ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ല: 4 വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ജഡേജ

ദുബായ്∙ തനിക്ക് ആരുടെ മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് ബംഗ്ലദേശിനെതിരായ നാലു വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഈ തിരിച്ചുവരവ് താൻ എക്കാലവും ഓർത്തിരിക്കുമെന്നും ജഡേജ വ്യക്തമാക്കി. ബംഗ്ലദേശിനെതിരെ കളിയിലെ കേമൻ പട്ടം നേടിയ പ്രകടനത്തോടെ ടീമിനു വിജയം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ജഡേജ.

ഈ തിരിച്ചുവരവും പ്രകടനവും എന്നും ഞാൻ ഓർമിക്കും. കാരണം, 480 ദിവസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീം ജഴ്സി അണിയാൻ എനിക്കു വീണ്ടും അവസരം ലഭിച്ചത്. ഇതിനു മുൻപ് കരിയറിലുണ്ടായ ഒരു ഇടവേളയും ഇത്ര നീണ്ടതായിരുന്നില്ല – ജഡേജ പറഞ്ഞു.

ആരുടെ മുന്നിലും ഒന്നും എനിക്കു തെളിയിക്കാനില്ല. എന്റെ എല്ലാ കഴിവുകളും മിനുസപ്പെടുത്തിയെടുക്കുക എന്നതു മാത്രമാണ് ലക്ഷ്യം. എനിക്കെന്തു ചെയ്യാനാകുമെന്ന് ഇനിയും കാണിച്ചുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നെത്തന്നെ വെല്ലുവിളിക്കാനാണ് എനിക്കു താൽപര്യം – ജഡേജ വ്യക്തമാക്കി.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിൽ കളിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ജഡേജ പറഞ്ഞു. ലോകകപ്പ് ആകാൻ ഇനിയും ഒരുപാടു സമയമുണ്ട്. അതിനു മുൻപ് നമ്മൾ ഒരുപാടു മൽസരങ്ങൾ കളിക്കും. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം ഇതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹമെന്നും ജഡേജ പറഞ്ഞു.

കുറച്ചുകാലമായി സ്ഥിരമായി അവസരം കിട്ടാത്തതിനാൽ, ലഭിക്കുന്ന അവസരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതായും ജഡേജ വെളിപ്പെടുത്തി. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതു മാത്രമാണ് എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യം. വ്യക്തിപരമായി എങ്ങനെ മെച്ചപ്പെടാം എന്നാണ് ആലോചിച്ചതും അതിനാണ് ശ്രമിച്ചതും – ജഡേജ പറഞ്ഞു.

ഏകദിന ടീമിലേക്ക് വിളി വന്ന കാര്യം ആദ്യം താൻ അറിഞ്ഞിരുന്നില്ലെന്നും ജഡേജ വെളിപ്പെടുത്തി. ഈ സമയത്ത് ഞാൻ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു സിലക്ടർ എന്നെ വിളിച്ച് ദുബായിലേക്കു പോകേണ്ടി വരും, തയാറായിരിക്കാൻ പറഞ്ഞു. അങ്ങനെയാണ് ടീമിനൊപ്പം വീണ്ടും എത്തിയത് – ജഡേജ പറഞ്ഞു.