കപ്പോ കാശോ ?; ബുമ്രയെയും ഭുവനേശ്വറിനെയും ഐപിഎല്ലി‍ൽ നിന്ന് ഒഴിവാക്കണമെന്ന് കോഹ്‌ലി

ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര

മുംബൈ ∙ ഇന്ത്യ ഒരിക്കൽക്കൂടി ഏകദിന ലോകകപ്പിൽ മുത്തമിടുന്നതാണോ, പണം വാരുന്ന ഐപിഎൽ കിരീടം ടീമുകൾ സ്വന്തമാക്കുന്നതാണോ പ്രധാനം ? അടുത്ത വർഷം മാർച്ച് മുതൽ മെയ് വരെ ഐപിഎല്ലും തൊട്ടുപിന്നാലെ ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പും അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിൽ ഈ സംശയത്തിനു കാരണമായത് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഒരു നിർദ്ദേശമാണ്.

ഐപിഎല്ലിൽ പന്തെറിഞ്ഞ് ക്ഷീണിച്ച പേസ് ബോളർമാർക്ക് ഇംഗ്ലണ്ടിലെ ലോകകപ്പിൽ എന്തു ചെയ്യാൻ കഴിയും ?

കോഹ്‍ലി ഈ ചോദ്യം വിനോദ് റായ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ഭരണസമിതി മുൻപാകെയും വച്ചു. പേസ് ബോളർമാർ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാൽ‍ ഇന്ത്യൻ പേസ് ബാറ്ററിയുടെ കുന്തമുനകളായ ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വർ കുമാറിനെയും ഐപിഎൽ കളിക്കുന്നതിൽ നിന്നൊഴിവാക്കണമെന്നാണ് കോഹ്‍ലിയുടെ ആവശ്യം. ഇംഗ്ലണ്ടിലെ പിച്ചുകൾ, പേസ് ബോളർമാരുടെ മികവ് എന്നിവ വിലയിരുത്തിയാണു ഈ രണ്ടുപേരുടെ കാര്യത്തിൽ കോഹ്‍ലിയുടെ നിർദേശം.

എന്നാൽ ക്യാപ്റ്റന്റെ നിർദേശം അപ്പോൾ തന്നെ രോഹിത് ശർമ നിരാകരിച്ചു. മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുകയും ബുമ്ര കളിക്കാൻ ഫിറ്റുമാണെങ്കിൽ തങ്ങൾ ബുമ്രയെ ഫീൽഡിലിറക്കുമെന്ന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ തുറന്നടിച്ചു. ടീം കോച്ച് ശാസ്ത്രിയുടെ പിന്തുണയോടെ കോഹ്‍ലി മുന്നോട്ടുവച്ച നിർദേശത്തെ ഐപിഎൽ ടീമുകൾ പിന്താങ്ങുന്നില്ല. കളിക്കാർക്കു വിശ്രമം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ബിസിസിഐക്കുമില്ല.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബോളറാണ് ഭുവനേശ്വർ കുമാർ. കഴിഞ്ഞ തവണ ഫൈനൽ കളിച്ച ടീമാണ് ഹൈദരാബാദ്. മുംബൈ ബുമ്രയെയും ഹൈദരാബാദ് ഭുവനേശ്വറിനെയും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുംബൈ നിലനിർത്തിയ മൂന്നു കളിക്കാരിലൊരാൾ ബുമ്ര ആയിരുന്നു. ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണിലെ പ്രവർത്തനങ്ങൾക്കു നാളെ തുടക്കമാവുകയാണ്.എട്ടു ടീമുകൾക്കും തങ്ങൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ആദ്യഘട്ടത്തിൽ പുറത്തുവിടാം. ഡിംസബറോടെയാണു പുതിയ ലേല നടപടികൾ തുടങ്ങുക.

അടുത്ത വർഷം മാർച്ച് 29 മുതൽ മെയ് 19 വരെയാണ് ഐപിഎൽ മൽസരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പൊതുതിര‍ഞ്ഞെടുപ്പു സംബന്ധിച്ച അനശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഐപിഎൽ ഇന്ത്യയിൽത്തന്നെ നടക്കുമോയെന്നും ഉറപ്പില്ല. ഇന്ത്യയിൽ അനുകൂല സാഹചര്യമില്ലെങ്കിൽ ദക്ഷിണാഫ്രിക്കയിൽ മൽസരങ്ങൾ നടത്താനും നീക്കമുണ്ട് . ജൂൺ അഞ്ചിനാണു ഇംഗ്ലണ്ടിലെ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മൽസരം. അതായത് ഐപിഎൽ ഫൈനലും ഇന്ത്യയുടെ ആദ്യ മൽസരവും തമ്മിലുള്ള വ്യത്യാസം 17 ദിവസം മാത്രം.

ഒന്നര മാസത്തോളം നീളുന്ന ട്വന്റി20 മാമാങ്കം കളിക്കാരെ തളർത്തുമെന്ന വാദം ന്യായം.ഐപിഎല്ലിൽ പ്ലേ ഓഫ് വരെ എത്തിയ ടീമിന്റെ മികച്ച ബോളർക്ക് ഒരു സീസണിൽ 60–70 ഓവറുകൾ ബോൾ ചെയ്യേണ്ടതായി വരുന്നുണ്ട്. കോഹ്‍ലിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കളിക്കാർക്ക് കൂടുതൽ വിശ്രമം കിട്ടാൻ ഐപിഎൽ മൽസരം ഒരാഴ്ച മുൻപ് തുടങ്ങുമോയെന്നും വ്യക്തമല്ല.
ഐപിഎല്ലിന്റെ പ്രായോഗികതയും ഫ്രാഞ്ചൈസികൾ കളിക്കാരിൽ നിക്ഷേപിച്ച കോടികളും കൂടി കണക്കിലെടുത്താണ് താൻ രണ്ടു ബോളർമാരുടെ കാര്യം മാത്രം പറഞ്ഞതെന്ന നിലപാടിലാണ് കോഹ്‍ലി. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീൽ എന്നിവരുടെ കാര്യത്തിൽ ടീമുകൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണ് കോഹ്‍ലിയുടെ നിലപാട്.

ജസ്പ്രീത് ബുമ്ര

സീസണിൽ മികച്ച ഫോമിൽ. ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ വജ്രായുധം. കിറുകൃത്യമാർന്ന യോർക്കറുകൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈയ്ക്ക് വേണ്ടി പതിനേഴു വിക്കറ്റ് വീഴ്ത്തി.പതിനാലു കളികൾ കളിച്ചു.കോടികൾ മുടക്കി മുംബൈ രോഹിത് ശർമക്കൊപ്പം നിലനിർത്തിയ താരം.ഐപിഎല്ലിൽ ഇതുവരെ 63 വിക്കറ്റ് നേട്ടം.

ഭുവനേശ്വർ കുമാർ

ഐപിഎൽ 2017 സീസണിൽ 26 വിക്കറ്റെടുത്ത ഭുവി പോയ സീസണിൽ ഒൻപതു വിക്കറ്റെടുത്തു.2018 സീസണിൽ 12 മൽസരങ്ങൾ കളിച്ചു.ഐപിഎല്ലിൽ 102 മൽസരങ്ങൾ കളിച്ചു.120 വിക്കറ്റിനുടമ. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ശിഖർധവാനെ തഴഞ്ഞപ്പോഴും ഭുവനേശ്വറിനെ ടീമിൽ നിലനിർത്തി.