കോഹ്‍ലിക്കു പിന്നാലെ ബോളിവുഡ് പ്രണയകഥയിൽ ‘നായകനായി’ ശാസ്ത്രിയും?

രവി ശാസ്ത്രി, നിമ്രത് കൗർ.

മുംബൈ∙ ക്രിക്കറ്റ്–ബോളിവുഡ് പ്രണയകഥകളുടെ നിരയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയും? പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറും ശാസ്ത്രിയും പ്രണയത്തിലാണെന്ന് പുണെ മിററാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ് അമ്പത്തിയാറുകാരനായ ശാസ്ത്രി. ആദ്യഭാര്യ റിതുവുമായി പിരിഞ്ഞ ശാസ്ത്രി പിന്നീട് വിവാഹം കഴിച്ചിട്ടില്ല. ഈ ബന്ധത്തിൽ അലേക എന്ന പേരിൽ ഒരു മകളുമുണ്ട്. ശാസ്ത്രിക്ക് 46 വയസ്സുള്ളപ്പോഴാണ് ഈ മകൾ പിറന്നത്.

അതേസമയം, അനുരാഗ് കശ്യപിന്റെ നിർമാണത്തിൽ വാസൻ ബാല സംവിധാനം ചെയ്ത പെഡ്‌ലേഴ്സ് എന്ന ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു മുപ്പത്തിയാറുകാരിയായ നിമ്രത് കൗർ. ലഞ്ച് ബോക്സിലും അടുത്തിടെ എയർലിഫ്റ്റ് എന്ന ചിത്രത്തിൽ അക്ഷയ് കുമാറിന്റെ ഭാര്യയായും വേഷമിട്ടു. അമേരിക്കൻ ടെലിവിഷൻ പരമ്പരകളായ ഹോം ലാൻഡ്, വേവാർഡ് പൈൻസ് എന്നിവയിലും വേഷമിട്ടു.

ജർമൻ കാർ നിർമാതാക്കൾക്കായി 2015ൽ പുതിയ മോഡൽ അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ട്. പിന്നീട് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ബന്ധം തുടർന്നുവരികയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാഹത്തിനു മുൻപ് ബോളിവുഡ് താരം അമൃത സിങ്ങുമായി ശാസ്ത്രി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം പിന്നീട് തകർന്നു. അമൃത സിങ് പിന്നീട് സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും പിരിഞ്ഞു. സെയ്ഫ് അലി ഖാൻ പിന്നീട് കരീന കപൂറിനെ വിവാഹം ചെയ്തു.

എന്തായാലും വിരാട് കോഹ്‍ലി–അനുഷ്ക ശർമ പ്രണയത്തിനുശേഷം ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ് ശാസ്ത്രി–കൗർ പ്രണയവും. കോഹ്‍ലിക്കു മുൻപ് സഹീർ ഖാൻ (സാഗരിക ഗാട്കെ), യുവ്‌രാജ് സിങ് (ഹെയ്സൽ കീച്ച്), ഹർഭജൻ സിങ് (ഗീത ബസ്‍റ) തുടങ്ങിയവർ ചലച്ചിത്ര മേഖലയിൽനിന്ന് പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.