ഓസീസിനെ വീഴ്ത്താൻ ‘ഗോൾഡൻ ചാൻസ്’; ആദ്യ ട്വന്റി20 ഇന്ന് ഉച്ചമുതൽ

ട്വന്റി20 പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും.

ബ്രിസ്ബേൻ ∙ ‘വീണപൂവും’ പാടി നടക്കുകയാണ് ഓസ്ട്രേലിയക്കാർ. ലോക ക്രിക്കറ്റിൽ എങ്ങനെ വാണിരുന്ന ടീമായിരുന്നു; പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ അമ്പേ വീണു! ഈ മാസം ദക്ഷിണാഫ്രിക്ക വന്നിട്ട് ഏകദിനത്തിലും ട്വന്റിയിലും തോൽപ്പിച്ചിട്ടു പോയി. ഇനി ഇന്ത്യയാണ്. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീം. കോഹ്‌ലിക്കും ടീമിനുമെതിരെ സ്ലെഡ്ജിങ്ങെല്ലാം നിർത്തി നല്ലവരായി കളിക്കുന്നതായിരിക്കും നല്ലത് എന്നാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി വരെ ഓസീസുകാരെ ഉപദേശിച്ചത്. എല്ലാം കൂടി കണ്ടും കേട്ടും ടീം ഇന്ത്യയ്ക്ക് അഹങ്കാരം തലയ്ക്കു പിടിക്കാതിരുന്നാൽ മതി; ഓസീസ് മണ്ണിൽ ഒരു പരമ്പരയിങ്ങു പോരും.

ഇന്ത്യ ഉറ്റു നോക്കുന്നത് ടെസ്റ്റ് പരമ്പരയിലേക്കാണ്. അതിനു മുൻപുള്ള റിഹേഴ്സലാകുന്നു മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പര. അതിനു ശേഷം നാലു ടെസ്റ്റുകളും കഴിഞ്ഞിട്ടാണ് മൂന്നു ഏകദിനങ്ങൾ. ആദ്യ ട്വന്റി20ക്കുള്ള 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി തിരിച്ചെത്തിയതോടെ മനീഷ് പാണ്ഡെ ടീമിനു പുറത്തായി. ഗാബ പിച്ച് പേസിനെ പിന്തുണയ്ക്കുന്നതായതിനാൽ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹ്മദ് എന്നിവർ ടീമിലുണ്ട്. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ.

കഴിഞ്ഞ ഏഴ് ട്വന്റി20 പരമ്പരകളും ജയിച്ച ആത്മവിശ്വാസം ടീം ഇന്ത്യയ്ക്ക് കൂട്ടുണ്ട്. ഓസ്ട്രേലിയയിൽ ഇതിനു മുൻപു വന്നപ്പോൾ 3–0നായിരുന്നു ഇന്ത്യയുടെ ജയം. ഓസ്ട്രേലിയയുടെ കാര്യം നേരെ തിരിച്ച്. സ്മിത്തും വാർണറും ബാൻക്രോഫ്റ്റും വിലക്കിലായതിനു ശേഷം ഒരു ട്വന്റി20 പരമ്പര പോലും അവർ ജയിച്ചിട്ടില്ല.

ഇന്ത്യൻ ടീം: കോഹ്‌ലി, ധവാൻ, രോഹിത് ശർമ, രാഹുൽ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, യുസ്‌വേന്ദ്ര ചാഹൽ.

∙ അടിച്ചാൽ തിരിച്ചടിക്കുമെന്ന് കോഹ്‍ലി

മൈതാനത്ത് വാഗ്വാദങ്ങൾക്കും വഴക്കുകൾക്കും തുടക്കമിടുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി വ്യക്തമാക്കി. അതേസമയം, ഇങ്ങോട്ട് പ്രകോപനവുമായി വന്നാൽ നോക്കിയിരിക്കില്ലെന്നും കോഹ്‍ലി മുന്നറിയിപ്പു നൽകി. ഓസീസിനെതിരായ പരമ്പരയ്ക്ക് ഇന്നു തുടക്കമാകവെയാണ് ഓസീസ് താരങ്ങൾക്കു മുന്നറിയിപ്പുമായി കോഹ്‍ലിയുടെ രംഗപ്രവേശം.

‘ആക്രമണോത്സുകത എന്നത് മൈതാനത്തെ സാഹചര്യം അനുസരിച്ചിരിക്കും. എതിരാളികൾ പ്രകോപിപ്പിച്ചാൽ നമ്മൾ തിരിച്ചടിക്കും. ഇന്ത്യൻ താരങ്ങൾ ഒരിക്കലും വഴക്കിന് തുടക്കമിടാറില്ല. പക്ഷേ, എതിരാളികൾ പരിധി കടക്കുന്നുവെന്നു തോന്നിയാൽ ശക്തമായി പ്രതികരിക്കുകയും ചെയ്യും. അത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്’ – കോഹ്‍ലി പറഞ്ഞു.

‘മൽസരത്തിനിടെ ഓരോ സാഹചര്യങ്ങളും നമ്മെ എങ്ങനെ സ്വാധീനിക്കുന്നു, ഓരോ വിക്കറ്റിനും നമ്മൾ എത്ര വിലകൽപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ആക്രമണോത്സുകതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ബോളർമാരുടെ ശരീരഭാഷയിൽത്തന്നെ ആക്രമണോത്സുകതയുണ്ട്. ബാറ്റ്സ്മാൻമാർക്കും ഒരു വാക്കുപോലും ഉച്ചരിക്കാതെ ആക്രമണോത്സുകരാകാൻ കഴിയും’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

‘എന്നെ സംബന്ധിച്ച് ജയിക്കാനായി കളിക്കുന്നതും ആക്രമണോത്സുകത സമ്മാനിക്കുന്ന കാര്യമാണ്. ഓരോ പന്തിലും ടീമിനു ജയിക്കാനുള്ള സംഭാവന നൽകണമെന്ന ചിന്തയും ഈ മനോഭാവം വളർത്തും. ഏതു വിധേനയും കളി ജയിക്കുക, അതിനായി നമ്മുടെ 120 ശതമാനവും നൽകുക എന്നതൊക്കെയാണ് എന്നെ സംബന്ധിച്ച് ആക്രമണോത്സുകനായിരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഫീൽഡ് ചെയ്യുമ്പോഴായാലും ബാറ്റു ചെയ്യുമ്പോഴോ വിക്കറ്റുകൾക്കിടയിലൂടെ ഓടുമ്പോഴോ ആയാലും പുറത്തിരുന്ന് മറ്റൊരു താരത്തിനായി കയ്യടിക്കുമ്പോഴായാൽപ്പോലും എന്റെ സ്വഭാവത്തിലേക്ക് ഈ രീതി കടന്നുവരും’ – കോഹ്‍ലി പറഞ്ഞു.

∙ ആരോൺ ഫിഞ്ച് (ഓസ്ട്രേലിയൻ ക്യാപ്റ്റൻ)

‘‘ ട്വന്റി20യാണ് ഇന്ത്യയെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് ഏറ്റവും ഉചിതമായ ഫോർമാറ്റ്. മൽസരഫലം തന്നെ മാറ്റി മറിക്കാൻ മികവുള്ളവർ ടീമിലുണ്ട്. ട്വന്റി20യിൽ ഈ പരമ്പര തുടങ്ങുന്നത് നന്നായി..’’