ഇന്ത്യ വഴക്കിനു തുടക്കമിടില്ല, പ്രകോപിപ്പിച്ചാൽ നോക്കിനിൽക്കുകയുമില്ല: കോഹ്‍ലി

ബ്രിസ്ബെയ്ൻ∙ മൈതാനത്ത് വാഗ്വാദങ്ങൾക്കും വഴക്കുകൾക്കും തുടക്കമിടുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അതേസമയം, ഇങ്ങോട്ട് പ്രകോപനവുമായി വന്നാൽ നോക്കിയിരിക്കില്ലെന്നും കോഹ്‍ലി മുന്നറിയിപ്പു നൽകി. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകവെയാണ് ഓസീസ് താരങ്ങൾക്കു മുന്നറിയിപ്പുമായി കോഹ്‍ലിയുടെ രംഗപ്രവേശം.

‘ആക്രമണോത്സുകത എന്നത് മൈതാനത്തെ സാഹചര്യം അനുസരിച്ചിരിക്കും. എതിരാളികൾ പ്രകോപിപ്പിച്ചാൽ നമ്മൾ തിരിച്ചടിക്കും. ഇന്ത്യൻ താരങ്ങൾ ഒരിക്കലും വഴക്കിന് തുടക്കമിടാറില്ല. പക്ഷേ, എതിരാളികൾ പരിധി കടക്കുന്നുവെന്നു തോന്നിയാൽ ശക്തമായി പ്രതികരിക്കുകയും ചെയ്യും. അത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്’ – കോഹ്‍ലി പറഞ്ഞു.

‘മൽസരത്തിനിടെ ഓരോ സാഹചര്യങ്ങളും നമ്മെ എങ്ങനെ സ്വാധീനിക്കുന്നു, ഓരോ വിക്കറ്റിനും നമ്മൾ എത്ര വിലകൽപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ആക്രമണോത്സുകതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ബോളർമാരുടെ ശരീരഭാഷയിൽത്തന്നെ ആക്രമണോത്സുകതയുണ്ട്. ബാറ്റ്സ്മാൻമാർക്കും ഒരു വാക്കുപോലും ഉച്ചരിക്കാതെ ആക്രമണോത്സുകരാകാൻ കഴിയും’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

‘എന്നെ സംബന്ധിച്ച് ജയിക്കാനായി കളിക്കുന്നതും ആക്രമണോത്സുകത സമ്മാനിക്കുന്ന കാര്യമാണ്. ഓരോ പന്തിലും ടീമിനു ജയിക്കാനുള്ള സംഭാവന നൽകണമെന്ന ചിന്തയും ഈ മനോഭാവം വളർത്തും. ഏതു വിധേനയും കളി ജയിക്കുക, അതിനായി നമ്മുടെ 120 ശതമാനവും നൽകുക എന്നതൊക്കെയാണ് എന്നെ സംബന്ധിച്ച് ആക്രമണോത്സുകനായിരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഫീൽഡ് ചെയ്യുമ്പോഴായാലും ബാറ്റു ചെയ്യുമ്പോഴോ വിക്കറ്റുകൾക്കിടയിലൂടെ ഓടുമ്പോഴോ ആയാലും പുറത്തിരുന്ന് മറ്റൊരു താരത്തിനായി കയ്യടിക്കുമ്പോഴായാൽപ്പോലും എന്റെ സ്വഭാവത്തിലേക്ക് ഈ രീതി കടന്നുവരും’ – കോഹ്‍ലി പറഞ്ഞു.