വനിതാ ട്വന്റിയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ; ജമൈമയ്ക്ക് അർധസെഞ്ചുറി

ശ്രീലങ്കയ്ക്കെതിരെ ജമൈമ റോഡ്രിഗസിന്റെ പ്രകടനം.

കൊളംബോ∙ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. പരമ്പരയിലെ മൂന്നാം മൽസരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തപ്പോൾ, 10 പന്തു ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. ആദ്യ മൽസരത്തിൽ ഇന്ത്യ 13 റൺസിനു ജയിച്ചപ്പോൾ, രണ്ടാം മൽസരം മഴമൂലം ഉപേക്ഷിച്ചു. തിങ്കളാഴ്ചയാണ് പരമ്പരയിലെ നാലാം മൽസരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി നാലു താരങ്ങൾക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 32 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 35 റൺസെടുത്ത ശശികല സിരിവർധനെയാണ് ടോപ് സ്കോറർ. നിലാക്ഷി ഡിസിൽവ (31), ക്യാപ്റ്റൻ ജയാംഗനി (28), കൗശല്യ (10) എന്നിവരാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി, ഹർമൻപ്രീത് കൗർ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കുറിച്ച പതിനെട്ടുകാരി ജമൈമ റോഡ്രിഗസിന്റെ പ്രകടനമാണ് വിജയം സമ്മാനിച്ചത്. ജമൈമ 40 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 57 റൺസെടുത്തു. രാജ്യാന്തര ട്വന്റി20യിൽ ജമൈമയുടെ ഉയർന്ന സ്കോർ കൂടിയാണിത്. ഹർമൻപ്രീത് കൗർ 24 റൺസെടുത്തു.