ശാസ്ത്രീ, കണക്കിൽ കള്ളമില്ല; ഇന്ത്യൻ കോച്ചിനു നേരെ വിമർശനമുയർത്തി ആരാധകർ

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു ശേഷവും ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തിയ കോച്ച് രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനം. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ രോഷംപൂണ്ട ആരാധകരുടെ അമർഷം അടക്കാൻ നടത്തിയ പത്രസമ്മേളനം ശാസ്ത്രിക്കുതന്നെ വിനയാകുകയായിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹർഭജൻസിങ് തുടങ്ങി‌യവർ ശാസ്ത്രിയെ വിമർശിച്ചു നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. ബോളിവുഡ് നടി നിമ്രത് കൗറുമായുള്ള അടുപ്പത്തിന്റെ പേരിലും അടുത്തിടെ ആരാധകർ ശാസ്ത്രിയോടു മുഷിഞ്ഞിരുന്നു.

‘‘കഴിഞ്ഞ മൂന്നുവർഷത്തിനിടെ വിദേശരാജ്യങ്ങളിൽ ഒൻപതു ടെസ്റ്റുകളും മൂന്നു പരമ്പരകളും നേടിയ ടീമാണ് ഇന്ത്യ. കഴിഞ്ഞ 15–20 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ടീം ഇതാണ്’’ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്കുശേഷം കോച്ച് രവി ശാസ്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്.

എന്നാൽ ശാസ്ത്രി വസ്തുതകൾ മറച്ചുവച്ചെന്നും മുൻ ഇന്ത്യൻ നായകരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടിയെന്നുമുള്ള വാദവുമായാണു ശാസ്ത്രിക്കെതിരെ ക്രിക്കറ്റ് ആരാധകർ ട്വിറ്ററിൽ പൊങ്കാല തീർത്തത്.

ശാസ്ത്രി ചൂണ്ടിക്കാട്ടിയ ഒൻപതു ടെസ്റ്റ് വിജയങ്ങൾ ശ്രീലങ്ക (5), വിൻഡീഡ് (2), ദക്ഷിണാഫ്രിക്ക (1), ഇംഗ്ലണ്ട് (1) എന്നിവയാണ്. ഇന്ത്യ നേടിയ മൂന്നു പരമ്പരകളിൽ രണ്ടെണ്ണം ശ്രീലങ്കയ്ക്കെതിരെയും ഒന്ന് വിൻഡീസിനെതിരെയുമാണ്. 

സൗരവ് ഗാംഗുലി

2000: ബംഗ്ലാദേശിൽ ടെസ്റ്റ് ജയം

2001: സിംബാബ്‌വെയ്ക്കെതിരെ ടെസ്റ്റ് ജയം.

2002: ഇംഗ്ലണ്ടിൽ ടെസ്റ്റ് ജയം (പരമ്പര 1–1 സമനില), 

വിൻഡീസിൽ 2–1 പരമ്പര ജയം, ന്യൂസീലൻഡിൽ 2–0 പരമ്പരജയം.

2003–04: ഓസ്ട്രേലിയയിൽ ടെസ്റ്റ് ജയം (പരമ്പര 1–1 സമനിലയിൽ), പാക്കിസ്ഥാനെതിരെ 2–1 പരമ്പര ജയം.

രാഹുൽ ദ്രാവിഡ്

ഇംഗ്ലണ്ടിലും വിൻഡീസിലും പരമ്പര ജയം.ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ജയം (പരമ്പര 2–1ന് ഇന്ത്യ തോറ്റു)

അനിൽ കുംബ്ലെ

ഓസ്ട്രേലിയയിൽ ടെസ്റ്റ് ജയം (പരമ്പര 2–1ന് ഇന്ത്യ തോറ്റു)

എം.എസ്. ധോണി

ന്യൂസീലൻഡിൽ പരമ്പര ജയം‌‌. ദക്ഷിണാഫ്രിക്കൻ‌ പരമ്പര 1–1 സമനിലയിൽ