Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ടെസ്റ്റ് ഇന്നുമുതൽ; ഇന്ത്യയ്ക്കിത് ഉഗ്രൻ ചാൻസ്!

Tim Paine, Virat Kohli ടെസ്റ്റ് പരമ്പര വിജയികൾക്കുള്ള ബോർഡർ – ഗാവസ്കർ ട്രോഫിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസ്ട്രേലിയൻ നായകൻ ടിം പെയ്നും

അഡ്‌ലെയ്ഡ്∙ ‘ഓസ്ട്രേലിയ പിടിച്ച്’ ചരിത്രത്തിൽ ഇടം പിടിക്കാൻ കോപ്പുകൂട്ടി വിരാട് കോഹ്‌ലിയും കൂട്ടരും ഇന്നിറങ്ങുന്നു. പേസ് ബോളിങിനും ബൗൺസിനും പേരുകേട്ട ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടം എന്നത് ഇന്ത്യയ്ക്ക് ഇന്നും കിട്ടാക്കനിയാണ്. 2014–15ൽ 4 മൽസര പരമ്പരയിൽ  പിണഞ്ഞ 2–0 തോൽവിയുടെ നിരാശയുമായാണ് നാട്ടിലേക്കു മടങ്ങിയ ഇന്ത്യയ്ക്ക് ഇതു പകരം വീട്ടലിനുള്ള അവസരവും.

എന്നാൽ അവിസ്മരണീയ ഫോമിൽ ബാറ്റുവീശി അന്നു പരമ്പര നേട്ടത്തിനു മുന്നിൽ നിന്നു നയിച്ച സ്റ്റീവ് സ്മിത്ത് (4 കളിയിൽ 769 റൺസോടെ പരമ്പരയുടെ താരം) പന്തു ചുരണ്ടൽ വിവാദത്തിൽപ്പെട്ടു ടീമിനു പുറത്തായതു ഓസീസിന്റെ ചങ്കിടിപ്പു കൂട്ടുന്നു. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോർഡുള്ള ഡേവിഡ് വാർണറും ഇതേ വിവാദത്തിൽപ്പെട്ടു പുറത്തായതോടെ ഒരു ചുവടുകൂടി പിന്നോട്ടു വലിഞ്ഞാണ് ഓസീസ് 4 ടെസ്റ്റുകളുടെ പരമ്പരയ്ക്കെത്തുന്നത്. 

സ്മിത്തിന്റെയും വാർണറുടെയും അസാന്നിധ്യം മുതലെടുത്തു പരമ്പര നേട്ടം കിനാവു കാണുന്ന ഇന്ത്യയ്ക്കു വിദേശ പിച്ചുകളിലെ മോശം റെക്കോർഡ് തന്നെയാണു തലവേദന. ജനുവരിയിലെ ദക്ഷിണാഫ്രിക്കൻ‌ പര്യടനത്തിൽ 2–1നു പരാജയപ്പെട്ട ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിൽ തോറ്റത് 4–1ന്.

ഓസീസും കോഹ്‌ലിയും

കഴിഞ്ഞ തവണ ഓസീസ് പര്യടനത്തിനെത്തിയപ്പോൾ  4 കളിയിൽ 4 സെഞ്ചുറിയടക്കം 692 റൺസായിരുന്നു കോഹ്‌ലിയുടെ റൺ സമ്പാദ്യം. ഇനി അഡലെയ്ഡിലെ കാര്യമെടുത്താൽ കോഹ്‌ലിയുടെ റെക്കോർഡിനു തിളക്കമേറും, ഇവിടെ കളിച്ച രണ്ടു കളിയിൽ 3 സെഞ്ചുറിയാണ് ഇന്ത്യൻ നായകന്റെ  നേട്ടം. 

ബാറ്റിങ് നിരയിലെ ആറാം സ്ഥാനക്കാരന്റെ കാര്യത്തിലാണ് ഇന്ത്യൻ നിരയിൽ അങ്കലാപ്പ്. 

രോഹിത് ശർമ, ഹനുമാ വിഹാരി എന്നിവരിൽ ഒരാൾക്കേ ടീമിൽ ഇടമുണ്ടാകൂ. ബാറ്റിങ് ഓൾറൗണ്ടർ എന്ന നിലയിൽ വിഹാരി ടീമിലെത്താനാണു സാധ്യത.

ഷാ മൂന്നാം ടെസ്റ്റിൽ എത്തും: ശാസ്ത്രി

സന്നാഹമൽസരത്തിനിടെ ഉപ്പൂറ്റിക്കു പരുക്കേറ്റു ടീമിനു പുറത്തായ ഇന്ത്യൻ കൗമാരതാരം പൃഥ്വി ഷാ അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും മൂന്നാം ടെസ്റ്റിൽ ടീമിനൊപ്പം ചേർന്നേക്കുമെന്നും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പ്രധാന പരമ്പരയ്ക്കു മുൻപു ഷാ പരുക്കേറ്റു പുറത്തായതു നിരാശാജനകമായി എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. 

പേരുദോഷം മാറ്റാൻ പെയ്ൻ

ഇന്ത്യയെക്കെതിരെ ഇന്നു കളിക്കിറങ്ങുന്ന ഓസീസ് നായകൻ ടിം പെയ്നു രണ്ടാണു ലക്ഷ്യം. ഇന്ത്യയെ മെരുക്കി പരമ്പരയിൽ മുന്നിലെത്തണം, അതോടൊപ്പം ഗൗണ്ടിലെ മാന്യമായ ഇടപെടലുകളിലൂടെ നാട്ടുകാരുടെ വിശ്വാസം തിരിച്ചുപിടിക്കണം. പന്തു ചുരണ്ടൽ വിവാദത്തിൽ മുഖം നഷ്ടമായി നിൽക്കുന്ന ഓസീസ് ടീമിനോടുള്ള ആരാധകരുടെ കലിപ്പ് ഇനിയും അവസാനിച്ചിട്ടില്ല.

related stories