ആദ്യ ട്വന്റി20: ക്രുനാൽ, ഖലീൽ 12 അംഗ ടീമിൽ; ഉമേഷ്, അയ്യർ, പാണ്ഡെ പുറത്ത്

ബ്രിസ്ബെയ്ൻ∙ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് ട്വന്റി20 പരമ്പരയോടെ നാളെ തുടക്കമാകാനിരിക്കെ, മൽസരത്തിനു തലേന്ന് 12 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന പതിവു തുടർന്ന് ഇന്ത്യ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ ക്രുനാല് പാണ്ഡ്യ വീണ്ടും ടീമിൽ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, വാഷിങ്ടൻ സുന്ദർ, ഉമേഷ് യാദവ് എന്നിവരാണ് പുറത്തായത്.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമിൽ മറ്റു പ്രമുഖരെല്ലാം ഇടം പിടിച്ചിട്ടുണ്ട്. കോഹ്‍ലിക്കു പുറമെ രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ബാറ്റ്സ്മാൻമാരായി എത്തുന്നത്.

സ്പിന്നർമാരുടെ റോളിൽ മൂന്നുപേരെ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഇവരിലൊരാൾ അന്തിമ ഇലവനിൽനിന്ന് തഴയപ്പെടാനാണ് സാധ്യത. കൈക്കുഴ സ്പിൻ ദ്വയമായ കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പമാണ് പാർട് ടൈം സ്പിന്നറായി ക്രുനാൽ പാണ്ഡ്യയും ഇടംപിടിച്ചത്. വമ്പനടികൾക്കു ശേഷിയുള്ള ബാറ്റ്സ്മാൻ കൂടിയായതിനാൽ ക്രുനാൽ പാണ്ഡ്യ ടീമിൽ തുടരാനാണ് സാധ്യത. അങ്ങനെയെങ്കിൽ കുൽദീപോ ചാഹലോ പുറത്തിരിക്കും. ഫോം വച്ചു നോക്കിയാൽ ചാഹലിനായിരിക്കും പുറത്തിരിക്കാനുള്ള നിയോഗം.

ഉമേഷ് യാദവിനെ ഒഴിവാക്കിയതിനാൽ ജസ്പ്രീത് ബുമ്ര–ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം ഇടംകയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദ് പേസ് ബോളിങ് വിഭാഗത്തെ പ്രതിനിധീകരിക്കും.