മ്യാൻമർ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസ്; മലേഷ്യയ്ക്ക് എട്ടു വിക്കറ്റ് ജയം

മ്യാന്‍മറിനെതിരെ മലേഷ്യൻ താരം പവൻദീപ് സിങ്ങിന്റെ അപ്പീൽ. (വിഡിയോ ചിത്രം)

ക്വാലലംപുർ∙ മലേഷ്യയിൽ നടക്കുന്ന ഐസിസി ലോക ട്വന്റി20 ഏഷ്യൻ മേഖലാ യോഗ്യതാ മൽസരത്തിൽ ആതിഥേയരായ മലേഷ്യയും മ്യാൻമറും തമ്മിൽ നടന്ന മൽസരത്തിൽ യഥാർഥ മഴയെ വെല്ലുന്ന വിക്കറ്റ് പെയ്ത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മ്യാൻമർ 10.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസ് നേടിയപ്പോൾ, മലേഷ്യ 10 പന്തിൽ ലക്ഷ്യത്തിലെത്തി. അതിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത മ്യാൻമർ 10.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റണ്‍സെടുത്തു നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ മൽസരം നിർത്തിവച്ച അംപയർമാർ മഴ മാറിയപ്പോൾ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറിൽ ആറു റൺസായി പുനർനിർണയിച്ചു. ആറു റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മലേഷ്യയ്ക്കും തുടക്കം പിഴച്ചു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർമാർ സംപൂജ്യരായി പുറത്ത്. നേരിട്ട മൂന്നാം പന്ത് സിക്സിനു പറത്തി സുഹാൻ അലഗരത്നമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

മ്യാൻമർ നിരയിൽ ആറു പേരാണ് പൂജ്യത്തിനു പുറത്തായത്. മൂന്നു റൺസെടുത്തു പുറത്താകാതെ നിന്ന കോ ഓങ്ങാണ് അവരുടെ ടോപ് സ്കോറർ. 12 പന്തിൽനിന്നാണ് ഓങ് മൂന്നു റൺസെടുത്തത്. ക്യാപ്റ്റൻ ലിൻ ഓങ് 17 പന്തിൽ രണ്ടു റൺസെടുത്തപ്പോൾ, മ്യാൻമർ ഇന്നിങ്സൽ അക്കൗണ്ട് തുറന്ന മൂന്നാമത്തെ ബാറ്റ്സ്മാനായ ലിൻ ഊ ഏഴു പന്തിൽ ഒരു റണ്ണെടുത്തു. മ്യാൻമറിന്റെ സ്കോർ ബോർഡിലെത്തിയ ഒൻപതു റൺസിൽ മൂന്നും മലേഷ്യൻ ബോളർമാർ എക്സ്ട്രാ ഇനത്തിൽ വിട്ടുനൽകിയതാണ്.

നാല് ഓവറിൽ ഒരു  റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പവൻദീപ് സിങ്ങാണ് മ്യാന്‍മറിനെ തകർത്തത്. പവൻദീപിന്റെ നാലിൽ മൂന്ന് ഓവറും മെയ്ഡൻ ആയിരുന്നു. അൻവർ റഹ്മാൻ നാല് ഓവറിൽ രണ്ടു മെയ്ഡൻ ഉൾപ്പെടെ മൂന്നു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.