ഈഡൻ ‘പറുദീസയാക്കി’ കേരളം; ബംഗാൾ 147 റൺസിനു പുറത്ത്, കേരളം 35/1

കേരളാ താരം ബേസിൽ തമ്പി (ഫയൽ ചിത്രം)

കൊൽക്കത്ത∙ ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ വിഖ്യാതമായ ഈ‍ഡൻ ഗാർഡൻസ് അക്ഷരാർഥത്തിൽ പറുദീസയായി മാറിയപ്പോൾ, ബംഗാളിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന് ആധിപത്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരെ 56.2 ഓവറിൽ വെറും 147 റൺസിന് ഓൾഔട്ടാക്കിയാണ് കേരളം മൽസരത്തിന്റെ ആദ്യദിനം ഡ്രൈവിങ് സീറ്റ് കയ്യടക്കിയത്. നാലു വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പി, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയർ, ഒരു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന എന്നിവരാണ് സ്വന്തം മൈതാനത്ത് ബംഗാൾ ബാറ്റിങ് നിരയെ ഛിന്നഭിന്നമാക്കിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച കേരളം ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് കേരളം. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ അരുൺ കാർത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മൂന്നു പന്തിൽ ഒരു റണ്ണെടുത്താണ് കാർത്തിക് മടങ്ങിയത്. ഓപ്പണർ ജലജ് സക്സേന (34 പന്തിൽ 14), രോഹൻ പ്രേം (35 പന്തിൽ 14) എന്നിവരാണ് ക്രീസിൽ. പിരിയാത്ത രണ്ടാം വിക്കറ്റിൽ സക്സേന–രോഹൻ സഖ്യം 34 റൺസ് നേടിയിട്ടുണ്ട്. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ ബംഗാളിനേക്കാൾ 112 റൺസ് മാത്രം പിന്നിലാണ് കേരളം. ഇന്ത്യൻ താരം മുഹമ്മദ് ഷമി, ഐപിഎല്ലിലൂടെ ശ്രദ്ധേയനായ അശോക് ഡിൻഡ തുടങ്ങിയ ബോളർമാരുമായെത്തുന്ന ബംഗാളിനെതിരെ ശ്രദ്ധപൂർവമുള്ള ബാറ്റിങ്ങിലൂടെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി വിലപ്പെട്ട പോയിന്റുകൾ പോക്കറ്റിലാക്കാനാകും രണ്ടാം ദിനം കേരളത്തിന്റെ ശ്രമം.

നേരത്തെ, കൂട്ടത്തകർച്ചയ്ക്കിടയിലും ഒരറ്റത്ത് ഉറച്ചുനിന്നു പൊരുതിയ മധ്യനിര താരം അനുസ്തൂപ് മജുംദാറാണ് ബംഗാളിനെ വൻ തകര്‍ച്ചയിൽനിന്ന് കരകയറ്റിയത്. 97 പന്തിൽനിന്ന് ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 53 റൺസെടുത്ത മജുംദാർ ഒൻപതാമനായാണ് പുറത്തായത്. മജുംദാറിനു പുറമെ ബംഗാൾ നിരയിൽ രണ്ടക്കം കടക്കാനായത് മൂന്നു പേർക്കു മാത്രം. ഓപ്പണർ അഭിഷേക് കുമാർ രാമൻ (79 പന്തിൽ 40), ക്യാപ്റ്റൻ മനോജ് തിവാരി (76 പന്തിൽ 22), ഇന്നിങ്സിൽ പിറന്ന രണ്ടു സിക്സുകളിൽ ഒരെണ്ണം സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ വിവേക് സിങ് (24 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. കൗശിക് ഘോഷ് (12 പന്തിൽ പൂജ്യം), സുദീപ് ചാറ്റർജി (മൂന്നു പന്തിൽ പൂജ്യം), വൃട്ടിക് ചാറ്റർജി (18 പന്തിൽ ഒന്ന്), മുഹമ്മദ് ഷമി (പൂജ്യം), അശോക് ഡിൻഡ (പൂജ്യം), മുകേഷ് കുമാർ (ഒൻപത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇഷാൻ പൊറെൽ (പൂജ്യം) പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ, ഭേദപ്പെട്ട കൂട്ടുകെട്ടുകളൊന്നും കെട്ടിപ്പടുക്കാനാകാതെ കേരള ബോളർമാർക്കു മുന്നിൽ തകർന്നടിയുകയായിരുന്നു.മൂന്നാം വിക്കറ്റിൽ മനോജ് തിവാരി–അഭിഷേക് കുമാർ സഖ്യം കൂട്ടിച്ചേർത്ത 46 റൺസാണ് ബംഗാൾ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്.

ഇന്ത്യൻ പേസർ ഷമി കേരളത്തിനെതിരെ കളിക്കുന്നുണ്ടെങ്കിലും ഒരു ഇന്നിങ്സിൽ 15 ഓവർ വീതം മാത്രം എറിയാനാണു ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് മതിയായ വിശ്രമം ഉറപ്പാക്കുകയാണ് ലക്ഷ്യം. രണ്ടു കളികളിൽ നിന്ന് 7 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളിൽ മൂന്നാം സ്ഥാനത്താണു കേരളം. 9 പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് മുന്നിൽ. 6 പോയിന്റുമായി ബംഗാൾ നാലാം സ്ഥാനത്ത്.