മോയിൻ അലിയെ ഓസീസ് താരം ഒസാമയെന്നു വിളിച്ച സംഭവം; തെളിവില്ല, നടപടിയും

സിഡ്നി∙ ആഷസ് പരമ്പരയ്ക്കിടെ ഒരു ഓസ്ട്രേലിയൻ താരം തന്നെ ‘ഒസാമ’ എന്നു വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്ന ഇംഗ്ലണ്ട് താരം മോയിൻ അലിയുടെ വെളിപ്പെടുത്തലിലെ അന്വേഷണം, തെളിവില്ലാത്തതിനെ തുടർന്ന് നടപടികളൊന്നുമില്ലാതെ ക്രിക്കറ്റ് ഓസ്ട്രേലിയ അവസാനിപ്പിച്ചു. 2015ലെ ആഷസ് പരമ്പരയിൽ ആദ്യ ടെസ്റ്റിനിടെ ഒരു ഓസീസ് താരം തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് മോയിൻ അലി ഒരു പുസ്തകത്തിലാണ് വെളിപ്പെടുത്തിയത്.

അൽ ഖായ്ദ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ പേരു വിളിച്ച് തന്നെ അപമാനിച്ചെന്നും മോയിൻ അലി കുറിച്ചിരുന്നു. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിനിടെയുണ്ടായ സംഭവം താൻ ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‍ലിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും മോയിൻ അലി അറിയിച്ചു. അദ്ദേഹം ഇക്കാര്യം അന്നത്തെ ഓസീസ് പരിശീലകൻ ഡാരൻ ലേമാനെയും ധരിപ്പിച്ചു.

എന്നാൽ, കുറ്റാരോപിതനായ ഓസ്ട്രേലിയൻ താരം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. മോയിൻ അലിയെ താൻ ‘പാർട് ടൈമർ’ എന്നാണ് വിളിച്ചതെന്നായിരുന്നു വിശദീകരണം. സംഭവം പുറത്തായതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രശ്നത്തിൽ ഇടപെടുകയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട് പ്രശ്നം ചർച്ച ചെയ്യുകയും ചെയ്തു.

കാർഡിഫ് ടെസ്റ്റിൽ കളിച്ച ഓസീസ് താരങ്ങളുമായും ടീം അധികൃതരുമായും സംസാരിച്ച ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അച്ചടക്ക വിഭാഗം, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി നിരന്തരം ബന്ധപ്പെട്ടും വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ചു. എന്നാൽ, ഓസീസ് താരം ഇത്തരമൊരു പരാമർശം നടത്തിയതിന് സാക്ഷികളില്ലാതെ പോയതോടെയാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം. പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന മോയിൻ അലിയുടെ നിലപാടും അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി.