രണതുംഗ എന്റെ അരക്കെട്ടിൽ കൈ അമർത്തി...: ‘മീ ടൂ’ ചൂട് ക്രിക്കറ്റിലേക്കും

അർജുന രണതുംഗ (ട്വിറ്റർ ചിത്രം)

മുംബൈ∙ ലൈംഗിക പീഡനങ്ങൾക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo ക്യാംപെയ്ന്റെ ചൂട് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അർജുന രണതുംഗയ്ക്കെതിരെയാണ് #MeToo ക്യാംപെയ്ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. ഇന്ത്യക്കാരിയായ മുൻ വിമാന ജീവനക്കാരിയാണ് രണതുംഗ തനിക്കുനേരെ ലൈംഗിക അതിക്രമത്തിനു മുതിർന്നതായി വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽവച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രണതുംഗ തന്നോടു മോശമായി പെരുമാറിയ കാര്യം യുവതി പുറത്തുവിട്ടത്. 2001ൽ ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ, ശ്രീലങ്കയിൽ പെട്രോളിയം റിസോഴ്സസ് ഡെവ‍ലപ്മെന്റ് മന്ത്രി കൂടിയാണ്. ‘മീ ടൂ’ മുന്നേറ്റത്തിന്റെ ഭാഗമായി, താൻ നേരിട്ട വ്യത്യസ്ത അനുഭവങ്ങളുടെ കൂട്ടത്തിലാണ് രണതുംഗയുടെ മോശമായ പെരുമാറ്റവും യുവതി കുറിച്ചിട്ടത്.

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉടലെടുക്കുന്നത്. സന്ദർശന വേളയിൽ രണതുഗ തന്റെ അനുവാദം കൂടാതെ അരക്കെട്ടിൽ പിടിച്ചുവെന്ന് യുവതി ആരോപിച്ചു. ചകിതയായ യുവതി ഹോട്ടലിന്റെ റിസപ്ഷനിലെത്തി വിവരം പറഞ്ഞെങ്കിലും, ‘ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യ’മാണെന്നു  ചൂണ്ടിക്കാട്ടി അവരും തഴഞ്ഞു.

സംഭവം യുവതി വിവരിക്കുന്നത് ഇങ്ങനെ:

കടുത്ത ക്രിക്കറ്റ് ആരാധികയായ എന്റെയൊരു സുഹൃത്ത് മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററിൽവച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടു. ഇതോടെ റൂമുകളിൽപ്പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാം എന്നായി അവൾ. അവളുടെ സുരക്ഷയുടെ കാര്യമോർത്തപ്പോൾ ‍‍ഞാനും കൂടി ഒപ്പം ചെല്ലാൻ തീരുമാനിച്ചു.

അവിടെയെത്തിയ ഞങ്ങൾക്ക് എന്തോ കുടിക്കാൻ തന്നു. ഞാൻ വേണ്ടെന്നു പറഞ്ഞു. കയ്യിൽ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമിൽ അവർ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങൾ രണ്ടുപേരും. അവർ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാൻ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് താരങ്ങളെ അടുത്തുകണ്ട ആവേശത്തിലായിരുന്നു അവൾ. നീന്തൽക്കുളത്തിനു സമീപത്തുകൂടി നടന്നിട്ടുവരാമെന്ന് അവൾ പറഞ്ഞു. അപ്പോൾ സമയം വൈകീട്ട് ഏഴു മണിയായിരുന്നു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഇന്ത്യൻ താരങ്ങൾ കാണാവുന്ന ദൂരത്തെങ്ങും ഉണ്ടായിരുന്നില്ല. നീന്തൽക്കുളത്തിന്റെ സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.

ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയിൽ കൈ ചുറ്റിയ അയാൾ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ‍ഞാൻ ശബ്ദമുയർത്തി. അയാളെ തൊഴിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടുമെന്നും പാസ്പോർട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാൻ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി. സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചെങ്കിലും, ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു പ്രതികരണം. സംഭവത്തിൽ ഇടപെടാൻ അവർ കൂട്ടാക്കിയുമില്ല.