Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലബ് ക്രിക്കറ്റിൽ കോച്ച് കം പ്ലെയർ; സ്മിത്തും വാർണറും മടങ്ങിയെത്തുന്നു

Steve-Smith-David-Warner

സിഡ്നി∙ പന്തിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിലക്കു നേരിടുന്ന ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ക്ലബ് ക്രിക്കറ്റിൽ കളിക്കാരായും മാർഗനിർദേശകരായും മടങ്ങിയെത്തുന്നു. ഇന്ന് സതർലാൻഡ് ക്ലബിനു വേണ്ടി മോസ്മാൻ ക്ലബിനെതിരെ കളത്തിലിറങ്ങുന്ന സ്മിത്ത് സഹതാരങ്ങൾക്ക് മാർഗനിർദേശം നൽകി ടീമിന്റെ മെന്ററായും പ്രവർത്തിക്കും. റാൻഡ്‌വിക്–പീറ്റർഷാം ക്ലബിനു വേണ്ടിയാണ് വാർണർ കളത്തിലിറങ്ങുന്നത്. യുവതാരങ്ങൾക്ക് ക്രിക്കറ്റ് ടെക്നിക്കുകൾ പകർന്നു കൊടുക്കാനാവുന്നതിൽ സന്തോഷമുണ്ടെന്ന് സ്മിത്തും വാർണറും പറഞ്ഞു. സ്മിത്തും വാർണറും വിലക്കിലായതോടെ കോളടിച്ചിരിക്കുന്നത് ഓസ്ട്രേലിയയിലെ ക്ലബ് ക്രിക്കറ്റിനാണ്. ഇരുവരുടെയും സാന്നിധ്യം മൽസരങ്ങൾക്കുള്ള കാണികളുടെ എണ്ണത്തിൽ വൻവർധനയുണ്ടാക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നവംബർ 10ന് ഇരുവരുടെയും ടീമുകൾ നേർക്കു നേർ വരുന്നത് ആവേശ മൽസരമാകും. സ്മിത്തിനൊപ്പം സതർലാൻഡ് ടീമിൽ മുൻ താരം ഷെയ്ൻ വാട്സണും മുൻ ക്യാപ്റ്റൻ സ്റ്റീവ് വോയുടെ മകൻ ഓസ്റ്റിൻ വോയും ഇറങ്ങുന്നുണ്ട്.