ശാസ്ത്രിയും രഹാനെയും പറഞ്ഞതു കള്ളം; അശ്വിന് പരുക്കെന്ന് കോഹ്‍ലി

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽനിന്ന് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതുകൊണ്ടെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അശ്വിന് പരുക്കില്ലെന്ന പരിശീലകൻ രവി ശാസ്ത്രിയുടെയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ തള്ളുന്നതാണ് കോഹ്‍ലിയുടെ വെളിപ്പെടുത്തൽ.

സതാംപ്ടണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അശ്വിനെ പരുക്കുമായി കളിപ്പിച്ചതാണ് ഇന്ത്യയുടെ തോൽവിക്കു കാരണമെന്നു വിമർശനമുണ്ടായിരുന്നു. അശ്വിന്റെ പ്രകടനത്തിൽ പലപ്പോഴും പരുക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക് ബെയർലി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

മൽസരത്തിൽ അശ്വിന്റെ പ്രകടനം മോശമായതോടെ വിമർശനത്തിന് മൂർച്ച കൂടുകയും ചെയ്തു. ഒൻപതു വിക്കറ്റ് വീഴ്ത്തി ഇംഗ്ലിഷ് സ്പിന്നർ മോയിൻ അലി ടീമിന് വിജയം സമ്മാനിച്ചപ്പോൾ, ഇന്ത്യൻ ടീമിലെ ഏക സ്പിന്നറായിരുന്ന അശ്വിന് മൽസരത്തിൽ യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, ഇരു ടീമുകളും മികച്ച രീതിയിൽ പോരാടിയെങ്കിലും ഇന്ത്യയുടെ തോൽവിക്കു കാരണമായത് മോയിൻ അലിയെപ്പോലെ അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതാണെന്ന് മുൻ താരങ്ങൾ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാൽ, മൽസരശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയ പരിശീലകൻ രവി ശാസ്ത്രിയോടും അഞ്ചാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ ഉപനായകൻ അജിങ്ക്യ രഹാനെയോടും അശ്വിന്റെ പരുക്കിനെക്കുറിച്ച് ചോദിച്ചെങ്കിലും ഇരുവരും അതു നിഷധിച്ചിരുന്നു. എന്നാൽ, ഇവരുടെ നിലപാട് തെറ്റാണെന്നു തെളിയിക്കുന്നതാണ് കോഹ്‍ലിയുടെ പ്രതികരണം.