കടുവയെ പിടിച്ച കേരളം കിടുവാ !

ബംഗാൾ ക്യാപ്റ്റൻ മനോജ് തിവാരിയെ പുറത്താക്കിയപ്പോൾ കേരളത്തിന്റെ സന്ദീപ് വാരിയരുടെ ആഹ്ലാദം.

കൊൽക്കത്ത∙ ബംഗാൾ കടുവയുടെ മടയിൽപ്പോയി അവരെ വീഴ്ത്തി കേരളത്തിന്റെ രഞ്ജി ടീം ചരിത്രം കുറിച്ചു. ശക്തരായ ബംഗാളിനെതിരെ രഞ്ജി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി നടന്ന നേർക്കുനേർ പോരാട്ടത്തിൽ ഒരു ദിവസം ബാക്കി നിർത്തി കേരളത്തിന് 9 വിക്കറ്റ് വിജയം. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റിനൊപ്പം നഷ്ടമായ ഒരു ബോണസ് പോയിന്റിനെയോർത്തു മാത്രം സങ്കടപ്പെടാം. ആന്ധ്രയ്ക്കെതിരെയും രണ്ടാം ഇന്നിങ്സിൽ 10 വിക്കറ്റ് വിജയം നേടാനാവാതെ ഒരു ബോണസ് പോയിന്റ് കേരളത്തിനു നഷ്ടമായിരുന്നു. (കേരളത്തിന്റെ വിജയ വാർത്ത ഇംഗ്ലിഷിൽ വായിക്കാം

ആദ്യ ഇന്നിങ്സിൽ 143 റൺസുമായി കേരള ഇന്നിങ്സിനെ ജലജ് സക്സേന കെട്ടിപ്പടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ 33 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയരാണ് ഹീറോ. മുൻനിരയിലെ നാലു പേരുടെ വിക്കറ്റടക്കം സന്ദീപ് സ്വന്തമാക്കിയപ്പോൾ ബംഗാളിന്റെ ഇന്നിങ്സ് 56.5 ഓവറിൽ 184 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യമായ 41 റൺസ് 11 ഓവറിൽ കേരളം സ്വന്തമാക്കി. ജലജ് സക്സേനയുടെ (26) വിക്കറ്റാണു കേരളത്തിനു നഷ്ടമായത്. 2014നു ശേഷം ഈഡൻ ഗാർഡൻസിൽ ബംഗാളിന്റെ ആദ്യതോൽവിയാണ്. അന്ന് കർണാടകയ്ക്കെതിരെയും ഒൻപതു വിക്കറ്റിനായിരുന്നു ബംഗാളിന്റെ തേൽവി. സക്സേനയാണു മാൻ ഓഫ് ദ് മാച്ച്.

സ്കോർ: കേരളം 291, ഒരു വിക്കറ്റിന് 44.

ബംഗാൾ 147, 184

ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമംഗമായ മുഹമ്മദ് ഷമിയുടെ സാന്നിധ്യം നൽകിയ ആത്മവിശ്വാസത്തിൽ പച്ചപ്പുള്ള വിക്കറ്റൊരുക്കിയ ബംഗാളിന്റെ തന്ത്രം തിരിച്ചടിച്ചു. ബംഗാളിനെ ആദ്യ ഇന്നിങ്സിൽ എറിഞ്ഞിട്ട കേരളം പിന്നീട് ബാറ്റിങ്ങിൽ കരുതലും ലക്ഷ്യബോധവും കാണിച്ചപ്പോൾ നിർണായക ലീഡ് സ്വന്തമായി. നേരത്തെ രാമൻ – സുദീപ് ചാറ്റർജി സഖ്യം പൊളിച്ച് സന്ദീപ് വാരിയറാണു കേരളത്തിനു വിജയത്തിലേക്കുള്ള വഴി തുറന്നത്. പിന്നീടെത്തിയ ക്യാപ്റ്റൻ മനോജ് തിവാരിയും ചാറ്റർജിയും ചേർന്നു മൂന്നാം വിക്കറ്റിൽ 69 റൺസെടുത്തു. മനോജ് തിവാരിയെ പുറത്താക്കി സന്ദീപ് ആ ചെറുത്തുനിൽപ്പും അവസാനിപ്പിച്ചു.

കേരളം അടുത്ത മൽസരത്തിൽ മധ്യപ്രദേശിനെ നേരിടും. ഈ തോൽവിയോടെ, യോഗ്യത നേടാമെന്നുള്ള ബംഗാളിന്റെ പ്രതീക്ഷകൾക്കു മങ്ങലേറ്റു. ഇനി മൂന്നു മൽസരങ്ങളും എതിരാളികളുടെ നാട്ടിലാണ്. 28ന് തമിഴ്നാടിനെതിരെ ആദ്യ മൽസരം. പിന്നീട് ഡൽഹി, പഞ്ചാബ് ടീമുകൾക്കെതിരെ.

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പിനു കണക്കുകൾ തെളിവ്. കഴിഞ്ഞ 10 മൽസരങ്ങളിൽ 7 ജയം, രണ്ടു തോൽവി, ഒരു സമനില. ജാർഖണ്ഡ്, രാജസ്ഥാൻ, ജമ്മു കശ്മീർ, സൗരാഷ്ട്ര, ഹരിയാന, ആന്ധ്ര, ബംഗാൾ എന്നിവയ്ക്കെതിരെ ജയിച്ചപ്പോൾ തോറ്റതു ഗുജറാത്തിനോടും വിദർഭയോടും മാത്രം. മഴ മൂലം ഹൈദരാബാദിനോടു സമനില സമ്മതിക്കേണ്ടിവന്നു. 10 കളികളിൽ അഞ്ചെണ്ണത്തിലും ജലജ് സക്സേനയായിരുന്നു മാൻ ഓഫ് ദ് മാച്ച്. രണ്ടുകളികളിൽ സഞ്ജു സാംസണും ഒരെണ്ണത്തിൽ വി.എ.ജഗദീഷും കളിയിലെ താരങ്ങളായി.

കേരളത്തിന് ഈ വിജയത്തോടെ 6 പോയിന്റ് ലഭിച്ചു. മൊത്തം 13 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. ബംഗാളിന് 6 പോയിന്റ് മാത്രം.