Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസിസിഐ വിവരാകാശ നിയമ പരിധിയിൽ; എല്ലാ അംഗ അസോസിയേഷനുകൾക്കും ബാധകം

BCCI Logo

ന്യൂഡൽഹി ∙ ഇന്ത്യയുടെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിവരാവകാശ നിയമം അനുസരിച്ച് ജനങ്ങൾക്ക് ഉത്തരം നൽകാൻ ബാധ്യസ്ഥമാണെന്ന‌ു മുഖ്യ വിവരാവകാശ കമ്മിഷൻ വിധിച്ചു. ബിസിസിഐയുടെ സംവിധാനം, സ്വഭാവം, പ്രവർത്തനരീതി എന്നിവ വിവരാവകാശ നിയമ പരിധിയിൽ വരുന്നതാണെന്നു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ, നിയമ കമ്മിഷൻ റിപ്പോർട്ട്, കേന്ദ്ര കായിക, യുവജനക്ഷേമ മന്ത്രാലയ രേഖകൾ തുടങ്ങിയവ പരിശോധിച്ചശേഷം മുഖ്യ വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ഉത്തരവിട്ടു.

രാജ്യത്ത് ക്രിക്കറ്റ് കളി സംഘടിപ്പിക്കുന്നതിന് പരമാധികാരമുള്ള ഏക ദേശീയ സംവിധാനമാണ് ബിസിസിഐയെന്ന് സുപ്രീം കോടതി സ്ഥിരീകരിച്ചതാണെന്നും കമ്മിഷൻ അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള സംവിധാനം 15 ദിവസത്തിനുള്ളിൽ ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലും ആരംഭിക്കാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരായി നിയമിക്കാനും കമ്മിഷൻ 37 പേജുള്ള ഉത്തരവിൽ ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് എന്നിവർക്കു നിർദേശം നൽകി. ബിസിസിഐ വിവരാവകാശ നിയമത്തിന് കീഴിൽ ദേശീയ സ്പോട്സ് ഫെഡറേഷൻ (എൻഎസ്എഫ്) ആയി ലിസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐയുടെ നിബന്ധനകൾ അനുസരിച്ചു പ്രവർത്തിക്കുന്ന എല്ലാ അംഗ അസോസിയേഷനുകൾക്കും വിവരാവകാശ നിയമം ബാധകമായിരിക്കും.

രാജ്യത്തെ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനു ബിസിസിഐ പിന്തുടരുന്ന മാർഗനിർദേശം സംബന്ധിച്ചു വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഗീതാ റാണിക്ക് കേന്ദ്ര കായിക, യുവജനക്ഷേമ മന്ത്രാലയം തൃപ്തികരമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണു പ്രശ്നം കേന്ദ്ര കമ്മിഷന്റെ മുന്നിലെത്തിയത്. ബിസിസിഐയുടെ ടീം എങ്ങനെയാണ് രാജ്യത്തെ പ്രതിനീധീകരിക്കുന്നതെന്നും ടീം തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ മൂലം കളിക്കാർക്കുണ്ടാകുന്ന മാനസിക പീഡനത്തിന് ഉത്തരവാദി ആരെന്നും ചോദ്യമുന്നയിച്ചിരുന്നു. ബിസിസിഐക്കു നോട്ടീസ് അയച്ച് കമ്മിഷൻ പത്തു ദിവസത്തിനുള്വിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു.. എന്നാൽ, കമ്മിഷൻ ആവശ്യപ്പെട്ട സമയത്തു ഹാജരാകാനോ വിശദീകരണം നൽകാനോ ബിസിസിഐ തയാറായില്ല. ഇന്നലെ കമ്മിഷൻ അന്തിമ നടപടികളിലേക്കു നീങ്ങകയാണെന്നു കണ്ട് കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കമ്മിഷൻ അനുവദിച്ചില്ല.

വിവരാവകാശനിയമം ബിസിസിഐക്കു ബാധകമാണെന്നു നിയമ കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതു കമ്മിഷൻ ഉത്തരവിൽ പറയുന്നുണ്ട്. അതുപോലെ ബിസിസിഐയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും സംഘടനകളിലെയും ഏതു സാഹചര്യത്തിനലുള്ള മനുഷ്യാവകാശ ലംഘനത്തിനും ബിസിസിഐ ഉത്തരവാദി ആയിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതുവരെ കോടതികളിൽ പരാതിപ്പെടാനല്ലാതെ ഇത്തരം ക്രമക്കേടുകൾക്കു പരിഹാരത്തിനു സംവിധാനമില്ലായിരുന്നു. സർക്കാർ സഹായത്തോടെയല്ല പ്രവർത്തിക്കുന്നതെന്ന ന്യായം പറഞ്ഞ് എല്ലാ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടുകയായിരുന്നു ബിസിസിഐ ഇതുവരെ.

related stories