ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്; അത്ര ഈസിയല്ല വിജയം

പേസും ബൗൺസും കൊണ്ട് ആദ്യ ട്വന്റി20യിൽ ഓഷെയ്ൻ തോമസ് തന്റെ കരീബിയൻ പൂർവികരെ ഓർമിപ്പിച്ചു. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിൻഡീസ് നായകൻ കാർലോസ് ബ്രാത്ത്‌വൈറ്റ് എറിഞ്ഞ ലെങ്ത് ബോളുകൾക്കു മുന്നി‍ൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിച്ചു; പക്ഷേ ടെസ്റ്റ്, ഏകദിന പരമ്പരകളിലേതുപോലെ ആദ്യ ട്വന്റി20യിലും വിൻഡീസ് പൊരുതാതെ കീഴടങ്ങി.

വിൻഡീസ് പേസർമാരുടെ ഷോട് ലെങ്ത് ബോളുകളെ ബാക്ഫുട്ടിൽ നേരിടാഞ്ഞതാണ് ആദ്യ ട്വന്റി20യിൽ ഇന്ത്യയ്ക്കു വിനയായത്. ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായി ഓവറിൽ ഒരു ഓവറിൽ ഒന്ന് എന്ന കണക്കിൽ ബൗൺസറുകളുടെ എണ്ണം ചുരുക്കിയതും ബാറ്റിങ്ങിനു ഹെൽമെറ്റ് വ്യാപകമാക്കിയതും വഴി  ഷോട് ബോളുകളെ ബാക്ഫുട്ടിൽ നേരിടുന്ന ടെക്നിക് മിക്ക ബാറ്റ്സ്മാൻമാരും മറന്ന മട്ടാണ്. 

മികച്ച രീതിയിൽ പന്തെറിഞ്ഞ ഓഷെയ്ൻ തോമസിനു പിന്തുണ നൽകാൻ അതിവേഗക്കാരനായ മറ്റൊരു പേസർ വിൻഡീസിന് ഇല്ലാതെ പോയി, അതുകൊണ്ടാണ് മധ്യനിര ബാറ്റ്സ്മാൻമാർക്ക് ഇന്ത്യയെ വിജയിപ്പിക്കാനായത്. ദിനേശ് കാർത്തിക് ഒരിക്കൽക്കൂടി ക്ലാസ് പ്രകടിപ്പിച്ച കളിയായിരുന്നു അത്. തന്നെ  ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് അരങ്ങേറ്റക്കാരൻ ക്രുനാൽ പാണ്ഡ്യയും പുറത്തെടുത്തത്.  

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കാഴ്ചവയ്ക്കുന്ന തകർപ്പൻ പ്രകടനം രാജ്യാന്തര തലത്തിൽ ആവർത്തിക്കാനായതിൽ ക്രുനാലിന് അഭിമാനിക്കാം. ഷോട് ബോളുകൾക്ക് ഈഡൻ ഗാർഡൻസിലെ വിക്കറ്റിൽ കാര്യമായ ഗുണം ലഭിച്ചിരുന്നു. എന്നാൽ ലക്നൗവിൽ ഇതായിരിക്കില്ല സ്ഥിതി.

മൽസരം നടക്കുന്നത് പുതിയ വേദിയിലാണെന്നതിന്റെ ആശങ്ക ഇന്ത്യൻ നിരയിലുമുണ്ട്. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം ഗ്രഹിക്കാനാകും ഇരു ടീം ക്യാപ്റ്റൻമാരുടെയും ആഗ്രഹം. 3 കളികളുടെ പരമ്പരയിലെ നിലനിൽപിന് ഇന്നു ലക്നൗവിലെ ജയം ട്വന്റി20  ലോകചാംപ്യൻമാർക്ക് അനിവാര്യമാണ്. വിൻഡീസ് ബാറ്റ്സ്മാൻമാർ അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു മുന്നിൽ അടിയറ വച്ചാകും വിൻഡീസിനു മടങ്ങേണ്ടിവരിക.