അന്നേ ഓസ്ട്രേലിയൻ താരം പറഞ്ഞു: ഇവൻ സച്ചിനെപ്പോലെ, ബാറ്റിങ്ങിലെ പൃഥ്വി രാജ്

പൃഥ്വി ഷാ

പൃഥ്വി ഷായുടെ ബാറ്റിങ് ടെക്നിക് സച്ചിൻ തെൻഡുൽക്കറുടേതു പോലെതന്നെയെന്നു മുൻ ഓസ്ട്രേലിയൻ താരം മാർക്ക് വോ പണ്ടേ പറഞ്ഞതാണ്!  ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനായുള്ള ഷായുടെ പ്രകടനത്തിലാണ് അന്നു വോയുടെ കണ്ണുടക്കിയത്. വോ അന്നു പറഞ്ഞത് ക്രിക്കറ്റ് പണ്ഡിതർ ഇന്നു സാക്ഷ്യപ്പെടുത്തുന്നു; ശൈലിയിലും സാങ്കേതികത്തികവിലും ‘ക്രിക്കറ്റ് ദൈവത്തെ’ അനുസ്മരിപ്പിക്കുകയാണ് ഈ പതിനെട്ടുകാരൻ.

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി, അരങ്ങേറ്റ പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ്; രാജ്യാന്തര ക്രിക്കറ്റിൽ നേട്ടങ്ങളുടെ പടവുകൾ കയറിത്തുടങ്ങാൻ പൃഥ്വി ഷായ്ക്കു വേണ്ടിവന്നതു രണ്ടു ടെസ്റ്റ് മാത്രം. ആദ്യ 3 ഇന്നിങ്ങ്സുകൾ പിന്നിടുമ്പോൾ 118.50 ആണു ഷായുടെ ബാറ്റിങ് ശരാശരി. 94.04 സ്ട്രൈക്ക് റേറ്റിൽ നേടിയത് 237 റൺസും. ഷായെ മറ്റു യുവതാരങ്ങളിൽനിന്നു വേർതിരിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. 

ക്രീസിലെ പൊസിഷനിങ്ങിൽത്തന്നെ ഷായിലെ ബാറ്റ്സ്മാനെ തിരിച്ചറിയാം. കുലുക്കമില്ലാതെയാണു ക്രീസിൽ ഷായുടെ നിൽപ്പ്. ശ്രദ്ധ പന്തിലേക്കു മാത്രം. വളരെ വൈകി മാത്രം ഷോട്ട് കളിക്കുന്നതിനാൽ പന്തിന് യോജ്യമായ ഷോട്ട് രൂപപ്പെടുത്താൻ സമയം ലഭിക്കുന്നു. ആഞ്ഞടിക്കുന്നതിലല്ല, പകരം പന്തു കൃത്യമായി ടൈം ചെയ്യുന്നതിലാണു ഷായുടെ മികവ്.

മികച്ച ഫുട്‌വർക്ക് ഉള്ളതിനാൽ ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും ഷോട്ട് പായിക്കാം. സച്ചിൻ തെൻഡുൽക്കറുടെ ട്രേഡ് മാർക്ക് ഷോട്ടുകളായ ബാക്ക്ഫുട് പഞ്ചും സ്ട്രെയ്റ്റ് ഡ്രൈവുമാണു ഷായ്ക്കും ഏറെ പ്രിയം. എതിർ ടീം ബോളർമാരെ സമ്മർദത്തിലാക്കാൻ ഇവയൊക്കെ ധാരാളം. 

ഇന്ത്യൻ മണ്ണിലെ ആദ്യ പരീക്ഷ ‘എ പ്ലസ്’ നേടി പാസായ ഷായെ ഇനി കാത്തിരിക്കുന്നതാണ് യഥാർഥ പരീക്ഷണം. നവംബറിലെ ഓസീസ് പര്യടനത്തിൽ പേസിനും ബൗൺസിനും പേരുകേട്ട വിക്കറ്റുകളിൽ ഓസീസ് പേസർമാർക്കെതിരെയും ഷായ്ക്കു മികവു തുടരാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.