പന്തടിച്ചാൽ! ആഡം ഗിൽ‌ക്രിസ്റ്റിന്റെ ഇന്ത്യൻ പതിപ്പ്

വെസ്റ്റ് ഇന്‍ഡീസിനെതിരെ അർധസെഞ്ചുറി നേടിയ ഋഷഭ് പന്ത്.

മെല്ലെപ്പോക്കിനോടു ഋഷഭ് പന്തിനു യോജിപ്പില്ല. അതു ട്വന്റി 20യിൽ ആണെങ്കിലും ടെസ്റ്റിൽ ആണെങ്കിലും. വിക്കറ്റ് കീപ്പിങ്ങിനൊപ്പം ബാറ്റിങ്ങിലും  ആഡംഗിൽക്രിസ്റ്റിന്റെ വഴിയേയാണു പന്തിന്റെയും പോക്ക് എന്നു തോന്നും. ഗില്ലി ഫോമിലായാൽപ്പിന്നെ അടി നിർത്താനേ പോകുന്നില്ലല്ലോ, പന്തിന്റെ ശൈലിയും ഇതുതന്നെ! 

2016 അണ്ടർ 19 ലോകകപ്പിലാണ് പന്തിന്റെ അതിവേഗ ബാറ്റിങ്ങിന് ക്രിക്കറ്റ് ലോകം ആദ്യം സാക്ഷിയാകുന്നത്. ടൂർണമെന്റിൽ 18 പന്തിലെ അർധ സെഞ്ചുറി നേട്ടത്തോടെ വിസ്മയം തീർത്ത പന്തിനെ ഒരു കോടി 90 ലക്ഷം രൂപ മുടക്കി പാളയത്തിലെത്തിക്കാൻ ഡെൽഹി ഡെയർഡെവിൾസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 

ഐപിഎല്ലിലെ ബാറ്റിങ് വെടിക്കെട്ടിലൂടെ കായിക പ്രേമികളുടെ കൈയടി വാങ്ങിയ പന്തിന്റെ പേരിലാണ് ഐപിഎൽ മൽസരത്തിലെ ഇന്ത്യൻ ബാറ്റ്സ്മാന്റെ ഉയർന്ന സ്കോറിനുള്ള റെക്കോർഡ് (പുറത്താകാതെ128 റൺസ്). 

ഐപിഎല്ലിലെ മികവിന് ഇന്ത്യൻ ട്വന്റി20 ടീമിൽ  ഇടം കിട്ടിയെങ്കിലും പന്തിനു തിളങ്ങാനായില്ല. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ദിനേശ് കാർത്തിക്കിന്റെ മോശം ഫോമാണു ഇരുപത്തിയൊന്നുകാരനായ പന്തിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിച്ചത്. 

ആദ്യ രണ്ടു ടെസ്റ്റുകളിൽ നിരാശപ്പെടുത്തിയെങ്കിലും മൂന്നാം ടെസ്റ്റിലെ സെഞ്ചുറി നേട്ടം വിൻഡീസ് പരമ്പരയിലും പന്തിനെ ടീമിലെത്തിച്ചു. പരമ്പരയിൽ രണ്ട് അർധ സെഞ്ചുറികളുമായി തിളങ്ങിയ പന്തിനെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 

എം.എസ്. ധോണിക്കു ശേഷം ഇന്ത്യൻ മധ്യനിരയെ നിയന്ത്രിക്കുക ഋഷഭ് പന്താകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനം. 

∙ 25–ാം വയസിലാണ് ആദം ഗിൽക്രിസ്റ്റ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റ് കളിക്കുമ്പോൾ ഗിൽക്രിസ്റ്റിനു പ്രായം 28.

∙ 21–ാം വയസ്സിൽ ഏകദിന അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡികോക്ക് ആദ്യ ടെസ്റ്റ് കളിച്ചത് 22–ാം വയസ്സിൽ