണ്ടിവരും.