10,000 ക്ലബ് ഇനി വിരമിച്ചവരുടേതു മാത്രം; ഈ നാഴികക്കല്ലിൽ അടുത്തത് ആരുടെ ഊഴം?

ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിച്ചപ്പോൾ കാണികളെ അഭിവാദ്യം ചെയ്യുന്ന അലസ്റ്റയർ കുക്ക്

ടെസ്റ്റിലെ റൺവേട്ടയിൽ സച്ചിൻ തെൻഡുൽക്കറെ വെല്ലാൻപോന്നവനെന്നു ക്രിക്കറ്റ് പണ്ഡിതർ വിശേഷിപ്പിച്ചത് അലസ്റ്റയർ കുക്കിനെയാണ്! ‍സെഞ്ചുറികൾ തുടർക്കഥയാക്കിയ കുക്ക് റൺവേട്ടക്കാരുടെ മുൻനിരയിലേക്കും കടന്നതോടെ ടെസ്റ്റിൽ സച്ചിന്റെ റെക്കോർഡുകളിൽ ചിലതെങ്കിലും തകർന്നുവീഴുമെന്ന് ക്രിക്കറ്റ് ആരാധകരും വിശ്വസിച്ചു. എന്നാൽ 12 വർഷം നീണ്ട ടെസ്റ്റ് കരിയറിനോടു കുക്ക് വിടപറഞ്ഞതോടെ ഒന്നുറപ്പായി; സച്ചിന്റെ ടെസ്റ്റ് റെക്കോർഡുകൾക്ക് അടുത്ത കാലത്തെങ്ങും ഇളക്കം തട്ടില്ല. കുക്ക് പാഡഴിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺ തികച്ചവരുടെ ക്ലബ്ബിന് നിലവിൽ കളി തുടരുന്ന അവസാന അംഗത്തെയും നഷ്ടമായിരിക്കുകയാണിപ്പോൾ. 

15,921 റൺസോടെ സച്ചിൻ നയിക്കുന്ന 10,000 റൺസ് ക്ലബ്ബിലെ 13 അംഗങ്ങളിൽ അഞ്ചാമനാണു കുക്ക്. 9022 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയാണ് നിലവിൽ കളി തുടരുന്ന റൺവേട്ടക്കാരിൽ മുമ്പൻ. മുപ്പത്തഞ്ചുകാരനായ അംലതന്നെയാകും 10,000 ക്ലബ്ബിൽ അടുത്തതായി ഇടം പിടിക്കുക. തൊട്ടുപിന്നിലുള്ള ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിന്റെ അക്കൗണ്ടിൽ ഇതിനകം 6363 റൺസേയുള്ളു. 

ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്നു ബാറ്റ്സ്മാൻമാരായി പരക്കെ വിലയിരുത്തപ്പെടുന്ന ജോ റൂട്ട്, വിരാട് കോഹ്‌ലി, മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് എന്നിവർ റൺവേട്ടയിലും ഏറെക്കുറെ തുല്യത പാലിക്കുന്നു എന്നതും കൗതുകകരമാണ്. 

10,000 ക്ലബ്ബിൽ ആദ്യം ഇടംപിടിക്കാൻ മൂവരും തമ്മിൽ പൊരിഞ്ഞ പോരാട്ടംതന്നെ പ്രതീക്ഷിക്കാം, പക്ഷേ, അതിനായി അൽപം കാത്തിരിക്കേണ്ടിവരും എന്നുമാത്രം!