കുക്ക് ആകെ നേടിയത് ഒരേയൊരു രാജ്യാന്തര വിക്കറ്റ്; ഇര ഇഷാന്ത് ശർമ – വിഡിയോ

ഇഷാന്ത് ശർമയെ പുറത്താക്കിയ അലസ്റ്റയർ കുക്കിന്റെ ആഹ്ലാദം.

ലണ്ടൻ∙ പന്ത്രണ്ടു വർഷത്തിലധികം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടാൻ സമയമായെന്ന് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലസ്റ്റയർ കുക്ക് തീരുമാനിച്ചിരിക്കുന്നു. 160 ടെസ്റ്റുകൾ നീണ്ട കരിയറിൽ 44.88 റൺസ് ശരാശരിയിൽ 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരങ്ങളിൽ ആറാം സ്ഥാനത്താണ് കുക്ക്. ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച ഓവലിൽ ആരംഭിക്കുന്ന ടെസ്റ്റ് തന്റെ അവസാന ടെസ്റ്റ് ആയിരിക്കുമെന്നാണ് കുക്കിന്റെ പ്രഖ്യാപനം. ഓപ്പണറെന്ന നിലയിൽ കുക്ക് നേടിയ 11,627 റൺസ് രാജ്യാന്തര ക്രിക്കറ്റിലെ സർവകാല റെക്കോർഡാണ്.

ബാറ്റ്സ്മാനെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ബോളറെന്ന നിലയിൽ അത്ര പേരെടുത്ത താരമൊന്നുമല്ല കുക്ക്. ബാറ്റ്സ്മാനെന്ന നിലയിൽ ടെസ്റ്റ് കരിയറിലാകെ 26,086 പന്തുകളാണ് കുക്ക് നേരിട്ടത്. എന്നാൽ, ബോളറെന്ന നിലയിൽ രാജ്യാന്തര ക്രിക്കറ്റിൽ കുക്ക് എറിഞ്ഞിട്ടുള്ളത് വെറും പതിനെട്ടു പന്തുകളാണ്. ഏഴു റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയിട്ടുള്ളത് ഒരേയൊരു വിക്കറ്റ്!

ബോളർമാരുടെ പേടിസ്വപ്നമായി ഒട്ടേറെക്കാലം രാജ്യാന്തര ക്രിക്കറ്റിൽ മിന്നിനിന്ന കുക്ക് നേടിയിട്ടുള്ള ഒരേയൊരു വിക്കറ്റ് ഇന്ത്യൻ താരം ഇഷാന്ത് ശർമയുടേതാണ്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഇഷാന്തിനെ പുറത്താക്കി കുക്ക് തന്റെ ഏക രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയത്. ഈ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ നായകൻ കൂടിയായിരുന്നു കുക്ക് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ രണ്ട് ഓവറുകളാണ് ബോൾ ചെയ്തത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിൽ ഇന്ത്യയ്ക്കായി ഒൻപതാം വിക്കറ്റിൽ ഇഷാന്ത് ശർമ–മുഹമ്മദ് ഷമി സഖ്യം പിരിക്കാൻ ഇംഗ്ലണ്ട് ബോളർമാർ ബുദ്ധിമുട്ടുമ്പോഴാണ് കുക്ക് കരിയറിലാദ്യമായി പന്ത് കയ്യിലെടുത്തത്.

ഒൻപതാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്ത് മുന്നേറുന്നതിനിടെ, 55 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസെടുത്ത ഇഷാന്തിനെ കുക്ക് വിക്കറ്റ് കീപ്പർ മാറ്റ് പ്രയറിന്റെ കൈകളിലെത്തിച്ചു. ലെഗ് സ്റ്റംപിനു പുറത്തുകൂടി പോയ പന്തിൽ ബാറ്റു വച്ചാണ് ഇഷാന്ത് പ്രയറിന് ക്യാച്ചുനൽകി പുറത്തായത്. കുക്കിന്റെ കരിയറിലെ ആദ്യ രാജ്യാന്തര വിക്കറ്റ്. മിക്കവാറും അവസാനത്തെയും!

അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ കുക്കിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയിട്ടുള്ള ബോളറാണ് ഇഷാന്തെന്നതും മറ്റൊരു കൗതുകം. ഇതുവരെ 12 തവണയാണ് കുക്ക് ഇഷാന്തിനു മുന്നിൽ കീഴടങ്ങിയത്. ഇപ്പോൾ നടന്നുവരുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇഷാന്ത് കുക്കിനെ പുറത്താക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലും 12 തവണ കുക്കിനെ പുറത്താക്കിയിട്ടുണ്ട്.