സാങ്കേതിക മികവും അക്രമണോൽസുകതയും; വിദേശ പിച്ചുകളിലും പൃഥ്വിഷാ തിളങ്ങും

രണ്ട് ടെസ്റ്റ് മൽസരത്തിന്റെ അനുഭവം കൊണ്ടു തന്നെ വലിയൊരു താരോദയത്തിന്റെ  വ്യക്തമായ ലക്ഷണം കാട്ടുന്നുണ്ട് പൃഥ്വി ഷാ. കളിച്ചത് ദുർബലമായ വിൻഡീസ് ടീമിനെതിരെ ഇന്ത്യൻ പിച്ചിലാണെന്നതു ശരിതന്നെ. പക്ഷേ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടുന്ന വിദേശ പിച്ചുകളിലടക്കം തിളങ്ങാനുള്ള സാങ്കേതിക, മാനസിക മികവും സമീപനവുമാണ്  ഈ കളിക്കാരന്റേത്. പൃഥ്വിയുടെ ബാറ്റിങ്ങിന്റെ പ്രത്യേകതയായി തോന്നിയത് നാലു കാര്യങ്ങളാണ്.

1. സാങ്കേതിക മികവും അക്രമണോൽസുകതയും  ഒത്തു ചേർന്നതാണ് ബാറ്റിങ്. സാധാരണ സേവാഗിനെയും  ധോണിയെയും പോലുള്ള അക്രമണകാരികളായ ബാറ്റ്സ്മാൻമാർക്ക്  സ്വന്തമായൊരു ശൈലിയുണ്ടാവും. പക്ഷേ പൃഥ്വി ഷാ സാമ്പ്രദായികമായ ഷോട്ടുകളാണ് ഏറെ കളിക്കുന്നത്. ഒപ്പം പുതുതലമുറ ഷോട്ടുകളും പ്രയോഗിക്കാനാവുന്നു.

2. പന്തിന്റെ ലൈനും ലെങ്തും വേഗത്തിൽ ഗ്രഹിക്കാനാവുന്നു എന്നതാണ് മറ്റൊരു കാര്യം. ചടുലമായി അതിനോട് പ്രതികരിക്കാനും കഴിയുന്നു. മികച്ച ബാറ്റ്സ്മാൻമാർക്ക് ഷോട്ട് കളിക്കാൻ കൂടുതൽ സമയം കിട്ടുന്നു എന്നു തോന്നുന്നത് അസാമാന്യമായ ഈ ഗ്രഹണ ശേഷികൊണ്ടാണ്. 

3. ഇന്ത്യൻ വിക്കറ്റിൽ കളിച്ചു ശീലിച്ച ബാറ്റ്സ്മാൻമാർക്കു മുൻവിധിയോടെ ഫ്രണ്ട് ഫുട്ടിൽ കളിക്കാനുള്ള പ്രവണത കാണാറുണ്ട്. ശിഖർ ധവാനിലും രോഹിത് ശർമയിലുമെല്ലാം അത് കാണാം. എന്നാൽ അതിനു വിരുദ്ധമായി ക്രീസിന്റെ വ്യാപ്തി മുതലാക്കി ബാക്ക് ഫുട്ടിൽ ഇറങ്ങി കളിക്കുന്നവരുടെ കൂട്ടത്തിലാണ് പൃഥ്വി ഷായുടെ സ്ഥാനം. ദ്രാവിഡിലും സച്ചിനിലുമെല്ലാം കാണാവുന്ന ഒരു ഗുണമാണിത്. ഇതുമൂലം ഷോട്ട് കളിക്കാൻ കൂടുതൽ സമയം കിട്ടുന്നു. ബൗൺസും പേസുമുള്ള വിദേശ പിച്ചുകളിൽ പൃഥ്വിക്കു തിളങ്ങാനാവും എന്ന് തോന്നുന്നതും ഈ മികവുകൊണ്ടാണ്. ബാക്ക് ഫുട് പഞ്ചുകളും ഡ്രൈവുമാണ് ഏറെ ഗംഭീരം. സ്പിൻ ബോളിന്റെ ലൈനിനെതിരെ നല്ല നിയന്ത്രണത്തോടെ ബാറ്റ് വീശാനുമാവുന്നു. 

4.  വലിയ സ്കോർ നേടുക എന്നത് ഒരു ശീലമാണ്. അത് ചെറുപ്പത്തിൽ തന്നെ ശീലിച്ചയാളാണ് പൃഥ്വി ഷാ. കരിയറിലെ ഓരോ ഘട്ടം പുരോഗമിക്കുമ്പോഴും  ആ ശീലം നിലനിർത്താനുള്ള മനസ്സുറപ്പും സാങ്കേതിക മികവും കൈവിടുന്നുമില്ല.