വിമർശനം ഫലം കണ്ടു; വിവാദ പരാമർശം വിട്ടു കളയണമെന്ന് കോഹ്‌ലി

വിരാട് കോഹ്‌ലി.

ന്യൂഡൽഹി ∙ വിദേശ കളിക്കാരെ ആരാധിക്കുന്നവർ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ‍്‍ലിയുടെ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിലെ രൂക്ഷ വിമർശനം ഫലം കണ്ടു. നിലപാടു മയപ്പെടുത്തി തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോഹ്‌ലി ആരാധകർക്ക് സ്നേഹവും സമാധാനവും ആശംസിച്ചു. എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ പിന്തുടാൻ സ്വാതന്ത്ര്യമുണ്ടെന്നും താൻ പറഞ്ഞതിനെ ഗൗരവത്തിലെടുക്കേണ്ടെന്നും കോഹ്‍ലി ട്വീറ്റ് ചെയ്തു. സമയം കളയാതെ ഈ ദീപാവലി ആഘോഷവേള ആസ്വദിക്കാൻ ആവശ്യപ്പെട്ടാണ് കോഹ്‍ലി എല്ലാവർക്കും സ്നേഹവും സമാധാനവും നേർന്നത്.

കോഹ്‍ലിക്ക് അമിതപ്രശസ്തി ലഭിക്കുന്നതായും കോഹ്‍ലിയേക്കാൾ ഇംഗ്ലിഷ്, ഓസ്ട്രേലിയൻ കളിക്കാരുടെ കളി കാണുന്നതാണ് താല്പര്യമെന്നുമുള്ള ഒരു ക്രിക്കറ്റ് ആരാധകന്റെ വാക്കുകൾക്കെതിരെയുള്ള കോഹ്‍ലിയുടെ പ്രതികരണമാണു പ്രശ്നമായത്. 2008ൽ കോഹ്‍ലി അണ്ടർ–19 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ തന്റെ ഇഷ്ടതാരം ദക്ഷിണാഫ്രിക്കയുടെ ഹെർഷേൽ ഗിബ്സ് ആണെന്നു പറഞ്ഞത് ആവർത്തിച്ചായിരുന്നു ഒരാളുടെ പ്രതികരണം.

2016ൽ ജർമനിയുടെ ടെന്നിസ് താരം എയ്ഞ്ചലിക് കെർബറെ വാഴ്ത്തിയുള്ള കോഹ്‍ലിയുടെ വാക്കുകളും ഒരാൾ എടുത്തിട്ടു. ഒട്ടേറെ വിദേശ കമ്പനികളുടെ പരസ്യങ്ങളിലുള്ള കോഹ്‍ലി ഓഡി കാറുമായി പരസ്യത്തിനു പോസു ചെയ്ത ചിത്രം നൽകി ഓഡിയുടെ ആരാധകനായ കോഹ്‍ലി ജർമനിക്കു താമസം മാറ്റുന്നതാവും നന്നെന്നു മറ്റൊരാൾ കുറിച്ചു. ഇനിയെങ്കിലും ഇങ്ങനെ കടുപ്പിച്ചു പറയും മുൻപ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ മിതവും പക്വവുമായ ശൈലി ഓർക്കുന്നതു നന്നായിരിക്കുമെന്ന് മറ്റൊരാൾ ഉപദേശിച്ചു.

അതേസമയം, കോഹ്‍ലിക്കു നാവുപിഴ ഉണ്ടായതാണെന്നും അതിന് ഇത്രവലിയ ആക്രമണം വേണ്ടെന്നും ഒരു ആരാധകൻ ആശ്വസിപ്പിക്കുന്നുമുണ്ട്. പ്രശസ്തർക്കു തോന്നുന്ന അമിത ആത്മവിശ്വാസമാവാം കോഹ്‍ലിയുടെ വാക്കുകൾ എന്ന് ഹർഷ ഭോഗ്‍ലെ പറഞ്ഞു.