ധവാൻ സൺറൈസേഴ്സ് വിടുന്നു; രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസിലേക്ക്?

മുംബൈ∙ പരിമിത ഓവർ മൽസരങ്ങളിൽ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വിനാശകാരികളായ ഓപ്പണിങ് സഖ്യമെന്നു പേരെടുത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിലും ഒരുമിച്ചു കാണാമോ? റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഇരുവരും അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനായി ഒരുമിച്ചു കളിക്കും. കുറേക്കാലമായി സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ശിഖർ ധവാൻ ഇത്തവണ ടീം വിടുമെന്നാണ് റിപ്പോർട്ട്. താരം മുംബൈ ഇന്ത്യൻസിൽ ചേരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സൺറൈസേഴ്സിൽ ലഭിക്കുന്ന പ്രതിഫലവുമായി ബന്ധപ്പെട്ട അസംതൃപ്തിയാണ് ടീം വിടാൻ ധവാനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ താരത്തെ നിലനിർത്തുന്നതിനു പകരം ലേലത്തിൽ വിട്ട സൺറൈസേഴ്സ്, ആർടിഎം സംവിധാനം ഉപയോഗിച്ചു വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. ആർടിഎം സംവിധാനം ഉപയോഗിച്ച് 5.20 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ധവാനെ നിലനിർത്തിയത്. അതേസമയം, ഓസീസ് താരം ഡേവിഡ് വാർണറിനെ 12 കോടി രൂപയ്ക്കും ഭുവനേശ്വർ കുമാറിനെ 8.5 കോടി രൂപയ്ക്കും നിലനിർത്തുകയും ചെയ്തു. പ്രതിഫലക്കാര്യത്തിലുള്ള ഈ അന്തരമാണ് ടീം മാറാൻ ധവാനെ പ്രേരിപ്പിക്കുന്നത്.

ഐപിഎൽ പുതിയ സീസണിനു മുന്നോടിയായി കൈമാറ്റ ജാലകം സജീവമായ സാഹചര്യത്തിലാണ് ധവാന്റെ ടീം മാറ്റം ചർച്ചാവിഷയമാകുന്നത്. ഇതോടെ 2009, 2010 സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ധവാൻ, പഴയ തട്ടകത്തിലേക്കു മടങ്ങാനാണ് സാധ്യത തെളിയുന്നത്. 2016ൽ സൺറൈസേഴ്സ് കിരീടം ചൂടുമ്പോൾ അതിൽ മുഖ്യപങ്കു വഹിച്ച താരം കൂടിയാണ് ധവാൻ.

ഇതുവരെ 143 ഐപിഎൽ മൽസരങ്ങൾ കളിച്ച ധവാൻ 32.98 റൺസ് ശരാശരിയിൽ 4057 റൺസ് നേടിയിട്ടുണ്ട്. 32 അർധസെഞ്ചുറികളും ഇതുവരെ സ്വന്തം പേരിലാക്കി. കൈമാറ്റ ജാലകത്തിന്റെ ആനുകൂല്യത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിൽനിന്ന് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കിനെ സ്വന്തമാക്കിയ മുംബൈ, രണ്ടാമത്തെ താരമായി ധവാനെയും ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. 2.8 കോടി രൂപയ്ക്കാണ് മുംബൈ ഡികോക്കിനെ സ്വന്തമാക്കിയത്. ശ്രീലങ്കൻ താരം അഖില ധനഞ്ജയയ്ക്കു പുറമെ ബംഗ്ലദേശ് പേസ് ബോളർ മുസ്താഫിസുർ റഹ്മാനെയും മുംബൈ ലേലത്തിൽ വിട്ടത് ധവാനെ ടീമിലെത്തിക്കാനാണെന്നാണ് അഭ്യൂഹം.

അതേസമയം കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ് ടീമുകളും ധവാനായി രംഗത്തുണ്ട്. പുതിയ സീസണിനു മുന്നോടിയായി ടീമുകൾ സ്വതന്ത്രരാക്കുന്ന താരങ്ങളുടെ പട്ടിക നവംബർ 15നകം നൽകണമെന്നാണ് നിർദ്ദേശം. അടുത്ത മാസം നടക്കുന്ന താരലേലത്തിൽ ഇവരെയും ഉൾപ്പെടുത്തും.