Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാകപ്പ് പ്രകടനം തുണച്ചു; ഗാംഗുലിയുടെ 18 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം രോഹിത്

Rohit Sharma രോഹിത് ശർമ

ദുബായ്∙ ഏഷ്യാകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ ചിറകിലേറി ഏകദിന റാങ്കിങ്ങിൽ മികച്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം രോഹിത് ശർമ, സൗരവ് ഗാംഗുലിയുടെ 18 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം. 844 പോയിന്റുമായി ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കു കുതിച്ചു കയറിയ രോഹിത്, റേറ്റിങ് പോയിന്റിൽ ഗാംഗുലിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് ഒപ്പമെത്തി. 2000ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രകടനമാണ് ഗാംഗുലിക്ക് 844 റേറ്റിങ് പോയിന്റ് നേടിക്കൊടുത്തത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‍ലി (911), സച്ചിൻ തെൻഡുൽക്കർ (887) എന്നിവർക്കുശേഷം ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ഗാംഗുലിക്കൊപ്പം പങ്കിട്ടു.

813 പോയിന്റുമായി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തിയ ഓപ്പണർ ശിഖർ ധവാൻ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച അഞ്ചാമത്തെ റേറ്റിങ് പോയിന്റാണ് സ്വന്തമാക്കിയത്. 2009ൽ 836 പോയിന്റു നേടിയിട്ടുള്ള മഹേന്ദ്രസിങ് ധോണിയാണ് ഇക്കാര്യത്തിൽ നാലാമതുള്ളത്. അതേസമയം, ഇക്കുറി ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരങ്ങൾ ശ്രദ്ധ നേടി. ബാറ്റ്സ്മാൻമാരിൽ ആദ്യ അഞ്ചിൽ മൂന്നുപേരും ഇന്ത്യൻ താരങ്ങളാണ്. ബോളർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ രണ്ടു പേരാണ് ഇന്ത്യക്കാരുള്ളത്. ടീമുകളിൽ ഇന്ത്യ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തു തുടരുന്നു.

ഏഷ്യാകപ്പിൽനിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ, കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ ടീമിനെ നയിച്ച രോഹിത് ശർമ രണ്ടാമതെത്തി. രണ്ടു സ്ഥാനം കയറിയാണ് രോഹിത് രണ്ടാമതെത്തിയത്. അഞ്ച് മൽസരങ്ങളിൽനിന്ന് 317 റൺസ് നേടിയ രോഹിത് ശർമയുടെ പ്രകടനം ഏഷ്യാകപ്പ് കിരീട വിജയത്തിൽ നിർണായകമായിരുന്നു. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതം 105.66 റൺ ശരാശരിയിലാണ് രോഹിത് 317 റൺസെടുത്തത്.

രോഹിതിന്റെ ഓപ്പണിങ് പങ്കാളിയും പരമ്പരയുടെ താരവുമായ ശിഖർ ധവാൻ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. നാലു സ്ഥാനം കയറിയാണ് ധവാൻ അഞ്ചാമതെത്തിയത്. അഞ്ച് ഇന്നിങ്സുകളിൽനിന്ന് രണ്ടു സെഞ്ചുറി സഹിതം 342 റൺസ് നേടിയ ധവാൻ, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ്. ബാറ്റ്സ്മാൻമാരിൽ ഇവർക്കു പിന്നിലുള്ള ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയാണ്. 18–ാം സ്ഥാനത്ത്. അജിങ്ക്യ രഹാനെ 34–ാം സ്ഥാനത്തും കേദാർ ജാദവ് 46–ാം സ്ഥാനത്തുമുണ്ട്.

ബോളർമാരി‍ൽ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യാകപ്പിൽ ഇന്ത്യൻ വിജയത്തിൽ ബുമ്രയുടെ ഓപ്പണിങ്, ഡെത്ത് ഓവർ സ്പെല്ലുകളും നിർണായകമായിരുന്നു. ഡെത്ത് ഓവറുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഒൻപത് ഓവറുകളാണ് ബുമ്ര ബോൾ ചെയ്തത്. നാലു മൽസരങ്ങളിൽനിന്ന് എട്ടു വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ നാലാമതെത്താനും ബുമ്രയ്ക്കായി.

ആറു മൽസരങ്ങളിൽനിന്ന് 10 വിക്കറ്റ് പിഴുത കുൽദീപ് യാദവ് മൂന്നു സ്ഥാനങ്ങൾ കയറി മൂന്നാം സ്ഥാനത്തെത്തി. കുൽദീപിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അഫ്ഗാൻ താരം റാഷിദ് ഖാനാണ് ബോളർമാരിൽ രണ്ടാമൻ. ഇതിനൊപ്പം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്താനും റാഷിദ് ഖാനു സാധിച്ചു.

ഏഷ്യാകപ്പിലൂടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തി രവീന്ദ്ര ജഡേജയും നേട്ടമുണ്ടാക്കി. നാല് ഇന്നിങ്സുകളിൽനിന്ന് ഏഴു വിക്കറ്റ് വീഴ്ത്തിയ ജഡേജ 14 സ്ഥാനങ്ങൾ കയറി ബോളർമാരിൽ 39–ാം റാങ്കിലെത്തി. ബോളർമാരിൽ യുസ്‌വേന്ദ്ര ചാഹൽ 11–ാം സ്ഥാനത്തുണ്ട്. ഭുവേനേശ്വർ കുമാർ 23–ാം സ്ഥാനത്തും അക്സർ പട്ടേൽ 24–ാം സ്ഥാനത്തുമാണ്.

related stories